പൃഥ്വിക്ക് അഭിനന്ദനം; സുകുമാരന്റെയും മല്ലിക സുകുമാരന്റെയും വിവാഹത്തെക്കുറിച്ചും ശ്രീകുമാരൻ തമ്പി
ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് അഭിനയിച്ച ആടുജീവിതം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫർമേഷന് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. വർഷങ്ങളോളം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്. ഭക്ഷണം പോലും കഴിക്കാതെയിരുന്നാണ് പൃഥ്വിരാജ് ശരീരഭാരം കുറച്ചത്.
ഇപ്പോൾ ആടുജീവിതം സിനിമയേയും സംവിധായകൻ ബ്ലെസിയേയും നടൻ പൃഥ്വിരാജിനേയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. മലയാള സിനിമയ്ക്കു മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ 'ആടുജീവിതം എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയത്.

പൃഥ്വിരാജിന് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും താനായിരിക്കുമെന്നും അതിന് കാരണം ഉണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈ എടുത്തത് താനായിരുന്നുവെന്നും വിവാഹം രജിസ്റ്റർ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തി താൻ തന്നെയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകുമാരൻ തമ്പി പങ്കുവെച്ച കുറിപ്പ്:
മലയാള സിനിമയ്ക്കു മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ 'ആടുജീവിതം'
ബെന്യാമിൻ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക്
പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഹാറ്റ്സ് ഓഫ് ടു ബ്ലെസ്സി.!!
ഛായാഗ്രഹണം, എഡിറ്റിങ് ,കലാസംവിധാനം ,സംഗീതം, എല്ലാം ഏറ്റവും മികച്ചത്. അന്തർദ്ദേശീയ അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കാർ അവാർഡിന് ഇതാ ഒരു മലയാളസിനിമ എന്ന് ഞാൻ ശബ്ദമുയർത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.( ബ്ലെസ്സിയുടെയും പൃഥിരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം.
സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവർ രണ്ടുപേരും എന്റെ സിനിമകിൽ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു
സ്വപ്നം , മാളിക പണിയുന്നവർ എന്നീ സിനിമകളിൽ മല്ലിക സംവിധാനത്തിൽ എന്റെ സഹായിയുമായിരുന്നു. കൈനിക്കര കുടുംബത്തിൽ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്തു വീട്ടിൽ ജനിച്ച അമ്മയും മല്ലികയ്ക്കു നൽകിയ ജനിതകമൂല്യം ചെറുതല്ല.
സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തിൽ ഒന്നാമൻ തന്നെയായിരുന്നു. രണ്ടു ബുദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പൃഥ്വിരാജിന് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും. അതിനു കാരണമുണ്ട്.
സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റർ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാൻ തന്നെ. ബെന്യാമിനും ബ്ലെസ്സിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാതാവിനും എന്റെ അഭിനന്ദനം , അദ്ദേഹം കുറിച്ചു.












Click it and Unblock the Notifications