ബിജു മേനോന്‍ വേണോ ഞാന്‍ വേണോ? സഹികെട്ടു, ഇടക്ക് തനിക്ക് ഷൈന്‍ ടോമിന്റെ പ്രേതം കയറും: സുരേഷ് ഗോപി
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയാണ് ഗരുഡന്‍. അരുണ്‍ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. അഞ്ചാം പാതിരയെന്ന ക്രൈം ത്രില്ലർ ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഗരുഡന്‍.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡയ എന്ന യൂട്യൂബ് ചാനലിന് ചിത്രത്തിലെ താരങ്ങള്‍ നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും അഭിരാമിയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

സിനിമയുടെ കഥ പറയാനായി അരുണ്‍ വർമ്മയും ലിസ്റ്റിനും ഞാനുമായി ബന്ധപ്പെടുന്നത് 2020 ലെ കോവിഡ് സമയത്താണ്. നവംബർ ആദ്യ വാരത്തില്‍ കഥ കേട്ടു. നല്ല രസമായിട്ടാണ് കഥ പറഞ്ഞത്. അതോടെ ഓക്കെ പറഞ്ഞു. ഞാനും ബിജുവും ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ആദ്യമായിട്ടാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ബിജു വന്നത് തന്നെയായിരുന്നു ഈ സിനിമയിലെ ഏറ്റവും വലിയ പ്രശ്നമെന്നും ചിരിച്ചുകൊണ്ട് സുരേഷ് ഗോപി പറയുന്നു.
ബിജുവിന്റെ സൗകര്യത്തിന് വേണ്ടി തിയതികള്‍ അഞ്ചോ ആറോ തവണ മാറ്റുകയായിരുന്നു. 2021 മാർച്ചില്‍ ചെയ്യാമെന്ന് ഞാന്‍ പറയും, സംവിധായകനും ഒക്കെ പറയും. എല്ലാം തീരുമാനിച്ച് പോയി രണ്ട് ദിവസം കഴിഞ്ഞ് വന്ന് അവർ പറയും ബിജു സാറിനെ കിട്ടാനില്ലെന്ന്. എന്നാല്‍ സെപ്തംബറിലേക്ക് മാറ്റിവെക്കെന്ന് പറയും. അപ്പോഴും വീണ്ടും ഇത് തന്നെ ആവർത്തിക്കും.
അവസാനം ഞാനില്ലെന്ന് അരുണിനോടും ലിസ്റ്റിനോടും പറഞ്ഞു. ബിജു മേനോന്‍ ആ സിനമയ്ക്ക് വേണം എന്നുള്ളതുകൊണ്ടാണ് ഞാന്‍ കാത്തിരുന്നത്. അദ്ദേഹം ആ സിനിമയ്ക്ക് വേണ്ടതില്ലെങ്കില്‍ വേറെ ആരെങ്കിലും നോക്കെന്ന് ഞാന്‍ പറയും. ഒരിക്കല്‍ 'ഞാനാണോ ബിജുവാണോ എന്ന് നിങ്ങള്‍ തീരുമാനിക്ക്' എന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.
റഹ്മാന്‍, അരവിന്ദ് സ്വാമി എന്നുള്ളവരെ വെച്ചൊക്കെ ഈ സിനിമ ചെയ്യാന്‍ പറ്റും. എന്നാല്‍ മഹാത്മാ എന്ന് പറയുന്ന സിനിമയില്‍ ഈ രണ്ട് കഥാപാത്രങ്ങള്‍ എങ്ങനെയാണ് ജെല്ല് ചെയ്തത് എന്നുള്ളത് ഇതിന്റെയൊരു പ്രീ ടെക്സ്റ്റാണ്. രണ്ടാം ഭാവവും അതുപോലെ. അങ്ങനെ കുറെക്കാലമായി ഒരുമിച്ച് വരാത്ത ബിജു മേനോനും സുരേഷ് ഗോപിയും ഒരുമിച്ച് വരുമ്പോഴുള്ള എക്സ്ട്രാ ഹൈപ്പും അവർക്ക് വേണം. എന്തുകൊണ്ട് ബിജു അല്ലാതെ വെറെ ഒരാളെ ചിന്തിച്ചില്ലെന്ന് സിനിമ കണ്ട് കഴിയുമ്പോള്‍ വ്യക്തമാകും.
ഷൈന്‍ ടോം ചാക്കോയെ വലിയ ഇഷ്ടമാണ്. അങ്ങേര് ഈ കാണിക്കുന്നതൊക്കെ എന്റർടെയിന്‍ ചെയ്യാന്‍ വേണ്ടിയാണെന്നാണ് എന്റെ വിശ്വാസം. എന്നെ കാണാന്‍ വന്ന രണ്ട് അവസരത്തിലും ഞാന്‍ അദ്ദേഹത്തെ അങ്ങനെയൊന്നും കണ്ടിട്ടേയില്ല. അഭിമുഖങ്ങളില്‍ അദ്ദേഹത്തിന് വേറെ ഒരു രീതിയാണ്. ഞാന്‍ പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാല്‍ എനിക്ക് പലപ്പോഴും അദ്ദേഹത്തിന്റെ പ്രേതം കയറാറുണ്ട്. ബിജു മേനോനുമായി ഈ പടത്തിന്റെ പ്രമോഷന് വേണ്ടി ഇരിക്കുമ്പോള്‍ എനിക്ക് കുറച്ച് ഷൈന്‍ ടോം ചാക്കോയുടെ പ്രേതം കയറാമെന്നും സുരേഷ് ഗോപി പറയുന്നു.
അതേസമയം, മനഃപ്പൂർവ്വം വൈകിപ്പിച്ചിട്ടില്ലെന്നും ചെയ്ത സിനിമ തീരാതിരുന്നത് കൊണ്ടാണ് ഗരുഡന്‍ വൈകിയതെന്നും ബിജു മേനോന്‍ പറയുന്നു. ആ കഥാപാത്രം എനിക്ക് തന്നെ ചെയ്യണമെന്നുണ്ടായിരുന്നു. എത്ര വൈകിയാലും ഞാന്‍ വരുമെന്ന് സംവിധായകനോട് പറഞ്ഞിരുന്നുവെന്നും ബിജു മേനോന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications