നിയോം എന്നല്ല, കുഞ്ഞിന് ആദ്യം കണ്ടെത്തിയത് മറ്റൊരു പേര്; എല്ലാവരും കളിയാക്കുമോ എന്ന് ഭയന്നു
സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സറാണ് ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് തന്റെ കുഞ്ഞിന്റെ ഫേസ് റിവീലിങ് നടത്തിയത്. പ്രസവിച്ച് രണ്ടു മാസം പൂര്‍ത്തിയായപ്പോഴാണ് ദിയ കുഞ്ഞ് ഓമിയുടെ മുഖം ഫോളോവേഴ്‌സിന് മുന്നില്‍ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ കുഞ്ഞിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ദിയ പുറത്തുവിട്ടു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ കുഞ്ഞു താരമാണ് ബേബി ഓമി.
ദിയയുടെ പ്രസവ വീഡിയോ 85 ലക്ഷത്തിലേറെ പേര്‍ കണ്ടതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും യൂട്യൂബ് വീഡിയോയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇതിന് പിന്നാലെ കുഞ്ഞിന്റെ മുഖം കാണിക്കണമെന്ന് ഫോളോവേഴ്‌സ് ആവശ്യപ്പെടാന്‍ തുടങ്ങി. അങ്ങനെയാണ് കുഞ്ഞിന് രണ്ട് മാസം പൂര്‍ത്തിയായപ്പോള്‍ മുഖം വെളിപ്പെടുത്തിയത്.

നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പേര്. ഇപ്പോഴിതാ ഈ പേരിടാനുള്ള സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയ കൃഷ്ണ. സൈന സൗത്ത് പ്ലസ് ഓണ്‍ലൈന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ദിയയുടെ വെളിപ്പെടുത്തല്‍.
ആണ്‍കുട്ടി ജനിച്ചാല്‍ ഓം എന്ന് പേരിടണം എന്നുണ്ടായിരുന്നു. പിന്നീട് സ്‌കൂളില്‍ പോകുമ്പോള്‍ ആരെങ്കിലും ബേബിയെ കളിയാക്കുമോ എന്ന തോന്നലുണ്ടായി. കുഞ്ഞിന് ഓം ഗണേശ് എന്ന് പേരിട്ടു കഴിഞ്ഞാല്‍ ഒഎംജി എന്ന് ആളുകള്‍ ഷോര്‍ട്ട് ഫോമില്‍ വിളിക്കില്ലേ എന്നൊക്കെ അശ്വിനോട് കോമഡിയായി ചോദിച്ചിട്ടുണ്ട്. ഓം വരുന്ന വേറെ എന്തെങ്കിലും പേരുണ്ടോ എന്ന് അന്വേഷിച്ചു. അങ്ങനെ തപ്പി തപ്പിയാണ് നിയോം എന്ന പേര് കണ്ടുപിടിച്ചത്.
അങ്ങനെയാണെങ്കില്‍ വീട്ടില്‍ എനിക്ക് ഓമിയെന്ന് വിളിക്കാം. പെണ്‍കുട്ടി ആയിരുന്നെങ്കിലും വീട്ടില്‍ ഓമി എന്ന് വിളിക്കാനായിരുന്നു പ്ലാന്‍. കാരണം ഞാന്‍ ഓസി ആണല്ലോ. എന്നാല്‍ കറക്റ്റ് ആയിട്ട് പ്ലാന്‍ ഇട്ടതുപോലെ ആണ്‍കുട്ടി വരികയും നിയോം എന്ന് പേരിടുകയും ചെയ്തു.
ആദ്യം ഈ പേര് കേട്ടപ്പോള്‍ വീട്ടുകാരൊക്കെ ചോദിച്ചത് നിയോണ്‍ എന്നൊക്കെ പറയുന്നത് പോലെ വിചിത്രമായ പേരല്ലേ എന്നാണ്. എന്നാല്‍ ഞാന്‍ പറഞ്ഞത് 'എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ ഈ പേര് തീരുമാനിച്ചു കഴിഞ്ഞു' എന്നാണ്. ഇപ്പോള്‍ എല്ലാവരും വിളിച്ചു വിളിച്ച് ആ പേര് എല്ലാവര്‍ക്കും ഭയങ്കരമായി എനിക്കിഷ്ടപ്പെട്ടു. പറഞ്ഞു പറഞ്ഞു ഈ പേര് ഹിറ്റാവുകയും ചെയ്തു.












Click it and Unblock the Notifications