ഇത് ചിന്മയിയുടെ 'തഗ് ലൈഫ്'; വിലക്കിന്റെ വിലങ്ങ് തകർത്ത് മരണമാസ് തിരിച്ച് വരവ്, പാട്ടിലെ പോരാളി..
തഗ് ലൈഫ് തീയേറ്ററുകളിൽ പൊളിഞ്ഞ് പാളീസായി. കമലഹാസൻ ഡിഎംകെ ടിക്കറ്റിൽ രാജ്യസഭയിലേക്ക് പോകുന്നത് കൊണ്ട് രക്ഷപ്പെട്ടു എന്ന് വിമർശകർ അടക്കം പറയുന്നു. മണിരത്നത്തിനും ഉണ്ട് പരിഹാസം. ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ തന്നെ മനോഹരമായ പ്രണയരംഗങ്ങളും സന്ദർഭങ്ങളും ചിത്രീകരിച്ച സംവിധായകനല്ലേ ഇത് എന്നാണ് അന്തംവിട്ടുള്ള ചോദ്യം. പക്ഷേ ഈ ഭൂലോക തോൽവിക്ക് ശേഷവും തഗ് ലൈഫ് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു. അതിന് കാരണമോ ചിന്മയിയും 'മുത്തമഴൈ' എന്ന പാട്ടും.
25 വർഷംമുമ്പ് തമിഴ് സിനിമാരംഗത്തേക്ക് വഴി തെളിയിച്ച എ ആർ റഹ്മാന്റെ സംഗീതത്തിലൂടെ തന്നെ ചിന്മയിയുടെ തിരിച്ചുവരവ്. അതും എമ്മാതി വരവ്? തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ചിന്മയി നിന്നത് പാട്ടുകാരി മാത്രമായിട്ടല്ല. യുദ്ധം ജയിച്ച പോരാളി ആയിട്ടാണ്. അക്കാര്യത്തിൽ കമലഹാസനും മണിരത്നത്തിനും അഭിമാനിക്കാം. അവൾക്കായി ചുവന്ന പരവതാനി വിരിച്ചതിന്.
മുത്ത മഴൈയുടെ ഒറിജിനൽ ട്രാക്കിനേക്കാൾ കാഴ്ചക്കാരെ നേടി ചിന്മയിയുടെ വീഡിയോ . ആ പാട്ട് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ട്രെൻഡിങ് ആയി. ആ പാട്ടുകൾക്ക് ചുവട് വെച്ച് റീൽ ഇടാൻ യുവത മത്സരിച്ചു. ഇൻസ്റ്റയിലും യുട്യൂബിലും ഫേസ്ബുക്കിലും എല്ലാം ചിന്മയിയുടെ ശബ്ദം മുത്തുമഴയായി പെയ്തിറങ്ങി. പാട്ട് ഹിറ്റായി എന്നതല്ല മറിച്ച് നിലപാടിൽ വിട്ടുവീഴ്ച വരുത്താതെ നീതിക്കായുള്ള പോരാട്ടത്തിൽ അണുവിട പിന്നോട്ട് മാറാതെ തന്നെ മാറ്റി നിർത്തിയ ഇടങ്ങളിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞു എന്നതാകും ചിന്മയിക്ക് ഏറെ സന്തോഷം നൽകിയിട്ടുണ്ടാവുക.

2018ല്‍ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മി ടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സിനിമാരംഗത്ത് ചിന്മയിക്ക് പ്രതിസന്ധികൾ നേരിടേണ്ടി വന്നത്. പിന്നാലെ പാട്ടിന് പുറമെ ഇഷ്ടപ്പെട്ട് ചെയ്തിരുന്ന ഡബ്ബിങ് ജോലികളിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നു. പാട്ട് പാടിക്കുന്നതിലും പൊതുവെ താത്പര്യം കുറഞ്ഞു. പക്ഷേ വിട്ടുവീഴ്ചക്ക് ചിന്മയി തയ്യാറായിരുന്നില്ല.
പ്രതിസന്ധികൾ ഉണ്ടായിടത്തെല്ലാം ചിന്മയി നിലപാട് വ്യക്തമാക്കി കൊണ്ടേയിരുന്നു. ഹേമ കമ്മിറ്റിയുണ്ടാക്കിയത് അതിജീവിതകളുടെ സംരക്ഷണത്തിനല്ലേ, പിന്നെ പൊലീസ് അന്വേഷണത്തിൽ എന്ത് സംരക്ഷണമാണ് ഉണ്ടാവുക എന്ന് ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് കിട്ടുന്ന പിന്തുണയെ ചോദ്യം ചെയ്തു. അനഭലഷണീയ പ്രവണതകൾ തുറന്ന് ചോദിക്കുന്ന പാർവതിയും റിമയും എന്തുകൊണ്ടാണ് അപ്രഖ്യാപിത വിലക്ക് നേരിടുന്നത് എന്ന് ഉറക്കെ ചോദിച്ചു.
തമിഴകത്തിന്റെ ഉലകനായകനെയും പരസ്യമായി ചിന്മയി വിമർശിച്ചു. വർഷങ്ങളായി താൻ നേരിടുന്ന വിലക്കിനെ പറ്റി ഒരക്ഷരം പറയുകയോ ചോദിക്കുകയോ ചെയ്യാത്ത മഹാനടൻ ജന്തർ മന്ദറിലെ സമരപ്പന്തലിൽ എത്തി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ പിന്തുണ അറിയിച്ചപ്പോഴായിരുന്നു അത്.
വൈരമുത്തുവുമായി ചേർന്ന് നിരവധിയായ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള മണിരത്നവും നേരിട്ടുള്ള വിമർശനം ഏൽക്കേണ്ടി വന്നിട്ടുള്ള കമലഹാസനും കേട്ടിരിക്കെ മുത്തമഴൈ ചിന്മയി പാടുമ്പോൾ അതിന് സൗന്ദര്യം കൂടുന്നത് അതു കൊണ്ടാണ്. അല്ലാതെ ദീയുടെ ഒറിജിനൽ മോശമായത് കൊണ്ടല്ല.
ചിന്മയിയുടെ മികവ് പാട്ടിലും പോരാട്ടത്തിലും മാത്രമല്ല. അസ്സലായി പഠിച്ചിട്ടുണ്ട്. സ്വദേശിയും വിദേശിയുമായി നിരവധി ഭാഷകൾ വശമുണ്ട്. ഡാൻസ് കളിക്കും. ഒന്നാന്തരം സംരംഭകയാണ്. തർജമ അല്ലെങ്കിൽ പരിഭാഷ ചെയ്ത് നൽകുന്ന ബ്ലൂ എലിഫന്റ് എന്ന കമ്പനിയുടെ സിഇഒ ആയി സാർക്ക് ഫോറത്തിന്റെ പുരസ്കാരം നേടിയ മിടുക്കിയാണ്. ഐൽ ഓഫ് സ്കിൻ എന്ന പേരിൽ ചർമസംരക്ഷണ ബ്രാൻഡുണ്ട്. ഡീപ് സ്കിൻ ഡയലോഗ്സ് എന്ന പേരിൽ സ്പാ നടത്തുന്നുണ്ട്. രാഹുൽ രവീന്ദ്രന്റെ ഭാര്യയാണ്. ഇരട്ടക്കുട്ടികളുടെ അമ്മയാണ്.
ചിന്മയി എന്ന പേര് ഇപ്പോൾ തരംഗമായി പറന്ന് നടക്കുമ്പോൾ അതൊരു സന്തോഷമാണ്. ആർക്ക്? സ്ത്രീകൾക്ക് ആകെയും. എന്തുകൊണ്ട്? നിലപാട് എടുത്തതിന് . അതിൽ വിട്ടുവീഴ്ച ചെയ്യാത്തതിന്. മുഖം തിരിച്ചവരെ കൊണ്ട് കയ്യടിപ്പിച്ചതിന്. ഇതാൺടാ നാൻ എന്ന് പറയാതെ പറഞ്ഞതിന്... ഒരു വീര്യം നൽകുന്നതു കൊണ്ട്. ചില നഷ്ടങ്ങളിലും അവനവൻ പറഞ്ഞതിൽ ഉറച്ച് നിന്നാൽ ഒന്നും സംഭവിക്കില്ലെന്നും ഇത്തിരി കഴിഞ്ഞാലെങ്കിലും വിജയിക്കുമെന്നും തെളിയിച്ചതിന്.












Click it and Unblock the Notifications