ശ്രുതി ഹാസന്‍ ഹോളിവുഡില്‍; നിഗൂഡതകള്‍ ഒളിപ്പിച്ച് ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ദി ഐ'
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ശ്രുതി ഹാസന്‍. കമല്‍ ഹാസന്റെ മകള്‍ എന്ന ലേബലിനപ്പുറം കഴിവു തെളിയിച്ച് വളര്‍ന്നു വന്ന താരമാണ് ശ്രുതി. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച ശ്രുതി കഠിനാധ്വാനത്തിലൂടെയാണ് സിനിമാ ലോകത്ത് തന്റെ സ്ഥാനം നിലനിര്‍ത്തുന്നത്. താരപുത്രി എന്ന മേല്‍വിലാസം ചെറുപ്പത്തില്‍ തനിക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗായികയും മോഡലും കൂടിയായ ശ്രുതി ബോളിവുഡിലും സാന്നിധ്യം അറിയിച്ചെങ്കിലും അവിടെ വിജയിക്കാന്‍ സാധിച്ചില്ല.
എന്നാലിപ്പോള്‍ ഇന്ത്യ കടന്ന് ഹോളിവുഡില്‍ ശ്രുതി ശ്രദ്ധേയമായ സാന്നിധ്യമായി മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലറായ 'ദി ഐ'യിലൂടെയാണ് അന്താരാഷ്ട്ര സിനിമയില്‍ ശ്രുതി ഹാസന്‍ തന്റെ കഴിവ് തെൡിക്കാന്‍ ഒരുങ്ങുന്നത്. ശ്രുതി ഹാസനും മാര്‍ക്ക് റൗളിയുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഡാഫ്നെ ഷ്‌മോണ്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മുംബൈയില്‍ ആരംഭിച്ച വെഞ്ച് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എമിലി കാള്‍ട്ടനാണ്. ഏഥന്‍സിലും കോര്‍ഫുവിലുമാണ് ചിത്രം ചിത്രീകരിച്ചത്. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.
ഡയാന എന്ന കഥാപാത്രമായാണ് ശ്രുതി അഭിനയിക്കുന്നത്. ഡയാനയുടെ ഭര്‍ത്താവ് ഫെലിക്‌സ് ഒരു ദ്വീപില്‍ മുങ്ങിമരിക്കുന്നു. ഡയാനയുടെ കണ്‍മുന്നിലാണ് ഭര്‍ത്താവിന്റെ മരണം സംഭവിക്കുന്നത്. ഇതേതുടര്‍ന്ന് ഡയാനയുടെ ജീവിതത്തില്‍ സംഭവിക്കുന്ന നിഗൂഡമായ കാര്യങ്ങളാണ് ചിത്രത്തിന്റെ കാതല്‍. ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് പുറത്തുവരാനായി ഡയാന 'ഈവിള്‍ ഐ' യുടെ ഭാഗമാകുന്നു. ഇതിലൂടെ മരിച്ചു പോയ ഭര്‍ത്താവിനെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് ഡയാനയെ ഒരു സംഘം വിശ്വസിപ്പിക്കുകയും പിന്നീട് നടക്കുന്ന വിചിത്രമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സസ്പെന്‍സ് നിറഞ്ഞ അവതരണമാണ് ചിത്രത്തിന്റെ പ്രത്യേകത.
രജനികാന്ത് നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലും ശ്രുതി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.












Click it and Unblock the Notifications