'പുഷ്പ ഫ്ലവറല്ലട, ഫയർ..'; ചരിത്രം കുറിച്ച് അല്ലു അർജുൻ,വികാരാധീനനായി താരം, വീഡിയോ
ഹൈദരാബാദ്: 69-ാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതോടെ തെലുഗ് സിനിമയിൽ ചരിത്ര നേട്ടവുമായി നടൻ അല്ലു അർജുൻ. ഇതാദ്യമായാണ് തെലുഗ് സിനിമയിലെ പ്രകടനത്തിന് ഒരു തെലുഗ് താരത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. പുരസ്കര നേട്ടം അറിഞ്ഞതിന് പിന്നാലെ വളരെ വൈകാരികമായിട്ടായിരുന്നു താരം പ്രതികരിച്ചത്.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അല്ലുവിന് പുരസ്കാരം ലഭിച്ചത്. സുകുമാറിനെ കെട്ടിപിടിച്ച് സന്തോഷം പങ്കുവെയ്ക്കുന്ന അല്ലു അർജ്ജുന്റെ വീഡിയോ ആണ് പുറത്തുവന്നത്. അല്ലു അർജ്ജുന്റെ ഭാര്യ അടക്കം ചുറ്റും കൂടി നിന്നവർ എല്ലാം തന്നെ സന്തോഷം പങ്കിടുന്നത് വീഡിയോയിൽ കാണാം.

സുകുമാറിന്റെ ആദ്യ ചിത്രമായ പുഷ്പയിൽ ചന്ദനക്കൊള്ളക്കാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. വ്യത്യസ്തമായ ലുക്കിലായിരുന്നു ചിത്രത്തിൽ അല്ലു എത്തിയത്. എന്നിരുന്നാലും ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ദേശീയ പുരസ്കാരം ലഭിച്ചുവെന്നത് ആരാധകർ പോലും അത്ഭുതത്തോടെയാണ് കേട്ടത്.
സൂര്യ (ജയ് ഭീം), ധനുഷ് (കർണൻ), ചിലമ്പരശൻ (മാനാട്), ആര്യ (സർപ്പാട്ട പരമ്പരൈ), ജോജു ജോർജ് (നായാട്ട്), ഇന്ദ്രൻസ് (ഹോം), ജൂനിയർ എൻടിആർ - രാം ചരൺ (ആർആർആർ) എന്നിങ്ങനെ ദക്ഷിണേന്ത്യൻ നടൻമാർ മാത്രമാണ് മികച്ച നടനുള്ള മത്സരത്തിന്‍റെ അവസാന റൗണ്ടിലുണ്ടായിരുന്നത്. എന്തായാലും പുഷ്പ വെറും ഫ്ലവറല്ല, ഫയറാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അല്ലുവെന്നാണ് ആരാധകപക്ഷം.
ഇന്ന് വൈകീട്ടോടെയായിരുന്നു ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ആലിയ ഭട്ട(ഗംഗുഭായ് കത്ത്യാവാടി), കൃതി സനോൺ(മിമി) എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. റാത്തി ചിത്രം 'ഗോദാവരി'യിലൂടെ നിഖില്‍ മഹാജനാണ് മികച്ച സംവിധായകൻ.
അതേസമയം ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ കടുത്ത വിമർശനങ്ങളും ആക്ഷേപങ്ങളും പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. അർഹതപ്പെട്ട പല ചിത്രങ്ങളും താരങ്ങളും തഴയപ്പെട്ടുവെന്നാണ് വിമർശനങ്ങൾ. അതിനിടെ കശ്മീർ ഫയൽസിനു ദേശീയ പുരസ്കാരം നല്‍കിയതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. തരംതാഴ്ന്ന രാഷ്ട്രീയ നേട്ടത്തിനായി ദേശീയ പുരസ്കാരത്തിന്റെ വിലകളയരുതെന്നായിരുന്നു സ്റ്റാലിൻ പറഞ്ഞത്.












Click it and Unblock the Notifications