സുരേഷ് ഗോപി ഫീല്‍ഡ്ഔട്ടിന്റെ വക്കില്‍: രക്ഷിച്ചത് ആ പടം, കമ്മീഷണറിനും ഏകലവ്യനും മുന്‍പേ
സുരേഷ് ഗോപി തുടക്കകാലത്ത് ചെയ്ത ശ്രദ്ധേയമായ സിനിമകളില്‍ ഒന്നാണ് കടലോരക്കാറ്റ്. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത്
സി പി ജോമോൻ ആയിരുന്നു. യഥാർത്ഥത്തില്‍ മുരളി ചെയ്യേണ്ട വേഷം തന്റെ നിർബന്ധപ്രകാരം സുരേഷ് ഗോപിയിലേക്ക് എത്തുകയായിരുന്നുവെന്നാണ് സിപി ജോമോന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. മാസ്റ്റർബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധാരം എന്ന സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയമാണ് അത്. അത് കൊണ്ട് തന്നെ മുരളിയെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു നിർമ്മാതാവായിരുന്ന തമ്പി കണ്ണന്താനം ആലോചിച്ചത്. എന്നാല്‍ കഥ വായിച്ച് കഴിഞ്ഞപ്പോള്‍ ആ വേഷം മുരളിക്ക് യോജിച്ചത് അല്ലെന്നും സുരേഷ് ഗോപിക്കായിരിക്കും കൂടുതല്‍ ചേരുകയെന്നും എനിക്ക് തോന്നി. ഇക്കാര്യം ഞാന്‍ തമ്പികണ്ണന്താനത്തോട് പറയുകയും ചെയ്തു.

സുരേഷ് ഗോപി വേണ്ട മുരളി തന്നെ മതിയെന്ന നിലപാടിലായിരുന്നു തമ്പി കണ്ണന്താനം. അന്ന് ആധാരം എന്ന പടം സൂപ്പർ ഹിറ്റാണ്. മുരളി കരുത്തുറ്റ ഒരു നടനായി അറിയപ്പെട്ട് തുടങ്ങിയ സമയാണ്. എന്നാലും കടലോരക്കാറ്റിലെ വേഷത്തിലേക്ക് എനിക്ക് സുരേഷ് ഗോപി മതിയെന്ന് ഞാന്‍ നിർബന്ധം പിടിച്ചു. ഒടുവില്‍ എന്റെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി.
മീന്‍ പിടിച്ച് പണക്കാരനാകുന്ന ഒരു വ്യക്തിയാണല്ലോ അതിലെ കഥാപാത്രം. പണക്കാരനായതിന് ശേഷമുള്ള ആ അപ്പിയറന്‍സില്‍ കൂടതല്‍ നല്ലതായി എനിക്ക് സുരേഷ്ഗോപിയെ തോന്നി. സുരേഷ് ഗോപിയോട് ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്നത് തമ്പികണ്ണന്താനമാണ്. അദ്ദേഹം ഒരു വലിയ സംവിധായകൻ കൂടിയായതിനാൽ സുരേഷ് ഗോപി ചെയ്യാമെന്ന് സമ്മതിച്ചു.
അന്ന് സുരേഷ് ഗോപി സൂപ്പർസ്റ്റാർ അല്ല. കമ്മീഷണറും ഏകലവ്യനുമൊക്കെ പിന്നീടാണ് വരുന്നത്. യഥാർത്ഥത്തില്‍ കടലോരക്കാറ്റാണ് സുരേഷ് ഗോപിയെ സിനിമ മേഖലയില്‍ നിന്നും പുറത്ത് പോകാതെ പിടിച്ച് നിർത്തിയത്. മമ്മൂട്ടി ന്യൂഡല്‍ഹിയിലൂടെ തിരിച്ച് വന്നുവെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ, അതുപോലെ സുരേഷ് ഗോപിയെ പിടിച്ച് നിർത്തിയത് ഈ ചിത്രമാണ്. ഇത് സുരേഷ് ഗോപി തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കടലോരക്കാറ്റിന് മുമ്പ് വന്ന ചിത്രങ്ങളൊന്നും നല്ല രീതിയില്‍ ഓടിയിരുന്നില്ല. എന്നാല്‍ ഫീല്‍ഡ് ഔട്ടാകാതെ കടലോരക്കാറ്റ് അദ്ദേഹത്തെ സിനിമയില്‍ ഉറപ്പിച്ച് നിർത്തി. പടങ്ങള്‍ ഓടിയാലെ നടന്മാർക്ക് ഗുണം ഉണ്ടാകൂ എന്ന് എല്ലാവർക്കും അറിയാം. അന്നത്തെ കാലത്ത് 80 ലക്ഷം രൂപയോളം ചിത്രത്തിന് ലാഭം കിട്ടിയെന്നാണ് ഞാന്‍ അറിഞ്ഞതെന്നും ജോമോന്‍ പറയുന്നു.
സുരേഷ് ഗോപിയെ ശരിക്കും സ്റ്റാർ ആക്കുന്നത് കമ്മീഷണറും ഏകലവ്യനുമൊക്കെയാണ്. എന്റെ പടത്തില്‍ അദ്ദേഹം നല്ല രീതിയില്‍ സഹകരിച്ചു. ഒരു തിരിച്ച് വരവ് അദ്ദേഹത്തിനും ആവശ്യമായിരുന്നു. മനസ്സ് അറിഞ്ഞ് തന്നെ അഭിനയിക്കുകയും ചെയ്തു. പിന്നീട് പ്രമുഖരായ നിരവധി മറ്റ് അഭിനേതാക്കളും ആ ചിത്രത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications