'ശ്വേത മേനോനെ സംസ്കാരം പഠിപ്പിക്കാന്‍ ഇറങ്ങിയ മഹിളാരത്നങ്ങൾ ദിയ കൃഷ്ണയുടെ കാര്യത്തിലെന്താണ് ചെയ്യുന്നത്'
മുംബൈയിലെ ബന്‍സര്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ ശ്വേതാ മേനോന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും അത് വീഡിയോയിൽ ലൈവായി പകർത്തിക്കൊണ്ട് സാംസ്കാരിക പൊതു ബോധങ്ങളെ അവർ പൊളിച്ചെഴുതുകയും ചെയ്തത് 2012 ലാണ്. അന്ന് അവർ ദൃശ്യ പത്ര സമൂഹ മാധ്യമങ്ങളിൽ അടിമുടി വേട്ടയാടപ്പെട്ടു. തെറികളിൽ തുടങ്ങി ശ്വേതയുടെ തലമുറകളെയും ജനിച്ച കുഞ്ഞിനേയും വരെ മലയാളികൾ അശ്ലീലങ്ങൾ കുത്തിനിറച്ചുകൊണ്ട് അധിക്ഷേപിച്ചു.
വർഷം 2025 പിറന്നിട്ടും ശ്വേതയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ഇന്നും ആ സംഭവത്തെ തുടർന്നുള്ള മോശം കമന്റുകൾ അവസാനിച്ചിട്ടില്ല. അതായത് സാംസ്കാരിക കേരളത്തിൽ ഒരു ദിയ കൃഷ്ണ ആഘോഷിക്കപ്പെടുമ്പോൾ, ഒരു ശ്വേത മേനോൻ ഇപ്പോഴും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്.

സമൂഹത്തിൽ വന്ന മാറ്റമല്ല, ദിയ കൃഷ്ണയോടുള്ള സ്നേഹം നിലനിൽക്കുന്ന പ്രേക്ഷകരുടെ രാഷ്ട്രീയവും, കുടുംബപരമായി അവർക്ക് ലഭിക്കുന്ന സ്വീകാര്യതയും മാത്രമാണ് ഇന്ന് രണ്ടു പാർട്ടുകളായി ഇറക്കിയ ലേബർ റൂമിലെ കാഴ്ചകൾക്ക് കിട്ടുന്ന കയ്യടികളിൽ മുഴച്ചു നിൽക്കുന്നത്. നിങ്ങൾ നോക്കൂ ഇതിൽ ആരും എടുത്തു പറയാത്ത കാലത്തിന്റെ ഒരു കാവ്യ നീതി കൂടിയുണ്ട്, അന്ന് ശ്വേതാ മേനോനെ കേട്ടാൽ അറയ്ക്കുന്ന തെറികൾ വിളിച്ചവർ ഇന്ന് ദിയ കൃഷ്ണയെ അഭിനന്ദിക്കാൻ കൈകൾ ചലിപ്പിക്കുന്നു. ഉള്ളിൽ സാംസ്കാരിക ബോധം ഉറഞ്ഞു നിന്നിട്ടും അറബിക്കഥയിലെ ശ്രീനിവാസനെ പോലെ കേരളത്തിന്റെ സദാചാര സംരക്ഷകർ അവനവനിടങ്ങളിൽ മാത്രം മുദ്രാവാക്യങ്ങൾ മുഴക്കുന്നു.
മലയാളികൾ അവരുടെ പഴഞ്ചൻ ബോധങ്ങൾ പൊട്ടക്കിണറ്റിൽ എറിഞ്ഞു എന്ന് ദിയ കൃഷ്ണയുടെ വീഡിയോയ്ക്ക് താഴെ വരുന്ന അഭിനന്ദന കമന്റുകൾ കണ്ട് ആരും തെറ്റിദ്ധരിക്കേണ്ട, ആളും തരവും നോക്കി പെരുമാറാൻ അവർ മനസ്സിലാക്കി തുടങ്ങി എന്നതാണ് സത്യം. എന്തിന് ശ്വേത മേനോനെ സംസ്കാരം പഠിപ്പിക്കാൻ 2012 ൽ ഇറങ്ങിയ മഹിളാരത്നങ്ങൾ വരെ ദിയ കൃഷ്ണയുടെ വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങൾ മോളെ, വീട്ടിലെ ആദ്യത്തെ ആൺ തരി എന്നൊക്കെ പറഞ്ഞു കൊലച്ചിരിക്കുള്ളിലെ വർണക്കടലാസുകൾ മുഖത്ത് കീറി ഒട്ടിക്കുന്നുണ്ട്.
ഇനി എന്റെ കുഞ്ഞ് ആദ്യമായി എന്നെ കാണുമ്പോൾ എന്നെ സൗന്ദര്യത്തോടെ കാണണമെന്ന് പറഞ്ഞു ദിയ മുഖക്കുരുവും ആഗ്നെയും ഇല്ലാതാക്കാൻ പെട്ട പെടാപ്പാട് കാണുമ്പോൾ ഈ ലോകത്തിന്റെ, മനുഷ്യരുടെ സൗന്ദര്യ ബോധത്തോടുള്ള വെറുപ്പും വിദ്വേഷങ്ങളും മുൻ ധാരണകളും തെറ്റിദ്ധാരണകളും വ്യക്തമാകുന്നുണ്ട്. മുഖക്കുരു പാപമാണെന്നും, ആഗ്നെകൾ എന്തോ അറപ്പുള്ളതാണെന്നും പറഞ്ഞു വെക്കുന്നത് ഒരുപക്ഷെ ചരിത്രത്തിൽ നിന്ന് അവരെ വളർത്തിയെടുത്ത വേരുകളുടെ അപചയമായിത്തന്നെ വായിച്ചെടുക്കാം.
എന്തായാലും അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ.. വാർത്തകൾക്ക് വറുതി വന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് ഓമിയുടെ പേരിടൽ ചടങ്ങിന് തുടങ്ങി നൂലുകെട്ടിനും ഭാവിയിൽ ആ കുഞ്ഞിന്റെ ഹൽദിയ്ക്കും വരെ ക്ഷണം കിട്ടട്ടെ..












Click it and Unblock the Notifications