10 ദിവസത്തേക്ക് 80000 രൂപ, ഒപ്പം താമസവും; ഒറ്റക്കൊമ്പന്‍ ഷൂട്ടിംഗില്‍ കോളടിച്ചത് വഴിയോരക്കച്ചവര്‍ക്കാര്‍ക്ക്
സൂപ്പര്‍സ്റ്റാറും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. കോട്ടയം പാലായിലെ ഒരു അച്ചായന്‍ കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ഒറ്റക്കൊമ്പന്റെ ചിത്രീകരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പാലായില്‍ പുരോഗമിക്കുകയാണ്. സുരേഷ് ഗോപിയുടെ രംഗങ്ങളും ഇവിടെ ചിത്രീകരിക്കുന്നുണ്ട്.
അതിനാല്‍ തന്നെ താരം കുറച്ച് ദിവസമായി ഇവിടെയുണ്ട്. പാലാക്കാരുടെ പ്രധാന പെരുന്നാളായ പാലാ ജൂബിലിയുടെ ചിത്രീകരണമാണു കുരിശുപള്ളി ജംഗ്ഷില്‍ നടക്കുന്നത്. ജൂബിലി തിരുനാളിന്റെ ഭാഗമായുള്ള പ്രദക്ഷിണത്തിന്റെ രംഗങ്ങളാണ് ഇവിടെ വെച്ച് ചിത്രീകരിക്കുന്നത്. ഈ സിനിമയിലെ ഒരു പ്രധാന രംഗം കൂടിയാണിത്. ജൂബിലി തിരുനാളിന്റെ ഭാഗമായുള്ള പ്രദക്ഷിണത്തില്‍ സുരേഷ് ഗോപിയും പങ്കെടുക്കുന്നുണ്ട്.

ഇത് കൂടാതെ സംഘട്ടനം, ഒരു പാട്ട് അടക്കമുള്ള രംഗങ്ങളും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട് എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ മുന്നൊരുക്കത്തിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ജൂബിലി തിരുനാള്‍ ഷൂട്ടിനായി രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ച അഞ്ച് വരെയാണ് ഇവിടെ ചിത്രീകരണം നടക്കുന്നത്.
ജൂബിലിയുടെ യഥാര്‍ഥ ഫീല്‍ കിട്ടാനായി ഷൂട്ടിംഗ് നടക്കുന്നയിടത്തെ കടകളെല്ലാം ഈ സമയം വരെ തുറന്നിടും. ഈ കടകളില്‍ എല്ലാം അലങ്കാര വിളക്കുകളും ഘടിപ്പിച്ചിട്ടുണ്ട്. ജൂബിലിയില്‍ മാതാവിന്റെ പ്രദക്ഷിണം രണ്ട് ദിവസമാണ്. എന്നാല്‍ ഒറ്റക്കൊമ്പന്‍ സിനിമയില്‍ 10 ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്. ഈ ദിവസമത്രയും ഇവിടത്തെ കടകള്‍ വാടകയ്‌ക്കെടുത്തിരിക്കുകയാണ് ഒറ്റക്കൊമ്പന്‍ ടീം.
സിനിമാ ചിത്രീകരണം നടക്കുന്നതിനാല്‍ രാത്രി ഒമ്പത് മണിക്ക് ശേഷം ഇവിടെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഷൂട്ടിംഗിനായി ഉപയോഗിക്കുന്നുണ്ട്. തിരുനാള്‍ പ്രദക്ഷിണത്തിന്റെ രംഗമായതിനാല്‍ തന്നെ പാലാക്കാര്‍ ഉള്‍പ്പെടെ ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആണ് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്. ഷൂട്ടിംഗിനി വേണ്ടി വൈദ്യുത ദീപാലങ്കാരങ്ങളും തോരണങ്ങളും വഴിയോര കച്ചവടവുമെല്ലാം നഗരത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് വഴിയോര കച്ചവടക്കാരെ കൊണ്ടുവന്നിരിക്കുന്നത്. 10 ദിവസത്തേക്ക് 80,000 രൂപ വരെയാണ് ഇവര്‍ക്ക് വാടകയായി നല്‍കുന്നത്. ഇത് കൂടാതെ താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബറില്‍ ആണ് പാലയില്‍ യഥാര്‍ഥ ജൂബിലി നടക്കുന്നത്. നവാഗത സംവിധായകനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ് ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്.
സുരേഷ് ഗോപിയെ കൂടാതെ ഇന്ദ്രജിത്ത്, ലാല്‍, ജോണി ആന്റണി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അതേസമയം പാലായിലെ ഷൂട്ടിംഗ് ഈ മാസം ഒമ്പതിന് അവസാനിക്കും.












Click it and Unblock the Notifications