തിരഞ്ഞെടുപ്പിലെ ജയം: മമ്മൂട്ടി നല്‍കിയ ഉപദേശം, ആ വെല്ലുവിളി ഏറ്റെടുത്തെന്ന് സുരേഷ് ഗോപി
മലയാള സിനിമ ലോകത്ത് നിന്നും ഇന്നസെന്റിന് ശേഷം ലോക്സഭയിലേക്ക് എത്തുന്ന പ്രമുഖ താരമായിരിക്കുകയാണ് സുരേഷ് ഗോപി. ചാലക്കുടിയില്‍ എല്‍ ഡി എഫ് പിന്തുണയോടെ മത്സരിച്ചാണ് ഇന്നസെന്റ് പാർലമെന്റില്‍ എത്തിയതെങ്കില്‍ ബി ജെ പി ടിക്കറ്റില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപി കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ് സുരേഷ് ഗോപി എംപിയായിരിക്കുന്നത്.
വിജയത്തിന് പിന്നാലെ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മലയാള സിനിമ രംഗത്തെ പ്രമുഖരെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെയാണ് സുരേഷ് ഗോപിയോട് മമ്മൂട്ടി മുന്പ് പറഞ്ഞ ഒരു കാര്യം ഇപ്പോള്‍ വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച സുരേഷ് ഗോപിക്ക് മമ്മൂട്ടി നൽകിയ ഉപദേശമാണ് സമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയത്.

ഒരു അഭിമുഖത്തിലായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച തനിക്ക് മമ്മൂട്ടി തന്നെ ഉപദേശത്തെക്കുറിച്ച് സുരേഷ് ഗോപി തുറന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാൽ ശരിയായി ജീവിക്കാൻ കഴിയില്ലെന്നായിരുന്നു മമ്മൂട്ടിയുടെ ഉപദേശത്തിന്റെ സാരം. ഇത് താന്‍ നല്‍കിയ മറുപടിയേക്കുറിച്ചും സുരേഷ് ഗോപി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.
'തിരഞ്ഞെടുപ്പിൽ ജയിച്ചാൽ നിങ്ങൾക്ക് ശരിയായി ജീവിക്കാൻ കഴിയില്ല, വലിയ ബാധ്യതയില്ലാത്തതിനാൽ രാജ്യസഭാ എംപിയായിരുന്നപ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കഴിയുമെന്ന പൂർണ വിശ്വാസമുണ്ടെങ്കിൽ മാത്രമേ ഈ തീരുമാനവുമായി മുന്നോട്ട് പോകാവൂ. എന്നാൽ ജനങ്ങളുടെ വോട്ടിൽ നിങ്ങൾ വിജയിച്ചാൽ എല്ലാവരും നിങ്ങളുടെ പിന്നാലെ തന്നെയുണ്ടാകും' എന്നായിരുന്നു മമ്മൂട്ടി തനിക്ക് നല്‍കിയ ഉപദേശമെന്ന് സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞു.
മമ്മൂട്ടിയുടെ ഈ ഉപദേശത്തിന് ആ വെല്ലുവിളി താൻ ഏറ്റെടുക്കുകയാണെന്നായിരുന്നു എന്റെ മറുപടി. 'എങ്കിൽ അത് അങ്ങനെയാവട്ടെ' എന്ന് മമ്മൂട്ടി മറുപടി നൽകി എന്നും സുരേഷ് ഗോപി പറയുന്നു. മനസിലാക്കാന്‍ കഠിനമാണെങ്കിലും ലളിതമായ ഒരു മനുഷ്യനാണ് എന്നും മമ്മൂട്ടിയെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞു.
വളരെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇരുവരും തമ്മില്‍ ഇടക്ക് പിണങ്ങുകയും ചെയ്യാറുണ്ട്. പഴശ്ശിരാജയില്‍ എടച്ചേന കുങ്കന്റെ റോൾ സുരേഷ് ഗോപിക്ക് നല്‍കാനായിരുന്നു സംവിധായകന്‍ ഹരിഹരന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് സുരേഷ് ഗോപിക്ക് പകരം ശരത് കുമാറായിരുന്നു ഈ വേഷം ചെയ്തത്. മമ്മൂട്ടിയുമായുള്ള അസ്വാരസ്യം മൂലമാണ് സുരേഷ് ഗോപി ഈ റോൾ വേണ്ടെന്ന് വെച്ചതെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകള്‍. ഇത്തരം പ്രചരണം ശക്തമാകുന്നതിനിടയില്‍ തന്നെ സുരേഷ് ഗോപിയുടെ കിച്ചാമണി എംബിഎ എന്ന സിനിമയുടെ പൂജയ്ക്ക് മമ്മൂട്ടി എത്തിയിരുന്നു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിലും സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തന്നെ സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയേക്കും. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയെ കൂടാതെ മറ്റൊരു നിർമാണക്കമ്പനിയും ഉണ്ടായേക്കുമെന്നാണ് വിവരം.
അതേസമയം, സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. നേരത്തെ രാജ്യസഭാംഗമായ സമയത്തും സുരേഷ് ഗോപിയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തയുണ്ടായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തിന് മന്ത്രിയാകാതെ രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കേണ്ടി വന്നു. സുരേഷ് ഗോപിക്ക് പുറമെ രാജീവ് ചന്ദ്രശേഖറിനെ കൂടി മന്ത്രിയായി പരിഗണിക്കാന്‍ സാധ്യതയുണ്ട്. രണ്ട് പേർക്ക് ഇടം ലഭിച്ചാല്‍ വി മുരളീധരന് സ്ഥാനം നിലനിർത്താനാകുമോ എന്നത് സംശയമാണ്.












Click it and Unblock the Notifications