ജ്യോത്സനയും അഫ്‌സലും നേതൃനിരയിലേക്ക്, പ്രസിഡന്റിന് മാറ്റമില്ല; ഗായക സംഘടനക്ക് പുതിയ ഭരണസമിതി
കൊച്ചി: മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനായ സമം (സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ്) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇന്നലെ കൊച്ചിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ആണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്തേക്ക് നിലവിലുള്ളവര്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. കെ എസ് സുദീപ് കുമാറാണ് സമം പ്രസിഡന്റ്.
ജനറല്‍ സെക്രട്ടറിയായി രവിശങ്കറും ട്രഷററായി അനൂപ് ശങ്കറും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് മൂവരും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്തേക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്നത്. സംഘടനയുടെ തുടക്കം മുതല്‍ ഇവരാണ് നേതൃസ്ഥാനത്ത്. അതേസമയം ഭരണസമിതിയില്‍ മാറ്റം വന്നിട്ടുണ്ട്. വിജയ് യേശുദാസും അഫ്‌സലുമാണ് പുതിയ ഭരണസമിതിയിലെ വൈസ് പ്രസിഡന്റുമാര്‍.

ജ്യോത്സന, നിഷാദ് എന്നിവര്‍ ജോയന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സിതാര മീഡിയ സെക്രട്ടറിയായും രാജലക്ഷ്മി ജോയന്റ് ട്രഷറര്‍ ആയും ഭരണസമിതിയില്‍ ഉണ്ടാകും. ഇത് കൂടാതെ ഭരണസമിതി അംഗങ്ങളായി 11 പേരെയും തിരഞ്ഞെടുത്തു. കല്ലറ ഗോപന്‍, ശ്രീറാം, ഗണേഷ് സുന്ദരം, മഞ്ജു മേനോന്‍, ദേവാനന്ദ്, അന്‍വര്‍ സാദത്ത്, സംഗീത ശ്രീകാന്ത്, രാകേഷ് ബ്രഹ്‌മാനന്ദന്‍, ഉദയ് രാമചന്ദ്രന്‍, സന്നിധാനന്ദന്‍, സിന്ധു പ്രേംകുമാര്‍ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.
2018 ഫെബ്രുവരി അഞ്ചിനാണ് മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനായ സമം രൂപീകരിച്ചത്. ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്. പുറത്തിറങ്ങിയ അഞ്ച് സിനിമകളിലെങ്കിലും പാടിയിട്ടുള്ളവര്‍ക്കാണ് സംഘടനയില്‍ അംഗത്വം നല്‍കി വരുന്നത്. മുതിര്‍ന്ന ഗായകരുടെ നേതൃത്വത്തില്‍ രക്ഷാകര്‍തൃ സമിതി, പുതുതലമുറ ഗായകര്‍ നയിക്കുന്ന വര്‍ക്കിംഗ് കമ്മിറ്റി എന്നതാണ് സംഘടനയുടെ രൂപം.
യേശുദാസാണ് രക്ഷാകര്‍തൃ സമിതിയുടെ ചെയര്‍മാന്‍. പി.ജയചന്ദ്രന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ്, കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍ എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍. അഡൈ്വസറി ബോര്‍ഡില്‍ ഉണ്ണി മേനോന്‍, സുജാത, ശ്രീനിവാസ്, ജി വേണുഗോപാല്‍, കെജി മാര്‍ക്കോസ്, ലതിക, ബിജു നാരായണന്‍, കാവാലം ഗോപകുമാര്‍, കൃഷ്ണ ചന്ദ്രന്‍ തുടങ്ങിയവരാണ് ഉള്ളത്.
അവശഗായകരുടെ ക്ഷേമം മാത്രം മുന്നില്‍ക്കണ്ടാണ് സമം രൂപീകൃതമാകുന്നത്. സംഘടനയുടെ നേതൃത്വത്തില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിച്ച് അതില്‍നിന്നുള്ള വരുമാനം അവശ ഗായകരുടെ ക്ഷേമങ്ങള്‍ക്കായി മാറ്റി വെക്കുകയാണ് സമം ചെയ്യുന്നത്. എല്ലാവരും ഒരുപോലെ എന്ന അര്‍ഥത്തിലാണ് സംഘടനക്ക് സമം എന്നു പേര് നല്‍കിയത്.












Click it and Unblock the Notifications