'ശ്രേയ ഘോഷാലിനായി സുജാതയുടെ ദേശീയ അവാര്‍ഡ് അട്ടിമറിച്ചു; മോഹന്‍ലാലിനെതിരേയും നീക്കം': സിബി മലയില്‍
പന്ത്രണ്ട് വയസ്സുള്ളപ്പോൾ മലയാള സിനിമയിൽ പാടി തുടങ്ങിയ കലാകാരിയാണ് സുജാത മോഹന്‍. ജന്മനാ സംഗീത വാസന ഉണ്ടായിരുന്ന സുജാത എട്ടാം വയസ്സിൽ കലാഭവനിൽ ചേർന്നതോടെ തന്നെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങക്ക് ശബ്ദം നല്‍കിയത സുജാതയായിരുന്നു.
1975-ൽ "ടൂറിസ്റ്റ് ബംഗ്ലാവ്" എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. വർഷങ്ങള്‍ ഏറെ കഴിഞ്ഞ് 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങൾ കൂടുതലായി ലഭിച്ചു തുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്ക് സുജാത ഉയർന്നു. 1976 മുതല്‍ തന്നെ തമിഴിലും സുജാതയ്ക്ക് അവസരം ലഭിച്ചിരുന്നു. 1992 ല്‍ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിലെ "പുതുവെള്ളൈ മഴൈ..." എന്ന ഗാനം സുജാതയുടെ പ്രശസ്തി വാനോളം ഉയർത്തി.

മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്റെയും തമിഴ്നാട് സർക്കാറിന്റേയും പുരസ്കാരം മൂന്ന് തവണ വീതം നേടിയിട്ടുള്ള വ്യക്തിയാണ് സുജാത. എന്നാല്‍ ഇതുവരെ ഒരു ദേശീയ അവാർഡ് തേടിയെത്താത്ത കലാകാരി കൂടിയാണ് അവർ. ഇപ്പോഴിതാ സുജാതയ്ക്ക് അർഹിച്ച ഒരു ദേശീയ അവാർഡ് തട്ടിമാറ്റപ്പെട്ടതിനെക്കുറിച്ച് സംവിധായകന്‍ സിബി മലയില്‍ നടത്തിയ തുറന്ന് പറച്ചില്‍ ശ്രദ്ധേയമായി മാറുകയാണ്.
പിടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത പരദേശി എന്ന ചിത്രത്തിലെ 'തട്ടം പിടിച്ചു വലിക്കല്ലേ...' എന്ന ഗാനത്തിന് ഗായിക സുജാതയ്ക്ക് ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ ആ തീരുമാനം അട്ടിമറിക്കുകയായിരുന്നുവെന്നാണ് സിബി മലയില്‍ തുറന്ന് പറയുന്നത്. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച 'പി ടി കലയും കാലവും' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതുകയം ചെയ്തു.
എന്നാൽ, അതിന് ശേഷം ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു. സുജാതയ്ക്കാണ് എന്ന് പറഞ്ഞപ്പോള്‍ 'ജബ് വി മെറ്റി'ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അദ്ദേഹം തന്നെ മുൻകൈയെടുത്ത് വീഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് സുജാതയുടെ അവാർഡ് തിരുത്തിക്കുകയായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.
അതേവർഷം തന്നെ മോഹൻലാലിന് പകരം ഷാരൂഖ് ഖാന് മികച്ചനടന് അവാർഡ് കൊടുത്തൂടെയെന്നും ചെയർമാന്‍ ചോദിച്ചിരുന്നു. ഷാരൂഖ് ഖാനാണ് അവാർഡെങ്കില്‍ അവാർഡ്ദാന പരിപാടി കൊഴുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയ കാര്യമാണ്. ജൂറിക്ക് രഹസ്യസ്വഭാവം ഉണ്ടെങ്കിലും വർഷങ്ങള്‍ കുറേ കഴിഞ്ഞതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേത്തു.












Click it and Unblock the Notifications