സുരേഷ് ഗോപി ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല: ആളെ നോക്കിയിട്ട് ഇടഞ്ഞാല്‍..: മാധവ് സുരേഷ്
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പെരുമാറിയ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ നടപടി നേരത്തെ വലിയ തോതിലുള്ള ചർച്ചകള്‍ക്കായിരുന്നു ഇടയാക്കിയിരുന്നത്. 'എന്റെ വഴി എന്റെ അവകാശമാണ്' എന്ന് പറഞ്ഞുകൊണ്ട് മുന്നില്‍ നിന്ന മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി തള്ളി മാറ്റുകയും ചെയ്തു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ ഇളയമകനും നടനുമായി മാധവ് സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്.
പ്രൈവസിയിലേക്ക് ഇടിച്ച് കയറുന്നതുകൊണ്ടുള്ള റിയാക്ഷനാണ് അവിടെ കണ്ടതെന്നാണ് മാധവ് സുരേഷ് പറയുന്നത്. അദ്ദേഹം ഓള്‍റെഡി കേന്ദ്ര മന്ത്രി കൂടിയാണ്. പ്രതികരിക്കുന്നതിന് അതിന്റേതായ പരിമിതികളുണ്ട്. അതേസമയം തന്നെ ആ കേന്ദ്ര മന്ത്രിക്ക് മുന്നില്‍ രണ്ട് ചോയ്സുകളുണ്ട്. അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ സാധിക്കും. പിന്നെ മീഡിയക്കാർക്ക് അടുക്കാന്‍ സാധിക്കില്ല. അങ്ങനെ ഒരിക്കലും എന്റെ അച്ഛന്‍ പെരുമാറിയിട്ടില്ല.

മീഡിയക്കാർക്കും എന്നും അതിന്റേതായ ബഹുമാനം കൊടുത്ത് മാത്രമാണ് അച്ഛന്‍ ഡീല്‍ ചെയ്തിട്ടുള്ളത്. അതേസമയം ഒരു സ്ഥലത്ത് നിന്നും ഇറങ്ങി വന്ന് അടുത്ത പരിപാടിയിലേക്ക് പോകുന്ന സമയത്ത്, ആളുടെ വണ്ടിയിലേക്കുള്ള വഴി ബ്ലോക്ക് ചെയ്യുന്ന ആളെ എന്ത് ചെയ്യണം. ഒന്നുകില്‍ പൊലീസിനെ വിളിച്ച് ഫോഴ്സോടെ തന്നെ അവരെ നീക്കാം. അതിലും നല്ലത് സ്വന്തം കൈ കൊണ്ട് തട്ടി നീക്കുന്നതല്ലേയെന്നും മാധവ് സുരേഷ് ചോദിക്കുന്നു. ക്യൂ സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാളുടെ വഴി തടയുന്നത് തെറ്റാണെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണം. ഒരു പൗരന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണത്. ആരാണ് അവിടെ തെറ്റ് ചെയ്തതെന്ന് ഈ പറഞ്ഞോണ്ട് നടക്കുന്നവർ തന്നെ ആലോചിക്കട്ടെ. സുരേഷ് ഗോപിയുടെ ഉള്ളിലുള്ള പൊലീസ് കഥാപാത്രം അല്ല ഇറങ്ങി വന്നത്, അദ്ദേഹത്തിന്റെ ക്യാരക്ടർ തന്നെയാണ് അത്. ആരുടെ അടുത്താണ് ഇടയുന്നതെന്ന് നോക്കിയിട്ട് ഇടഞ്ഞാല്‍ ഇങ്ങനത്തെ പ്രശ്നങ്ങള്‍ ഉണ്ടാകില്ല.
എന്റെ വീക്ഷണ കോണില്‍ എന്റെ അച്ഛനായാലും ആരായാലും ആളുകളുടെ വഴി തടയാന്‍ പാടില്ലെന്നാണ്. വേറെ ചിലർക്ക് ഇയാള്‍ക്ക് എന്താണ് ഇത്ര അഹങ്കാരം, ജീവിതത്തിലും പൊലീസ് കളിക്കുകയാണോ? ഒന്ന് അവിടെ നിന്ന് സംസാരിച്ചാലെന്താണെന്ന ചോദ്യവും ഉണ്ടാവും. ആളുകളുടെ വീക്ഷണ കോണുകള്‍ക്ക് അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും മാധവ് സുരേഷ് പറയുന്നു.
ഒരു കേന്ദ്ര മന്ത്രി കൂടി ആയതിനാല്‍ ഒരു യോഗം കഴിഞ്ഞ് വരുമ്പോള്‍ സ്വാഭാവികമായും മനസ്സിലിരിക്കുള്ള ആ യോഗത്തിന്റെ കാര്യങ്ങളാണ്. അവിടെ കൂടിയിരിക്കുന്ന മീഡിയ ആ യോഗത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ കാണിക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുക. എന്നാല്‍ ഇതുമായി ബന്ധമൊന്നും ഇല്ലാതെയുള്ള ഒരു കാര്യം ചോദിച്ചാല്‍ അപ്പോള്‍ ഉത്തരം കിട്ടണമെന്നില്ല. അച്ഛനും ഉദ്ധേശിച്ചത് അത് തന്നെയാണ്.
ഹേമ കമ്മിറ്റി പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാല്‍ ഒരു വിധിയായി വന്നകാര്യം. മീഡിയയും പൊതുജനങ്ങളും മാത്രം തമ്മില്‍ ഡിസ്കസ് ചെയ്തിട്ടുള്ള കണ്‍ക്ലൂഷന്‍സ് മാത്രമാണുള്ളത്. സിനിമയുടെ ഭാഗമായ സുരേഷ് ഗോപി ഒരു കേന്ദ്രമന്ത്രി കൂടിയാണ്. കോടതി വിധി വരാത്ത പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു പ്രസ്താവന നടത്തുന്നത് ശരിയാണോ. ഒരു കേന്ദ്രമന്ത്രി ജനങ്ങളോട് സംസാരിക്കുമ്പോള്‍ അതിന്റേതായ തെളിവുകള്‍ വേണം. ആരുടെ അടുത്താണ്, എന്താണ് ചോദിക്കുന്നത് എന്ന് അറിഞ്ഞ് ചോദിച്ചാല്‍ ഇങ്ങനത്തെ കടുത്ത ഉത്തരങ്ങള്‍ കിട്ടില്ലെന്നും മാധവ് സുരേഷ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications