അമ്മയില്‍ മത്സരം: സിദ്ധീഖിനെ പൂട്ടാന്‍ രണ്ടു പേർ, നേരത്തെ തീരുമാനിച്ചു; ബാബു രാജിനെതിരേയും നീക്കം
കൊച്ചി: മലയാള സിനിമ ലോകത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ വീണ്ടും പ്രധാനപ്പെട്ട പദവികളിലേക്ക് മത്സരത്തിന് കളം ഒരുങ്ങുന്നു. മോഹന്‍ലാല്‍ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമില്ല. എന്നാല്‍ ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്കെല്ലാം തിരഞ്ഞെടുപ്പുണ്ട്. ഇത്തവണ പദവി ഒഴിയണമെന്ന നിലപാടിലായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഒഴിയുകയാണെങ്കില്‍ ഔദ്യോഗിക പക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടുവെച്ചത് സിദ്ധീഖിനെയായിരുന്നു.
സിദ്ധീഖ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന സൂചന ഉണ്ടായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും അനൂപ് ചന്ദ്രനും ജയൻ ചേർത്തലയും പത്രിക നൽകി. എന്നാല്‍ അധ്യക്ഷ പദവിയില്‍ തുടരാന്‍ കടുത്ത സമ്മർദ്ദം ഉണ്ടായതോടെ മോഹന്‍ലാല്‍ അതിന് വഴങ്ങുകയായിരുന്നു. മോഹന്‍ലാല്‍ അധ്യക്ഷനായി തുടരും എന്നായതോടെ മറ്റുള്ളവർ എല്ലാവരും പിന്മാറി.

പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ തന്നെ ഉറപ്പിച്ചതോടെ ഇടവേള ബാബു ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷം സിദ്ധീഖിനെ നിർദേശിച്ചു. ഇവിടേയും സിദ്ധീഖിനെ ലക്ഷ്യമിട്ടുകൊണ്ട് ആളുകളുണ്ടായിരുന്നു. ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവും ഉണ്ണി ശിവപാലുമാണ് സിദ്ധീഖിനെതിരെ മത്സരിക്കാന്‍ പത്രിക നൽകിയത്.
സിദ്ധീഖ് പ്രധാനപ്പെട്ട സ്ഥാനത്തേക്ക് വരുന്നത് തടയാനായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കൂടിയാലോചനകള്‍ നടന്നുവെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. സിദ്ദിഖ് ഏത് സ്ഥാനത്തേക്ക് വരുന്നുവോ അവിടെ മത്സരിക്കുക എന്നതായിരുന്നു എതിർ വിഭാഗത്തിന്റെ പൊതുവായ തീരുമാനം.
സംഘടനയിലെ സ്ത്രീകളുടേയും ചില പ്രധാന നടന്മാരുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സിദ്ധീഖിന് എതിരായി നില്‍ക്കുന്നുവർ ഉറപ്പിക്കുന്നു. സംഘടനയുടെ ഭാരവാഹിത്വം കൈകാര്യം ചെയ്യുന്നതില്‍ ഒരു മാറ്റം എന്നതാണ് ഇവർ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. സിദ്ധീഖിനെതിരെ മാത്രമല്ല, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാബു രാജിനെതിരേയും മത്സരമുണ്ട്.
അനൂപ് ചന്ദ്രനാണ് ബാബു രാജിനെതിരെ മത്സരിക്കുന്നത്. ചില ഇടത് സംഘടനകളുമായി അടുപ്പമുള്ള വ്യക്തി കൂടിയാണ് അനൂപ് ചന്ദ്രന്‍. ഈ സാഹചര്യത്തില്‍ ഇടത് സംഘടനകളിലെ ചിലനേതാക്കൾ പുറത്തുനിന്നുകൊണ്ട് ഇവർക്ക് പിന്തുണനൽകുകയും ചെയ്യുന്നുണ്ടെന്നും സിനിമാമേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു.
ഡബ്ല്യു സി സി അംഗങ്ങളില്‍ പത്മപ്രിയയും രേവതിയും മാത്രമാണ് ഇപ്പോള്‍ സംഘടനയില്‍ തുടരുന്നത്. പാർവതിയും റിമ കല്ലിങ്കലുമുൾപ്പെടെയുള്ളവർ സംഘടനയ്ക്ക് പുറത്താണ്. എങ്കിലും ഡബ്ല്യു സി സി യുടെ നിലപാടും തിരഞ്ഞെടുപ്പിൽ നിർണായകമാകും. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പരസ്യ നിലപാട് സ്വീകരിക്കാന്‍ ഇവർ തയ്യാറാകുമോയെന്ന് വ്യക്തമല്ല.
മത്സരമുണ്ടായാലും വിജയിച്ച് കയാറം എന്ന് തന്നെയാണ് സിദ്ധീഖിന്റെ പ്രതീക്ഷ. നിർമാതാക്കളുടെ സംഘടനയുടെയും ഫെഫ്കയുടെയും പിന്തുണ. അദ്ദേഹത്തിനുണ്ട്. കൂടാതെ മുന്‍നിര താരങ്ങളുമായെല്ലാം വളരെ അടുത്ത വ്യക്തി ബന്ധം കാത്ത് സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് സിദ്ധീഖ്. സംഘടനയുടെ 30 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം












Click it and Unblock the Notifications