ദളപതി 69 അല്ല, ജന നായകന്‍!! വിജയ് ചിത്രത്തിന് പേരിട്ടു, ഇനി സമ്പൂര്‍ണ വിട, അവസാന ചിത്രം
ചെന്നൈ: വിജയ് ആരാധകര്‍ക്ക് ആവേശം നല്‍കി താരത്തിന്റെ അവസാന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്ത്. ജനനായകന്‍ എന്നായിരിക്കും വിജയ് ചിത്രത്തിന്റെ പേര്. 69ാം ചിത്രം ആയതുകൊണ്ട് ദളപതി 69 എന്നാകും സിനിമയുടെ പേരെന്ന് പ്രതീക്ഷിച്ചിരുന്നു. റിപബ്ലിക് ദിനത്തില്‍ വിജയ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു.
ചിത്രത്തിന്റെ പേര് ഞായറാഴ്ച പരസ്യമാക്കുമെന്ന് നിര്‍മാണ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ വിജയ് ആരാധകര്‍ കാത്തിരിക്കവെയാണ് ഇന്ന് ജനനായകന്‍ എന്ന പേരുമായി വിജയ് തന്നെ രംഗത്തുവന്നിരിക്കുന്നത്. ആരാധകരെ പിന്നിലിരുത്തി സെല്‍ഫി എടുക്കുന്ന ഫോട്ടോയാണ് വിജയ് ഇതോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

വിജയുടെ അവസാന സിനിമയായിരിക്കും ജനനായകന്‍ എന്നാണ് കരുതുന്നത്. ഇനി അദ്ദേഹം സമ്പൂര്‍ണ രാഷ്ട്രീയക്കാരനായി മാറും. മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വിജയ് കേന്ദ്രീകരിക്കുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നു. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് വിജയ്.
മൂന്ന് വര്‍ഷമായി വിജയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍ ചര്‍ച്ചയാണ്. ആരാധക കൂട്ടായ്മ വഴി രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹം പരിശോധിച്ചിരുന്നു. ആരാധകരെ മല്‍സരിക്കാന്‍ അനുവദിക്കുകയും ഒട്ടേറെ സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കൃത്യമായ സാധ്യതകളുണ്ട് എന്നും വിജയ് മനസിലാക്കുന്നു.
എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ മേല്‍ക്കൈ തുടരവെയാണ് വിജയ് എത്തുന്നത്. പ്രതിപക്ഷമായ അണ്ണാഡിഎംകെ ജയലളിതയുടെ മരണ ശേഷം ശിഥിലമായതും വിജയ്ക്ക് വഴി എളുപ്പമാക്കി. വിജയിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിച്ചിരുന്നു എങ്കിലും ബിജെപിയെയും ഡിഎംകെയെയും ഒരുപോലെ വിമര്‍ശിച്ചാണ് വിജയുടെ രംഗപ്രവേശം.
തന്റെ വരുംകാല രാഷ്ട്രീയ നീക്കങ്ങള്‍ക്ക് നേട്ടമാകുന്ന രീതിയില്‍ തന്നെയാണ് അവസാന ചിത്രം വിജയ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പേര് നിശ്ചയിച്ചതും ഇക്കാര്യം പരിഗണിച്ചാണത്രെ. കൂളിങ് ഗ്ലാസ് ധരിച്ച് സെല്‍ഫി എടുക്കുന്ന ചിത്രമാണ് ജനനായകന്റെ ടൈറ്റില്‍ പരസ്യപ്പെടുത്തിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിജയ് പങ്കുവച്ചിരിക്കുന്നത്.
പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയ പാന്‍ ഇന്ത്യന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. സിനിമയുടെ വിജയത്തിനും പ്രചാരണത്തിനും ഇത് സഹായിക്കുമെന്ന് അണിയറ പ്രവര്‍ത്തകന്‍ മനസിലാക്കുന്നു. അടുത്തിടെ കാഞ്ചീപുരത്ത് നടന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വിജയ് നേരിട്ട് എത്തിയിരുന്നു. അവസാന സിനിമ ഇറങ്ങുന്നതോടെ വിജയ് സമ്പൂര്‍ണമായി രാഷ്ട്രീയക്കാരനായി മാറും.












Click it and Unblock the Notifications