വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്?, സഖ്യമോ പുതിയ പാർട്ടിയോ?: നിലപാട് പറഞ്ഞ് വിശാല്‍
എംജിആർ, ജയലളിത, വിജയകാന്ത്, ശരത് കുമാർ, കമല്‍ ഹാസന്‍ തുടങ്ങിയ നിരവധി പ്രമുഖരുടെ ചുവട് പിടിച്ചുകൊണ്ട് തമിഴ് സൂപ്പർ സ്റ്റാർ വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപികരിച്ചുകൊണ്ടാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം. കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നും വിജയ് വ്യക്തമാക്കിയിട്ടുണ്ട്.
വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറ്റൊരു തമിഴ് താരമായ വിശാലും രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. പ്രത്യക്ഷമായല്ലെങ്കിലും തന്റെ രാഷ്ട്രീയ നിലപാടുകള്‍ നേരത്തെ പലപ്പോഴായി വ്യക്തമാക്കിയുട്ടയാളാണ് വിശാല്‍. തമിഴ് സിനിമ സംഘടനകളുടെ തലപ്പത്ത് ഇരുന്നുകൊണ്ട് സംഘടനാ രംഗത്തും താരം സജീവമാണ്. ഇത്തരം പ്രചരണം ശക്തമായതോടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിശാല്‍ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.

സഹപ്രവർത്തകനും സുഹൃത്തുമായ വിജയ് പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചെങ്കിലും തനിക്ക് അത്തരമൊരു ഉദ്ദേശം ഇപ്പോഴില്ലെന്നാണ് വിശാൽ എക്സിലൂടെ വ്യക്തമാക്കിയത്. തൻ്റെ സിനിമാ ജീവിതത്തിലുടനീളം തനിക്ക് ലഭിച്ച പിന്തുണക്ക് നന്ദിയുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾ പ്രതീക്ഷിച്ച് താൻ ഒരിക്കലും ആളുകളെ സഹായിച്ചിട്ടില്ലെന്നും വിശാല്‍ പറഞ്ഞു.
തൻ്റെ ആരാധക കൂട്ടായ്മയായ 'മക്കൾ നല ഇയക്ക'ത്തിലൂടെ ക്ഷേമപ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയ വിശാല്‍ ഭാവിയിലെ രാഷ്ട്രീയ പ്രവേശന സാധ്യതകളെ പൂർണ്ണമായി തള്ളിക്കളയുന്നുമില്ല. രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ച് ഭാവിയിലെ സാധ്യതകൾ തുറന്ന് പറയുമെന്നും വിശാൽ വ്യക്തമാക്കി.
അതേസമയം ഹരി സംവിധാനം ചെയ്യുന്ന 'രത്നം' എന്ന തൻ്റെ വരാനിരിക്കുന്ന ആക്ഷൻ എൻ്റർടെയ്‌നറിൻ്റെ ചിത്രീകരണം പൂർത്തിയായതായി വിശാല്‍ അറിയിച്ചു. ഏപ്രിൽ 26 ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. തന്റെ പ്രേക്ഷകർ ആസ്വദിക്കാനുള്ള എല്ലാ ഘടകങ്ങളും ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തമിഴ്നാട് രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കുന്ന വിശാൽ ജയലളിതയുടെ മരണത്തിനു പിന്നാലെ ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്നു. എന്നാൽ, നാമനിർദേശ പത്രിക തള്ളിപ്പോയി. ഇതിന് പിന്നാലെയാണ് ആരാധക സംഘത്തിന്റെ പേര് 'മക്കൾ നല ഇയക്കം' (പൊതുജന നൻമയ്ക്കുള്ള സംഘം) എന്നാക്കി മാറ്റുന്നത്.












Click it and Unblock the Notifications