പിഞ്ചു സഹോദരങ്ങള്‍ രണ്ടു വര്‍ഷത്തെ ഇടവേളയില്‍ ഒരേ കാരണത്താല്‍ മരിച്ചു; പിതാവിന്റെ പരാതിയില്‍ അന്വേഷണം
കോഴിക്കോട്: പിഞ്ചു സഹോദരങ്ങള്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരേ രീതിയില്‍ മരിച്ചതിന്റെ ആഘാതത്തിലാണ് കോഴിക്കോട് പൊക്കുന്ന് നിവാസികള്‍. മൂത്ത സഹോദരന്‍ തൊണ്ടയില്‍ മുലപ്പാല്‍ കുരുങ്ങി മരിച്ചതിന് രണ്ട് വര്‍ഷത്തിനു ശേഷം ഇളയ കുഞ്ഞ് തൊണ്ടയില്‍ അടപ്പ് കുരുങ്ങി മരണപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് ഇന്നലെ രാത്രി അസ്വാഭാവികമായി മരിച്ചത്. കുഞ്ഞിന് എട്ടുമാസം മാത്രമായിരുന്നു പ്രായം.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ട കുഞ്ഞിനെ വീട്ടുകാര്‍ ആദ്യം കോട്ടപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പ് നിസാറിന്റെ മൂത്ത മകനും സമാനമായ രീതിയില്‍ മരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ കുഞ്ഞുങ്ങളുടെ അമ്മയ്ക്കും മാതാപിതാക്കള്‍ക്കുമെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നിസാറാണ് രണ്ട് കുട്ടികളുടെയും മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. രണ്ടു കുഞ്ഞുങ്ങളും ഭാര്യ വീട്ടില്‍ വച്ചാണ് മരിച്ചത്. 14 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് മൂത്ത കുഞ്ഞ് മരിച്ചത്. അന്ന് തൊണ്ടയില്‍ മുലപ്പാല്‍ കുരുങ്ങി മരിച്ചെന്നാണ് ഭാര്യ വീട്ടുകാര്‍ പറഞ്ഞത്. രണ്ടു കുഞ്ഞുങ്ങളും ഒരേ രീതിയില്‍ മരിച്ചതോടെയാണ് സംശയം തോന്നിയ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.
കുഞ്ഞിന് അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭാര്യ വീട്ടുകാര്‍ തയാറായിരുന്നില്ലെന്ന് നിസാര്‍ ആരോപിക്കുന്നു. നേരത്തെ ഇളയ കുഞ്ഞ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പിതാവ് ആരോപിക്കുന്നു. അന്നും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത് ഭാര്യ വീട്ടുകാര്‍ വൈകിപ്പിച്ചതായും നിസാര്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.












Click it and Unblock the Notifications