'ജൂറിയെ സ്വാധീനിച്ചു, അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടു..'; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി വിനയന്
കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ സംവിധായകന് വിനയന്. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടു എന്ന് വിനയന് ആരോപിച്ചു. ജൂറി അംഗം തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത് എന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫ് അടക്കം അറിഞ്ഞാണ് അട്ടിമറി നടന്നതെന്നും വിനയന് ആരോപിച്ചു.
വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയും ചലച്ചിത്ര അവാര്‍ഡില്‍ മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ ഈ സിനിമക്ക് അവാര്‍ഡ് കൊടുക്കാതിരിക്കാന്‍ രഞ്ജിത് ശ്രമിച്ചെന്നും ജൂറി അംഗത്തെ സ്വാധീനിച്ച രഞ്ജിത്ത് രാജി വെക്കണം എന്നും വിനയന് കൂട്ടിച്ചേര്‍ത്തു. വിനയന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'എന്നെ ഞെട്ടിക്കുകയും അതിലേറെ ഉത്കണ്ഠാകുലനാക്കുകയും ചെയ്ത വളരെ ഗൗരവതരമായ ഒരു കാര്യം എല്ലാവരോടും കൂടി പങ്കുവയ്കുവാനാണ് ഇപ്പോള്‍ ഈ കുറിപ്പെഴുതുന്നത്. എന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തു പോലും അതൊക്കെ നേരിട്ട് നീതിക്കു വേണ്ടി പോരാടി തിരിച്ചു വന്ന ഞാന്‍ ഇപ്പോളറിഞ്ഞ ഈ കാര്യങ്ങളോടു പ്രതികരിച്ചില്ലങ്കില്‍ എന്റെ മനസ്സാക്ഷിയുടെ മുന്നില്‍ പോലും പരിഹാസ്യനായിപ്പോകും എന്നു തോന്നി.
ആദ്യമേ തന്നെ പറയട്ടെ ഇത്തവണത്തെ സംസ്ഥാന ഫിലിം അവാര്‍ഡു ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടും ആണ് ഇതെഴുതുന്നത്. ഞാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ അവാര്‍ഡിനു മത്സരിച്ചെങ്കിലും അത് ഏറ്റവും നല്ല സിനിമയാണന്ന അവകാശവാദമൊന്നും എനിക്കുണ്ടായിരുന്നില്ല.
പക്ഷേ സിനിമാ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് ഇടപെടാനും ജൂറി അംഗങ്ങളെ നിയന്ത്രിക്കാനും അതുവഴി തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാര്‍ഡില്‍ നിന്നും ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? അങ്ങനെ ചെയ്താല്‍ അത് അധികാര ദുര്‍വിനിയോഗം അല്ലേ?
ആ രീതിയില്‍ അക്കാദമി ചെയര്മാന് നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പു മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസ്സിനെ തന്നെ വിളിച്ചു പറയുകയും, ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടും പക്ഷപാതം കാണിച്ച ആ ചെയര്‍മാനെ പ്രസ്തുത അവര്‍ഡ് പ്രഖ്യാപിക്കുന്നതു വരെയെങ്കിലും മാറ്റി നിര്‍ത്താനും നീതി നടപ്പാക്കുവാനും കഴിയാഞ്ഞത് ആരുടെ വീഴ്ച്ചയാണ്?
അതോ സാംസ്കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ ചെയര്മാന് രഞ്ജിത് ഈ കളി കളിച്ചത്? ചലച്ചിത്ര അക്കാദമി പോലുള്ള മറ്റൊരു സ്ഥാപനത്തില്‍ നേരത്തെ ചെയര്‍മാനായിരുന്ന വ്യക്തിയാണ് പരാതി പറഞ്ഞ ആ ജൂറി മെമ്പര്‍ എന്ന് ശ്രീ രഞ്ജിത്തിന് അറിയാമല്ലോ അല്ലേ?

അദ്ദേഹത്തെപ്പോലെ വളരെ പക്വതയും സിനിമാ മേഘലയില്‍ ആധികാരികതയുമുള്ള ജൂറി അംഗമായ ചലച്ചിത്രകാരനോട് ''പത്തൊന്‍പതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കാമായിരുന്നെന്നും' അവാര്‍ഡ് നിര്‍ണ്ണയം നടക്കുന്ന വേളയില്‍ നിങ്ങള്‍ പറഞ്ഞെങ്കില്‍ ഒരു നിമിഷം ആ അക്കാദമി പടിക്കെട്ടിനുള്ളില്‍ നില്‍ക്കാതെ നിങ്ങള്‍ രാജിവച്ചിറങ്ങണം.
കുറ്റകരമായ പ്രവര്‍ത്തിയാണ് നിങ്ങള്‍ ചെയ്തത്. രഞ്ജിത്തിന് ആ ചിത്രം ചവറു പടം ആയിരിക്കാം പക്ഷേ സെലക്ട് ചെയ്യല്ലെന്നു പറയാന്‍ നിങ്ങള്‍ ജൂറി അംഗമല്ല. ഒരു ജൂറി അംഗത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച ചെയര്മാന് ആ ഒറ്റ കാരണത്താല്‍ തന്നെ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ട് നിരവധി അവാര്‍ഡുകള്‍ക്കു പരിഗണിക്കാവുന്ന ചിത്രമാണ്, പ്രത്യേകിച്ച് ആര്‍ട്ട് ഡയറക്ഷന്‍ വളരെ നല്ലതാണെന്ന് ആ ജൂറി മെമ്പര്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ശക്തമായി എതിര്‍ത്തു.
കലാസംവിധാനത്തെ പറ്റി എന്നെ പഠിപ്പിക്കണ്ട എന്നാണ് അദ്ദേഹം നിങ്ങള്‍ക്കപ്പോള്‍ മറുപടി തന്നത്. അല്ലേ രഞ്ജിത്..? അവിടെ ഉത്തരം മുട്ടിയ നിങ്ങള്‍ മറ്റൊരു ജൂറി മെമ്പറായ നടി ഗൗതമിയേ വിട്ട് ഒരഭ്യാസം നടത്തി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സെറ്റിട്ടതു ശരിയല്ല. കാര്‍ഡ് ബോര്‍ഡ് തെളിഞ്ഞു കാണുന്നുണ്ട് എന്നൊക്കെയാണ് ശ്രീമതി ഗൗതമി പറഞ്ഞതത്രേ. നടി ഗൗതമി പത്തൊന്‍പതാം നുറ്റാണ്ട് തന്നെയാണോ കണ്ടതെന്ന് അവരോടു തന്നെ ചോദിക്കണം.
മാത്രമല്ല രഞ്ജിത്തിന്റെ മെഗാഫോണായി നിന്നുകൊണ്ട് ജൂറി അംഗങ്ങളായ ശ്രീ മധുസൂദനനും ശ്രീ ഹരിയുമൊക്കെ രഞ്ജിത്തിന്റെ ആഗ്രഹം നടപ്പാക്കാന്‍ വേണ്ടി വാദിക്കുന്നതു കണ്ടപ്പോളാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കെതിരെ ശരിക്കും കൂട്ടായ ഗൂഢാലോചന നടക്കുന്നതായി തനിക്ക് വ്യക്തമായതെന്ന് തികച്ചും വികാരാധീനനായിട്ടാണ് ആ മുതിര്‍ന്ന ജൂറി അംഗം പറഞ്ഞത്.

രഞ്ജിത്തിന്റെ പ്രവര്‍ത്തി കണ്ടിട്ട് ന്യായത്തിനു വേണ്ടി സംസാരിച്ച ആ മനുഷ്യന് ബ്രൂട്ടസിന്റെ കത്തി തന്റെ നെഞ്ചത്ത് കുത്തിയിറക്കിയ പോലെ അനുഭവപ്പെട്ടെന്നും ഒന്നു രണ്ടു ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലന്നും പറയുമ്പോള്‍ നിങ്ങളേ പറ്റി എനിക്ക് അവജ്ഞ തോന്നു രഞ്ജിത്തേ. ഈ സ്റ്റേറ്റ് അവാര്‍ഡ് അത്ര വലിയ സംഭവമാണോ? അത് കിട്ടുന്നവര്‍ അത്ര വലിയ മഹാന്മാരാണോ?
അതോ പത്തൊന്‍പതാം നൂറ്റാണ്ടിനു ഒന്നു രണ്ട് അവാര്‍ഡു കൂടി കിട്ടി പോയാല്‍ രഞ്ജിത്തിനു നാണക്കേടാവുമോ? ഇതൊന്നും അല്ലെങ്കില്‍ ഈ പടത്തെ തഴയുവാന്‍ ഇത്രയേറെ ഗുസ്തി പിടിച്ചതിന്റെ പിന്നില്‍ വല്ല രാഷ്ട്രീയ കാരണങ്ങളുമുണ്ടോ? ഏതായാലും ഈ പിന്നാമ്പുറക്കളി ഒക്കെ മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഈ അവാര്‍ഡിനോടൊക്കെ പുഛമേ തോന്നു. ഞാന്‍ വ്യക്തമായി പറയുന്ന ഈ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ നിങ്ങള്‍ പറയൂ.
ഞാന്‍ കൃത്യമായ തെളിവുകള്‍ നിങ്ങള്‍ക്കു തരാം. അതു കൈയ്യില്‍ വച്ചുകൊണ്ടാണ് ഞാനിതെഴുതുന്നത്. വേണ്ടി വന്നാല്‍ അതു എല്ലാ മീഡിയയക്കും ഞാന്‍ കൊടുക്കും. മിസ്റ്റര്‍ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തില്‍ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ഇത്ര തരംതാണ അവസ്ഥയില്‍ എത്തിച്ചിട്ടില്ല. തീര്‍ന്നില്ല, ഇനിയുമുണ്ട് കാര്യങ്ങള്‍. അങ്ങനെ പ്രധാനപ്പെട്ട അവാര്‍ഡുകള്‍ പലതും വെട്ടി മാറ്റിയ ശേഷം ഒടുവില്‍ സംഗീതത്തിനും ഡബ്ബിംഗിനുമായി മൂന്ന് അവാര്‍ഡ് പത്തൊന്‍പതാം നൂറ്റാണ്ടിനു കൊടുക്കാന്‍ തീരുമാനിക്കുന്നു.
പക്ഷേ രഞ്ജിത്ത് ആ വിവരം അറിഞ്ഞില്ല. അറിഞ്ഞപ്പോള്‍ നിങ്ങള്‍ കലിപൂണ്ടു. ജോലി കഴിഞ്ഞു വെളിയില്‍ പോയ ജൂറി ചെയര്മാന് ഗൗതം ഘോഷുള്‍പ്പടെ എല്ലാവരെയും വേഗം തിരിച്ചു വിളിക്കുന്നു. എന്തോ അരുതാത്തതു നടന്ന പോലെ ആ അവാര്‍ഡുകള്‍ പുനര്‍ചിന്തനം ചെയ്യണമെന്നു പറയുന്നു. ആരോ പറഞ്ഞു വിട്ടതു പോലെ ഒരേ വാക്കുകള്‍ എല്ലാരും പറയുന്നു. ''ഇതിലും നല്ലതുണ്ടോ എന്ന് ഒന്നു കൂടി നോക്കിയാലോ?''
ഇതു കേട്ട് ജൂറി അംഗം ഗായികയായ ജിന്‍സി ഗ്രിഗറി വിഷമത്തോടെ പറഞ്ഞു ''അതു മാറ്റണോ സര് എല്ലാരും കൂടി ആലോചിച്ചെടുത്തതല്ലേ...'' ജിന്‍സിയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ ശ്രീ ഗൗതം ഘോഷിന് മനംമാറ്റം വന്നു. ഇനി അതിനൂടി മാറ്റം വരുത്തണ്ട എന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്കു പോയത്രേ. അങ്ങനെ രഞ്ജിത്തിന്റെ വിനയനിഗ്രഹം കഥകളി ക്ലൈമാക്സിലെത്താതെ പോയി.
എന്താ ഇതൊക്കെ സത്യമല്ലേ ചെയര്‍മാനേ? ഞാന്‍ വ്യക്തിപരമായി നിങ്ങളോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇനി എന്നോട് നിങ്ങള്‍ക്ക് അടങ്ങാത്ത പകയുണ്ടങ്കില്‍ പോലും ആ ചിത്രത്തില്‍ പണിയെടുത്ത ആര്‍ട്ട് ഡയറക്ടറും മേക്കപ്പ്മാനുമൊക്കെ എന്തു പിഴച്ചു. അക്കാദമിയിലോ ജൂറിയിലോ ഒന്നും അംഗമല്ലാത്ത ഒരാള്‍ക്ക് ഇത്ര കൃത്യമായി തിരക്കഥ പോലെ കാര്യങ്ങള്‍ എങ്ങനെ പറയാന്‍ കഴിയുന്നു എന്ന് രഞ്ജിത്തിന് അതിശയം തോന്നാം.
അതാ രഞ്ജിത്തേ കാവ്യ നീതി എന്നൊക്കെ പറയുന്നത്. നേരിനെ മറയ്ക്കുന്ന ഇരുമ്പു മറകള്‍ മാറ്റാന്‍ ആരെങ്കിലും ഉയിര്ത്തെഴുന്നേല്ക്കും. നിങ്ങള്‍ക്കിതു സത്യമല്ലെന്നു പറയാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ പറയൂ. അതെന്റെ ക്രെഡിബിലിറ്റിയുടെ കൂടി പ്രശ്നമാണല്ലോ. കൃത്യമായ തെളിവ് കേരള ജനത മുഴുവന്‍ അറിയുന്ന രീതിയില്‍ ഞാന്‍ കൊടുക്കാം..
മറ്റു ചിലരു കൂടി അപ്പോള്‍ ഉത്തരം പറയേണ്ടി വരും. കാര്യം കാണാന്‍ വേണ്ടി കമ്മ്യൂണിസ്റ്റായ വ്യക്തിയല്ല നേരത്തെ പറഞ്ഞ ജൂറി അംഗം. അദ്ദേഹം പറഞ്ഞ ഒരു വാക്ക് അതേ ഭാഷയില്‍ പറയാം. 'ഇവനൊക്കെ ഇങ്ങനെ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിലാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് ആത്മനിന്ദ തോന്നുന്നു'. സത്യം പറയട്ടെ ഇടതു പക്ഷത്തോട് ചേര്‍ന്നു നിന്ന എനിക്കും അങ്ങനെ തോന്നുന്നു. എന്തിനാണു സുഹൃത്തേ. രഞ്ജിത്തേ നിങ്ങളിത്ര തരംതാണ തരികിടകള്‍ക്കു പോണത്.
സ്റ്റേറ്റ് കാറില്‍ നടക്കുന്ന നീതിബോധത്തോടെ പെരുമാറേണ്ട അക്കാദമി ചെയര്‍മാനല്ലേ നിങ്ങള്‍. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിങ്ങളേതു രീതിയിലെങ്കിലും ഇടപെട്ടിട്ടുണ്ടങ്കില്‍ ഇപ്പഴത്തെ ചെയര്മാന് സ്ഥാനം രാജിവച്ചു നിങ്ങള്‍ പുറത്തു പോകണം. ''ഇയാളു തന്നെയാണിരിക്കുന്നതെങ്കില്‍ ഇനിവരുന്ന മൂന്നു വര്‍ഷവും ചലച്ചിത്രകാരന്മാര്ക്കു നീതി കിട്ടാതെ പോകും..'' എന്നാണ് നിങ്ങള്‍ നിയമിച്ച പരിണിത പ്രജ്ഞനായ ആ ജൂറിമെമ്പര് പറയുന്നത്.
ബഹുമാന്യനായ സാസ്കാരിക മന്ത്രി ശ്രീ സജീ ചെറിയാനും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. ഒരു ജൂറി അംഗം തന്നെ ചെയര്മാന് രഞ്ജീത്തിന്റെ അവിഹിതമായ ഇടപെടലിനെപ്പറ്റി മന്ത്രിയുടെ പിഎസ്സിനേ വിളിച്ചു പറഞ്ഞു. എന്നിട്ട് താങ്കള്‍ എന്തു ചെയ്തു? ഇത്തരം അവതാരങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണോ തീരുമാനം? എങ്കില്‍ ബലേ ഭേഷ് എന്നേ പറയാനുള്ളു.'
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications