ധനുഷ്, വിശാല്‍, ചിമ്പു, അഥര്‍വ എന്നിവരുടെ സിനിമ ഇനി ഇറങ്ങില്ല; തമിഴ് സിനിമാ ലോകത്ത് ഞെട്ടല്‍
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കള്‍. ധനുഷ്, ചിലമ്പരസന്‍ (ചിമ്പു), വിശാല്‍, അഥര്‍വ എന്നിവര്‍ക്കാണ് വിലക്ക്. നേരത്തെ തയ്യാറാക്കിയ കരാറുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് കാരണം. നാല് പേര്‍ക്കെതിരെയും നേരത്തെ നിര്‍മാതാക്കള്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു.
പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നിര്‍ണായകമായ തീരുമാനം എടുത്തത്. തമിഴ് സിനിമാ ലോകത്ത് ഞെട്ടലുണ്ടാക്കുന്ന തീരുമാനമാണിത്. താരങ്ങള്‍ നാലു പേരും ഇതുവരെ പ്രതികരിച്ചിട്ടില്ല. നാലു പേര്‍ക്കും ചുവപ്പ് കാര്‍ഡ് കിട്ടി എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുമായി ഇനി ഒരു നിര്‍മാതാക്കളും സഹകരിക്കില്ല എന്ന് ചുരുക്കം.

നിര്‍മാതാവ് മൈക്കല്‍ രായപ്പനാണ് ചിമ്പുവിനെതിരെ പരാതി നല്‍കിയിരുന്നത്. 60 ദിവസത്തേക്ക് കരാര്‍ ഒപ്പുവച്ച ശേഷം 27 ദിവസം മാത്രം അഭിനയിച്ച് നിര്‍ത്തി എന്നാണ് ചിമ്പുവിനെതിരായ പരാതി. അന്‍പാണവന്‍ അടങ്കാത്തവന്‍ അസറാത്തവന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവാണ് മൈക്കല്‍ രായപ്പന്‍. ചിമ്പു കാരണം സാമ്പത്തിക നഷ്ടമുണ്ടായെന്ന് നിര്‍മാതാവ് പറയുന്നു. വിലക്കിനോട് ഇതുവരെ ചിമ്പു പ്രതികരിച്ചിട്ടില്ല.
വിശാലിനെതിരെ സാമ്പത്തിക അച്ചടക്കമില്ലായ്മയുമായി ബന്ധപ്പെട്ട പരാതിയാണ് ഉയര്‍ന്നിരുന്നത്. അസോസിയേഷന്റെ പ്രസിഡന്റായിരുന്ന വേളയില്‍ പണം തിരിമറി നടത്തിയെന്നാണ് ആരോപണം. തമിഴ് സിനിമാ താരസംഘടനയുടെ നേതൃപദവിയിലുള്ള നടന്‍ കൂടിയാണ് വിശാല്‍ റെഡ്ഡി. മാര്‍ക് ആന്റണി എന്ന വിശാലിന്റെ സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ സംഭവങ്ങള്‍.
നിര്‍മാതാവ് മതിയഴകനുമായിട്ടാണ് നടന്‍ അഥര്‍വയ്ക്ക് തര്‍ക്കമുള്ളത്. അഥര്‍വയുടെ സെമ്മ ബോത ആഗതി എന്ന സിനിമ നിര്‍മിച്ചത് മതിയഴകനാണ്. ചിത്രം സാമ്പത്തികമായി വേണ്ടത്ര വിജയിക്കാതെ വന്നതോടെ മറ്റൊരു സിനിമ കൂടി ചെയ്യാമെന്ന് അഥര്‍വ സമ്മതിച്ചിരുന്നുവത്രെ. എന്നാല്‍ പിന്നീട് നടന്‍ വാക്ക് മാറ്റി എന്നാണ് മതിയഴകന്റെ പരാതി.
ശ്രീ തെനന്തല്‍ ഫിലിംസുമായി ധനുഷിന് ദീര്‍ഘകാല കരാറുണ്ടായിരുന്നുവത്രെ. ഇത് ലംഘിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ പരാതി. ഇത് കാരണം നിര്‍മാണ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി എന്നും പരാതിയുണ്ട്. ഈ നിര്‍മാണ കമ്പനിക്ക് വേണ്ടി ധനുഷ് ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ചിമ്പു, വിശാല്‍, എസ്‌ജെ സൂര്യ, അഥര്‍വ, യോഗി ബാബു തുടങ്ങിയ താരങ്ങള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞ ജൂണില്‍ താക്കീത് നോട്ടീസ് നല്‍കിയിരുന്നു. തമിഴ് സിനിമയിലെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ഇവരെല്ലാം. വിഷയത്തില്‍ പരിഹാരമുണ്ടാകുകയും പുതിയ നോട്ടീസ് ലഭിക്കുകയും ചെയ്യുന്നത് വരെ വിലക്കുള്ള താരങ്ങളുമായി നിര്‍മാതാക്കള്‍ സഹകരിക്കില്ല.












Click it and Unblock the Notifications