'ദുൽഖർ സൽമാൻ അല്ല ആ റേസർ'; ബാംഗ്ലൂർ ഡെയ്സിലെ ക്ലൈമാക്സ്, രഹസ്യം വെളിപ്പെടുത്തി അഞ്ജലി മേനോൻ
അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ ക്ലൈമാക്സിലെ റേസിംഗ് രംഗങ്ങൾ ആരാധകർക്ക് അത്ര എളുപ്പം മറക്കാനാകില്ല. ട്രാക്കിലൂടെ ബൈക്ക് ചീറിപ്പായിച്ച് കൊണ്ടുള്ള ദുൽഖർ സൽമാൻ കഥാപാത്രമായ 'അജു' വിന്റെ പ്രകടനം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കണ്ടത്. ഡ്യൂപ്പില്ലാതെയാണോ താരം അത്തരമൊരു ബൈക്ക് റേസിംഗ് നടത്തിയതെന്ന ചോദ്യം ഉണ്ടായിരുന്നു. എന്നാൽ അന്ന് ഇതിനോട് സിനിമ അണിയറ പ്രവർത്തകർ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ സംവിധായക തന്നെ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. സംവിധായക പറയുന്നത് ഇങ്ങനെ
'ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിങ്ങിനെപ്പറ്റി ഞാൻ ഒരുപാട് സംസാരിച്ചിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സില്‍ വലിയൊരു റേസ് ഉണ്ട്. എന്നാൽ അത്തരത്തിലൊരു റേസ് ചെയ്യാൻ സത്യത്തിൽ ഞങ്ങളുടെ കൈയ്യിൽ ബജറ്റ് ഇല്ലായിരുന്നു. ഭാഗ്യവശാൽ അതുപോലൊരു സൂപ്പർക്രോസ് ടൂർണമെന്റ് പൂനയിൽ നടക്കുന്നുണ്ടെന്ന വിവരം ഞങ്ങൾക്ക് കിട്ടി.

വൈകിട്ട് ഏഴു മുതൽ പത്തു വരെയാണ് റേസ് നടക്കുന്നത്. അവിടെയെത്തിയപ്പോൾ അന്നത്തെ നാഷനൽ ചാംപ്യനായ അരവിന്ദ് കെപിയോട് ഞങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചു. അങ്ങനെ ദുൽഖർ ചെയ്ത അജു എന്ന കഥാപാത്രമായി അരവിന്ദിനെയാണ് റേസിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ അവിടെയെത്തി റേസ് ചിത്രീകരിക്കാനുള്ള തയാറെടുപ്പുകളൊക്കെ നടത്തി.
നിർഭാഗ്യവശാൽ ആദ്യ റേസിൽ അരവിന്ദ് പരാജയപ്പെട്ടു. ഞാനാകെ ആശങ്കയിലായി. കാരണം നമ്മുടെ ഹീറോ പരാജയപ്പെട്ടു, ഇനി എന്ത് ചെയ്യും എന്നായിരുന്നു ചിന്ത. ആകെ രണ്ട് റേസ് ആണ് അരവിന്ദിനുണ്ടായിരുന്നത്, ആദ്യത്തേയും അവസാനത്തേയും റേയ്സ്. മുഴുവന്‍ ഫോക്കസും അരവിന്ദായിരുന്നതിനാൽ മറ്റ് റേസ് രംഗങ്ങളൊന്നും കാമറാമാൻ ഷൂട്ട് ചെയ്തിരുന്നില്ല.
ലാസ്റ്റ് റേസ് ആണ് പിന്നെ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഭാഗ്യവശാൽ ക്യാമറ ക്രൂ കൃത്യമായി പ്രവർത്തിച്ചു, അവസാന റേസിൽ അരവിന്ദ് വിജയിക്കുകയും ചെയ്തു. ആദ്യം പരാജയപ്പെടുകയും പിന്നീട് ജയിക്കുകയും ചെയ്യുന്ന ഷോട്ടുകൾ ഞങ്ങൾ എഡിറ്റ് ചെയ്ത് ചേർത്ത് അതിന് അനുസരിച്ച് കഥയും . അജു ആദ്യം പരാജയപ്പെടുകയും പിന്നീട് വിജയിക്കുകയും ചെയ്യുന്നതാണ് സിനിമയിൽ ഉള്ളത്. സത്യത്തിൽ അതൊരു ഭാഗ്യമായിരുന്നു. എന്നാൽ സിനിമയ്ക്കായി നിരവധി ഡ്രമാറ്റിക് നിമിഷങ്ങളും ഉണ്ടാകണം. ഞങ്ങളുടെ ആർ ടീം അതുപോലൊരു സെറ്റ് ബാംഗ്ലൂരിൽ സെറ്റ് ചെയ്തു. കൊറിയോഗ്രാഫറോ, ഫൈറ്റ് മാസ്റ്ററോ ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications