മമ്മുട്ടി ഭ്രമിപ്പിക്കുന്നു: ഒസ്കാറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ലെന്ന് സ്വാമി സന്ദീപാനന്ദ ഗിരി
മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമുയും എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കളക്ഷനിലും ചിത്രം മികച്ച രീതിയില്‍ മുന്നേറുകയാണ്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ചിത്രത്തിന്‍റെ ആകെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷൻ നിലവിൽ 5.6 കോടി രൂപയാണ്.
ആദ്യ ദിനത്തില്‍ 3.1 കോടിയായിരുന്നു ചിത്രത്തിന്റെ ആകെ കളക്ഷന്‍. രണ്ടാം ദിനം 2.5 കോടി കളക്ഷൻ നേടി. 72.65 ശതമാനം ഒക്യുപൻസിയുമായി നൈറ്റ് ഷോകളിൽ ഭ്രമയുഗത്തിന് ലഭിച്ചത്. ഇതേത്തുടർന്ന് ഈവനിംഗ് ഷോകളിൽ 51 ശതമാനവും ഉച്ചകഴിഞ്ഞുള്ള ഷോകളിൽ 36.83 ശതമാനവും, രാവിലെയുള്ള ഷോയില്‍ 26.92 ശതമാനവും ഒക്യുപൻസി ഭ്രമയുഗത്തിന് ലഭിച്ചതായും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.

ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പല പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ലെന്നാണ് മമ്മൂട്ടിയെക്കുറിച്ച് സ്വാമി സന്ദീപാനന്ദഗിരിക്ക് പറയാനുള്ളത്. ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. പുരാണങ്ങളിൽ ധർമത്തിന്റേയും അധർമത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു.
അതുപോലെ മനുഷ്യനിലെ ബാല്യം, കൌമാരം, യൌവ്വനം, വാർദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്. ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്, ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ. ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി,പച്ച മഞ്ഞ ചുവപ്പ്,അന്ധർ ബധിരർ മൂകർ,മാമ ആഫ്രിക്ക,എന്നീ ക്ളാസിക്കുകൾ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി.രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളിൽ! ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു. ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല. അർജുൻ അശോകൻ,സിദ്ധാർഥ്,അമൽഡ ലിസ്,ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം.












Click it and Unblock the Notifications