'നിറത്തിന്റെ പേര് പറയാതെ എന്തൊക്കെ തമാശ ഉണ്ടാക്കാം'; ബിനു അടിമാലിക്ക് മറുപടിയുമായി മഞ്ജു പത്രോസ്
കൊച്ചി: ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് പരിപാടിയിൽ മിമിക്രി താരങ്ങളായ ബിനു അടിമാലി അടക്കമുള്ളവർ നടത്തുന്ന ബോഡി ഷെയിമിങ് കമന്റുകളും തമാശകളുമെല്ലാം പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ
അതിനെ വെറും തമാശയായി കണ്ടാൽ മതിയെന്ന് നിസാരവത്കരിച്ചുള്ള പ്രതികരണങ്ങൾ ആണ് ഈ താരങ്ങൾ നടത്തിയിട്ടുള്ളത്. ഇപ്പോഴിതാ ഇത് ആവർത്തിച്ച ബിനു അടിമാലിയെ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ തിരുത്തുകയാണ് നടിയും ബിഗ് ബോസ് താരവുമായ മഞ്ജു പത്രോസ്.
തമാശയ്ക്ക് പറയുന്ന പല കാര്യങ്ങളും ആളുകള്‍ കാര്യമായി എടുക്കുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ബിനു അടിമാലി സംസാരിച്ച് തുടങ്ങിയത്. 'കലാകാരൻമാരിൽ പലരും വളരെ ബുദ്ധിമുട്ടിൽ നിന്ന് വന്ന് ക്ലച്ച് പിടിച്ചതായിരിക്കും. അവർ തമാശരീതിയിൽ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് പ്രേക്ഷകരെ ചിരിപ്പിക്കാനാണ്. ഒരുപാട് ദുഃഖങ്ങൾ ഉള്ളിലൊതുക്കിയാണ് ഓരോ കലാകാരൻമാരും ഷോ ചെയ്യുന്നത്. സ്റ്റാർ മാജിക്കിൽ വന്നിട്ട് 5 വർഷമായി. ഒരാൾക്ക് നമ്മളിലൂടെ സന്തോഷം കിട്ടട്ടെ എന്ന് ഉദ്ദേശിച്ചാണ് നമ്മൾ എന്തെങ്കിലും തമാശ പറയുന്നത്. അല്ലാതെ ബോഡി ഷെയ്‌മിങ്ങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുന്നതോ ഒന്നുമല്ല.

സോഷ്യൽ മീഡിയ സഹോദരങ്ങൾ, ഏതെങ്കിലും കോമഡിയിൽ അറിയാതെ ഞങ്ങൾ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതിനെ വറുക്കരുത്. കാരണം എല്ലാവരും വലിയ കഷ്ടത്തിലാണ് . ഓരോ പ്രതിസന്ധികളും തരണം ചെയ്താണ് അവർ വരുന്നത്. അതുകൊണ്ട് കലാകാരൻമാർ എന്തെങ്കിലും പറയുമ്പോൾ അതിനെ കീറിമുറിക്കരുത്', ബിനു അടിമാലി പറഞ്ഞു.
എന്നാൽ ഇതിൽ ഒരു തിരുത്തുന്നുണ്ട് എന്ന് പറഞ്ഞ് മഞ്ജു പത്രോസ് ഇടപെടുകയായിരുന്നു. ചർച്ചയാക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞാണ് മഞ്ജു തുടങ്ങിയത് . പക്ഷെ ഇത് പറഞ്ഞില്ലെങ്കിൽ തനിക്ക് അതൊരു മനസാക്ഷി കുത്ത് ഉണ്ടാകും എന്നതിനാലാണ് പറയുന്നതെന്നും അവര്‍ പറഞ്ഞു.' കലാകാരന്മാരാണ് വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് എന്നൊക്കെ ബിനു ചേട്ടൻ പറഞ്ഞു. അതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് ഞാൻ. ഓർമ്മവെച്ച കാലം മുതൽ എന്റെ നിറത്തെയും വണ്ണത്തേയും കളിയാക്കിയും ചിരിച്ചും ഒരുപാട് പേർ എന്നോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ആസ്വദിക്കാൻ എനിക്ക് പറ്റിയിട്ടില്ല.
എന്റെ ചുറ്റുമുള്ളവർ ചിരിക്കുമ്പോഴും ഞാൻ ചിരിച്ചു കാണിക്കുമ്പോഴും ഉള്ളിൽ ഞാൻ ചിരിച്ചിട്ടില്ല. കാരണം ഞാൻ എന്തോ കുറഞ്ഞ ആളാണ് എന്ന ചിന്താഗതി അന്ന് മുതലെ എന്നിലേക്ക് ഇൻജക്ട് ചെയ്ത് തന്നിട്ടുണ്ട്. ഞാൻ അത്രയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നെപ്പോലെയൊരു സമൂഹം എനിക്ക് മുന്നിലുണ്ട്. ഒരാളെ ബോഡിഷെയിം ചെയ്യാതിരിക്കുക. അത്തരം കാര്യങ്ങൾ പറയുമ്പോൾ നമ്മുക്ക് ചുറ്റുമുള്ളവരെ കൂടി പരിഗണിക്കുക. ഇത് കേട്ട് വേദനിക്കുന്ന ഒരുപാട് പേരുണ്ടാകും.
ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം ,ആത്മവിശ്വാസത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന കലാകാരിയാണ് ഞാൻ. ആ ഒരു ഉത്തരവാദിത്തം നമ്മൾ എവിടെ ചെന്നാലും കാണിക്കണമെന്ന് ശക്തമായ അഭിപ്രായം എനിക്കുണ്ട്. ഞാൻ ഇത് ഒരുപാട് അനുഭവിച്ചത് കൊണ്ട് എനിക്ക് ഇത്തരം തമാശകൾ ആസ്വദിക്കാനെ പറ്റാറില്ല.
ഇത്തരത്തിലുള്ള തമാശകൾ ബിനുച്ചേട്ടനേയും മഞ്ജുവിനേയും ബാധിക്കില്ലായിരിക്കാം, പക്ഷേ ഇതൊക്കെ ബാധിക്കുന്നൊരു സമൂഹം പുറത്തുണ്ട്. അതുകൊണ്ട് കലാകാരൻമാർ എപ്പോഴും ഉത്തരവാദിത്തമുള്ളവരായിരിക്കണം. നിറത്തിന്റെ പേര് പറയാതെ എന്തൊക്കെ തമാശ ഉണ്ടാക്കാം. ഇതിനെയാണ് ഞാൻ ചോദ്യം ചെയ്തത്', മഞ്ജു മറുപടി നൽകി.












Click it and Unblock the Notifications