'കറുത്ത തുട,പാട്ടിനൊപ്പം കാബറ,നാണമില്ലാത്ത സ്ത്രീ'; അധിക്ഷേപങ്ങൾക്ക് സയനോരയുടെ മറുപടി
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് ചുട്ടഭാഷയിൽ മറുപടി നൽകി ഗായിക സയനോര ഫിലിപ്പ്. തന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ ഗായിക ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലർ അധിക്ഷേപ കമന്റുമായി എത്തിയത്.
ദുബായിൽ വെച്ചായിരുന്നു സംഗീത പരിപാടി. പുത്തൻ ലുക്കും വേറിട്ട വസ്ത്രവുമാണ് പരിപാടിയ്ക്കായി സയനോര തിരഞ്ഞെടുത്തത്. ബോഡിഫിറ്റ് മിനി ഫ്രോക്കും അതിനൊപ്പം ഫ്ലെയർ ആയി നെറ്റ് ഫാബ്രിക്കും ചേർത്ത് പിടിപ്പിച്ച വസ്ത്രമായിരുന്നു താരം ധരിച്ചത്. പുതിയ ലുക്കിലുള്ള ഫോട്ടോകൾ നേരത്തേ താരം പങ്കിട്ടിരുന്നു. നിരവധി പേരാണ് താരത്തിന് കൈയ്യടിച്ചത്. എന്നാൽ ചിലർ ഗായികയ്ക്കെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞു.

'കറുത്ത തുടയാണ്, കാണാൻ ബോറായിരിക്കുന്നു, നാണമില്ലാത്ത സ്ത്രീ, ഇവരുടെ അമ്മയെ പറഞ്ഞാൽ മതി, പാട്ടിനൊപ്പം കാബറെ എന്നിങ്ങനെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകളാണ് ചിലർ കുറിച്ചിരിക്കുന്നത്. അതേസമയം ഇത്തരം കമന്റുകൾക്ക് വായടിപ്പിച്ച മറുപടി തന്നെ താരം നൽകി.
'ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥന. എന്റെ ജീവിതം,എന്റെ വഴി , എന്റെ ശരീരം ! ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്ക് ഇല്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകൾ ആണ്.! ഞാൻ ഇതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നത് ആയിരിക്കും.!! നിങ്ങൾ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല . Live and let live ! ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല ', എന്നായിരുന്നു സയനോര കുറിച്ചത്. നിരവധി പേരാണ് സയനോരയെ പിന്തുണച്ച് രംഗത്തെത്തിയത്. എല്ലാ പിന്തുണയും സന്തോഷത്തോടെ മുന്നോട്ട് പോകൂ, മലയാളികൾക്ക് കപട സദാചാരക്കാരാണെന്നും മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് അവരുടെ ഹോബിയാണെന്നുമൊക്കെയാണ് സയനോരയെ പിന്തുണച്ചുള്ള കമന്റുകൾ.
അതേസമയം മുൻപും ഇത്തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾക്കെതിരെ സയനോര ശക്തമായി പ്രതികരിച്ചിട്ടുണ്ട്. താൻ ഇത്തരം കമന്റുകൾ ശ്രദ്ധിക്കാറില്ലന്നും ലൈഫ് എന്നത് ഒന്നേയുള്ളൂവെന്നും ആളുകളുടെ അഭിപ്രായം കാര്യമാക്കാറില്ലെന്നുമാണ് സയനോര പ്രതികരിച്ചത്.












Click it and Unblock the Notifications