മാത്തന്റെ അപ്പു അന്ന് പോയത് ഇതേ വിവാഹത്തിനല്ലേ! സുഷിൻ-ഉത്തര വിവാഹത്തിന് പിന്നാലെ ചർച്ചയായി മായാനദിയിലെ രംഗം
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായത്. ഉത്തരയാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ ആഷിഖ് അബു സംവിധാനം ചെയ്ത് ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച മായാനദി എന്ന സിനിമയിലെ ഒരു രംഗമാണ് ഇപ്പോൾ ചർച്ചയാവുന്നത്. അതിന് ഒരു കാരണം ഉണ്ട്.
മായനദിയിലെ ഒരു രംഗത്തിൽ ഐശ്വര്യ ലക്ഷ്മി ഒരു വിവാഹ ചടങ്ങിന്റെ അവതാരകയായി എത്തുന്നുണ്ട്. ആ രംഗത്തിൽ വധൂവരന്മാരുടെ പേര് വേദയിൽ എഴുതിയത് കാണിക്കുന്നുണ്ട്. സുഷിൻ ഉത്തര എന്നാണ് ആ പേരുകൾ. ഇത് ചൂണ്ടിക്കാട്ടിയാണ് ചർച്ച. ഈ സുഷിനും ഉത്തരയും തന്നെയാണോ ആ സുഷിനും ഉത്തരയും എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

ഈ ചിത്രത്തിന്റെ ചീഫ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ഉത്തര. ആ സമയത്ത് തന്നെ ഉത്തരയും സുഷിനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അതിനുള്ള തെളിവ് ആണ് ആ രംഗത്തിൽ ആ പേരുകൾ വരാൻ കാരണമെന്നുമാണ് ചിലർ പറയുന്നത്. സുഷിനും ഉത്തരയും പ്രണയത്തിലാണെന്ന കാര്യം ജയറാമിന്റെ മകളുടെ വിവാഹ സമയത്താണ് പുറത്തുവരുന്നത്. സുഷിനും ഉത്തരയും ഒന്നിച്ചെത്തിയിരുന്നു. അന്ന് ഉത്തരയെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ പങ്കാളി എന്നാണ് സുഷിൻ പറഞ്ഞത്.
വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത് ഫഹദ്, നസ്രിയ, ജയറാം, പാർവതി, ശ്യാം പുഷ്കരൻ, ഉണ്ണിമായ തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു. പാർവതിയുടെ സഹോദരിയുടെ പുത്രിയാണ് ഉത്തര. ഫ്ലോറൽ ലൂസ്ഫിറ്റ് ഷർട്ടും മുണ്ടുമായിരുന്നു സുഷിന്റെ വേഷം. പേസ്റ്റൽ ഓറഞ്ച് സാരിയായിരുന്നു ഉത്തര ധരിച്ചത്.
ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് സുഷിൻ. 2014 ൽ സിനിമയിൽ എത്തിയ സുഷിൻ ചെറിയ സമയം കൊണ്ട് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചു. അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് സുഷിൻ അവസാനം സംഗീതം നൽകിയ ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയൊരു ഇടവേള എടുക്കുമെന്ന് താരം പറഞ്ഞിരുന്നു.
കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സുഷിൻ സ്വതന്ത്ര സംഗീത സംവിധായകനായത്. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകി. 2024 സുഷിൻ സംഗീതം നൽകിയ മഞ്ഞുമ്മൽ ബോയ്സ്, ആവേശം, എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് മികച്ച അഭിപ്രായമാണ് നേടിയത്.
ആവേശത്തിലെ ഗാനം സൂപ്പർ ഹിറ്റായിരുന്നു. ട്രെന്റായി മാറിയിരുന്നു.












Click it and Unblock the Notifications