അനുമോൾ വിവാഹം വേണ്ടെന്ന് വെച്ചോ? നവംബർ 24 ന് വിവാഹമില്ലേ?; തുറന്നുപറച്ചിലുമായി നടി അനുമോൾ
അടുത്തിടെയാണ് തന്റെ വിവാഹ വാർത്ത നടി അനുമോൾ പ്രഖ്യാപിച്ചത്. നടി ഐശ്വര്യയുടെ വിവാഹത്തിനെത്തിയപ്പോൾ ഓൺലൈൻ മാധ്യമങ്ങളോടാണ് അനു ഇക്കാര്യം തുറന്ന് പറഞ്ഞത്. നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നും നടി വ്യക്തമാക്കി. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം എന്നായിരുന്നു അനുവിന്റെ മറുപടി. അറേഞ്ചിഡ് വിവാഹം ആണെന്നും മാട്രിമോണി വഴിയാണ് വിവാഹം ശരിയായതെന്നും താരം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടിയെ കാണുമ്പോഴെല്ലാം ആരാധകർക്ക് അറിയാനുണ്ടായിരുന്നത് താരത്തിന്റെ വിവാഹ വിശേഷം തന്നെയായിരുന്നു. ഓൺലൈൻ മാധ്യമങ്ങളും ഇക്കാര്യം ചോദിച്ച് നടിക്ക് ചുറ്റും വട്ടംകൂടി. ചോദ്യം അസഹനീയമായതോടെ ഇപ്പോഴിതാ വിവാഹക്കാര്യത്തിൽ തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് നടി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. നടിയുടെ വാക്കുകളിലൂടെ

'ഞാൻ മുൻപൊരു ചാനലിൽ എന്റെ വിവാഹം നവംബർ 24, 25 തീയതികളിൽ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ആ അഭിമുഖം മുഴുവൻ കാണാതെ പലരും ചോദിക്കുന്നുണ്ട് ആരാണ് വരൻ അഭിഷേകാണോ ജീവനാണോ, അതോ വേറെ ആരെങ്കിലുമൊക്കെ ആയിട്ടാണോ അത് പറയാത്തതാണോ എന്നൊക്കെ. എന്തായാലും ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വീഡിയോ ചെയ്യുന്നത്.
ഞാൻ പല പരിപാടിക്കും പോകുമ്പോൾ എന്നാണ് വിവാഹം എന്നൊക്കെ പലരു ചോദിക്കും. അത് കേൾക്കുമ്പോൾ ദേഷ്യം തോന്നും. അതിനി ചോദിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ ആ തീയതി പറഞ്ഞത്. മറ്റൊരു ആർട്ടിസ്റ്റിന്റെ വിവാഹമാണെന്ന്. അല്ലാതെ എന്റെ വിവാഹമൊന്നും അല്ല.
എന്റെ വീട്ടുകാർ വിവാഹം നോക്കുന്നില്ല. അവർ എനിക്ക് വിട്ട് നൽകിയിരിക്കുകയാണ്. ഇപ്പോഴത്തെ കാലത്ത് എല്ലാവർക്കും പ്രണയമുണ്ട്. നമ്മൾക്ക് ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ അവർക്കൊരു പ്രണയം ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെട്ടൊരു ചെക്കൻ വന്നിട്ടില്ല. ആലോചനയൊന്നും വരാറില്ലേ മാട്രിമോണിയിൽ ഇട്ടൂടെയെന്നൊക്കെയാകും നിങ്ങളുടെ ചോദ്യം. അതിന് എനിക്ക് താത്പര്യമില്ല. അറിയാത്തൊരാളെ വിവാഹം കഴിക്കുന്നതിനോട് താത്പര്യമില്ല. കാരണം ഇപ്പോഴത്തെ സാഹചര്യമൊക്കെ അങ്ങനെയാണ്.
എന്തായാലും എന്റെ ആഗ്രഹം ഒരുപാട് നല്ല റോളുകൾ ചെയ്യാനാണ്. ഒരുപാട് സിനിമയിൽ അവസരം കിട്ടാനാണ്. എനിക്ക് ഇനിയും പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും വേണം. കല്ല്യാണത്തിന്റെ കാര്യത്തിൽ നമ്മുക്ക് വിധിച്ചതേ നമ്മുക്ക് കിട്ടൂ. സമയാകുമ്പോൾ വിവാഹമൊക്കെ നടക്കും. അതൊക്കെ ദൈവത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. വിവാഹം കഴിക്കാതെ ജീവിക്കണം എന്നൊന്നും ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ഒരു കുടുംബിനിയായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടിയാണ്. അഭിനയിക്കുകയും വേണം ഭർത്താവിനേയും മക്കളേയുമൊക്കെ നോക്കി ജീവിക്കണം എന്ന് ഭയങ്കരമായി ആഗ്രഹിക്കുന്നൊരാളാണ്. അതൊക്കെ നിമിത്തം പോലെ നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
എനിക്ക് വിവാഹപ്രായമൊക്കെ ആയി. എന്റെ കൂടെയുള്ള കുറേ പേരുടെ വിവാഹം കഴിഞ്ഞു. അവരുടെ സമയം ആയപ്പോൾ അവർ വിവാഹം കഴിച്ചു. എന്റേയും സമയം ആകുമ്പോൾ അത് നടക്കും. എനിക്ക് എപ്പോഴും തരുന്നത് പോലെ സ്നേഹവും പിന്തുണയും നൽകുക', അനു പറഞ്ഞു.
അതേസമയം നടിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. വിവാഹത്തെ കുറിച്ച് ഇത്തരത്തിൽ തമാശ പറയരുതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അനുമോൾ ആഗ്രഹിക്കുന്നത് പോലൊരു പങ്കാളിയെ ലഭിക്കട്ടെയെന്നും വിവാഹമൊക്കെ അതിന്റേതായ സമയത്ത് തന്നെ നടക്കുമെന്നും ചിലർ കുറിച്ചു. നടിയോടുള്ള സ്നേഹവും ആരാധനയും പങ്കുവെയ്ക്കുന്നവരും കുറവല്ല.












Click it and Unblock the Notifications