ലാലേട്ടന്റെ ആ പടം കണ്ട് കണ്ണ് നിറഞ്ഞ് പോയെന്ന് ഭാര്യ സുചിത്ര: പ്രണവിനെ എനിക്കും പിടികിട്ടിയിട്ടില്ല
ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വർഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദർശന്‍, അജു വർഗ്ഗീസ്, ആസിഫ് അലി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമ കണ്ടിറങ്ങിയ എല്ലാവർക്കും പറയാനുള്ള മികച്ച അഭിപ്രായമാണ്. ആദ്യദിന കളക്ഷനില്‍ ആവേശത്തിന് തൊട്ടുപിറകിലായി തന്നെ വർഷങ്ങള്‍ക്ക് ശേഷവും സ്ഥാനം പിടിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ റിലീസിനും മുന്‍പും പിന്‍പുമായി വിനീതും കൂട്ടരും നിരവധി അഭിമുഖങ്ങള്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലൊന്നും പ്രണവിനെ കാണാന്‍ സാധിക്കുന്നില്ല. ചെറുപ്പത്തില്‍ തന്നെ അവന്‍ ഇങ്ങനെ അധികം ആളുകളുടെ മുന്നില്‍ വരാന്‍ താല്‍പര്യപ്പെടാത്ത വ്യക്തിയാണെന്നാണ് ഇതേകുറിച്ചുള്ള ചോദ്യത്തിന് അമ്മ സുചിത്ര മോഹന്‍ലാല്‍ നല്‍കുന്ന മറുപടി. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ഊട്ടിയിലെ ഒരു അന്താരാഷ്ട് സ്കൂളിലാണ് അവന്‍ പഠിച്ചത്. ട്രെക്കിങും മറ്റുമൊക്കെയാണ് അവിടുത്തെ പിള്ളേരുടെ ഇഷ്ട വിനോദങ്ങള്‍. ചെറുപ്പത്തില്‍ തന്നെ അതെല്ലാം അവനെ സ്വാധീനിച്ചിട്ടുണ്ടാകും. ഒരു ദിവസം അവനും അവന്റെ സുഹൃത്തും വന്ന് പറഞ്ഞു ഹിമാലയത്തിലേക്ക് ട്രെക്കിങിന് പോകുകയാണെന്ന്. അങ്ങനെ ഞാന്‍ പറഞ്ഞത് പ്രകാരം ട്രെക്കിങ് ഏജന്‍സി നടത്തുന്ന എന്റെ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തി കൊടുത്തു. എന്നാല്‍ തനിച്ച് പോകാനായിരുന്നു അവരുടെ താല്‍പര്യം. അന്ന് തന്നെ തുടങ്ങിയതാണ് തനിച്ച് പോകാനുള്ള അവന്റെ താല്‍പര്യം.
എനിക്കും അവനെ പിടികിട്ടില്ല. ഊട്ടിയില്‍ നിന്നും ഇന്നലെ ചെന്നൈയിലെ വീട്ടില്‍ എത്തിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നും ഫിലോസഫിയാണ് അവന്‍ പഠിച്ചത്. അതുമായി ബന്ധപ്പെട്ട കരിയറിലേക്കൊന്നും പോയില്ല. ഒരു ഡോക്ടറുടെ കുടുംബം ആണെങ്കില്‍ സ്വാഭാവികമായും ഏതെങ്കിലും ഒരു കുട്ടി ആ മേഖലയിലുണ്ടാകും. എന്റെ കുടുംബം എന്ന് പറയുന്നത് സിനിമയുമായി ബന്ധപ്പെട്ടതാണ്. ഏതെങ്കിലും ഒരു കുട്ടി ഡോക്ടറാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ സിനിമയിലേക്ക് എന്തുകൊണ്ട് ട്രൈ ചെയ്ത് കൂടാ എന്ന് ഞങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു.
പലരും പ്രണവിനെ ചേട്ടനുമായി താരതമ്യം ചെയ്യും. ലാലേട്ടന്‍ ആദ്യം ചെയ്തത് ഒരു വില്ലന്‍ വേഷമാണ്. അത്രയും നന്നായി ചെയ്തതുകൊണ്ട് എല്ലവർക്കും ആ കഥാപാത്രത്തെ വെറുത്തു. എല്ലാവരും അങ്ങനെ ചെയ്യണമെന്ന് ഇല്ലാലോ. കുട്ടികളാകുമ്പോള്‍ നടക്കാന്‍ തുടങ്ങുമ്പോള്‍ വീഴുന്നതൊക്കെ സാധാരണമാണ്.
ചേട്ടന്റെ ഇഷ്ടപ്പെട്ട ഒരുപാട് പടങ്ങളുണ്ട്. സദയം, ചിത്രം, കിലുക്കും എന്നിവയെല്ലാം ഏറെ ഇഷ്ടമാണ്. ഒരു ഹൊറർ മൂവീ ആരാധികയാണ് ഞാന്‍. അതുകൊണ്ട് തന്നെ മണിച്ചിത്രതാഴിനോട് പ്രത്യേക താല്‍പര്യമുണ്ട്. അങ്ങനെ കുറേ പടമുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത പടങ്ങളുമുണ്ട്. എന്നാല്‍ അത് ചോദിക്കരുത്. പണ്ടത്തെ പടങ്ങളിലെ കോമഡിയൊക്കെ വലിയ ഇഷ്ടമാണെന്നും സുചിത്ര വ്യക്തമാക്കുന്നു.
കണ്ട് കണ്ണ് നിറഞ്ഞ ഒരു പടം തന്മാത്രയാണ്. ആ പടം കണ്ടതിന് ശേഷം നല്ലപോലെ ഫീല്‍ ചെയ്തു. അത്തരം സിനിമകള്‍ വീണ്ടും ഉണ്ടാകണം. അത് ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇപ്പോഴത്തെ പിള്ളേർ അതുപോലെ കഴിവുള്ളവരാണ്. വിഷുവിന് ഇറങ്ങിയ മൂന്ന് സിനിമകള്‍ തന്നെ നോക്കൂ. എല്ലാ മികച്ച രീതിയില്‍ അഭിപ്രായം നേടുന്നുവെന്നും സുചിത്ര അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications