ഖത്തര്‍ രാജകുമാരി പിന്തുടരുന്ന ഒരേയൊരു ഇന്ത്യന്‍ സിനിമാ താരം; പേരു കേട്ടാല്‍ അത്ഭുതപ്പെടും
ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ഖത്തര്‍ രാജകുമാരി ഷെയ്ഖ അല്‍ മയസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി. ഖത്തര്‍ രാജകുടുംബത്തില്‍ നിന്ന് പൊതുസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളതും അറിയപ്പെടുന്നതുമായ മുഖം കൂടിയാണ് അല്‍ മയാസയുടേത്.
മിഡില്‍ ഈസ്റ്റിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യം കൂടിയാണ് ഖത്തര്‍ രാജകുമാരി. സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. രാജകീയമായ പ്രശസ്തിക്കപ്പുറം മനുഷ്യ സ്‌നേഹി, കലാ സ്‌നേഹി എന്നീ നിലകളിലാണ് ഷെയ്ഖ അല്‍ മയസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി കൂടുതല്‍ അറിയപ്പെടുന്നത്. ലോകപ്രശസ്തമായ ഖത്തര്‍ മ്യൂസിയംസിന്റെ ചെയര്‍പേഴ്സണ്‍ കൂടിയാണ് ഷെയ്ഖ അല്‍ മയസ.

ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ആണ് രാജകുമാരിക്കുള്ളത്. ഖത്തര്‍ രാജകുമാരി പിന്തുടരുന്നത് ആഗോള രാഷ്ട്രീയ നേതാക്കള്‍, യൂറോപ്യന്‍, അറബ് രാജകുടുംബാംഗങ്ങള്‍, പ്രമുഖ സാംസ്‌കാരിക നായകര്‍ എന്നിവരെയൊക്കെയാണ്.
ഇപ്പോഴിതാ ഖത്തര്‍ രാജകുമാരി ഷെയ്ഖ അല്‍ മയസ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു സെലിബ്രിറ്റി താരത്തെ കുറിച്ചാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യയിലെ ഒരു ബോളിവുഡ് താരത്തെയാണ് ഷെയ്ഖ് അല്‍ മയസ പിന്തുടരുന്നത്.
ഖത്തര്‍ രാജകുമാരി പിന്തുടരുന്ന ബോളിവുഡ് താരം എന്നു പറയുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക ഐശ്വര്യ റായിയുടെയോ പ്രിയങ്ക ചോപ്രയുടെയോ ഒക്കെ മുഖം ആയിരിക്കും. ഇവരൊക്കെ ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച് ആഗോള തലത്തില്‍ പ്രശസ്തി നേടിയവരാണ്. എന്നാല്‍ ഖത്തര്‍ രാജകുമാരി ഇവരെ ആരെയുമല്ല പിന്തുടരുന്നത്.
ശ്രദ്ധേയം എന്ന് പറയട്ടെ, ബോളിവുഡിലെ ഗ്ലാമറസ് നടി മല്ലിക ഷെരാവത്തിനെയാണ് ഖത്തര്‍ രാജകുമാരി പിന്തുടരുന്നത്. അത് വെറും താരാരാധന കൊണ്ടല്ല. മറിച്ച് ഒരു ദശാബ്ദത്തില്‍ ഏറെയായി ഇരുവരും തമ്മില്‍ സൗഹൃദമുണ്ട്. ഇവര്‍ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് യുഎസില്‍ നിന്നാണ് എന്ന പ്രത്യേകതയുമുണ്ട്
അമേരിക്കയില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ വച്ചാണ് ഖത്തര്‍ രാജകുമാരിയും മല്ലിക ഷെരാവത്തും കണ്ടുമുട്ടുന്നത്. ആകസ്മികമായ ഒരു കൂടിക്കാഴ്ച എന്ന് തന്നെ പറയാം. വളരെ വ്യത്യസ്തമായ സംസ്‌കാരങ്ങളില്‍ നിന്നാണെങ്കിലും ഇരുവരും തമ്മില്‍ ശക്തമായ ഒരു സൗഹൃദ ബന്ധം സ്ഥാപിക്കപ്പെട്ടു.
2006 ല്‍ നടന്ന ഖത്തര്‍ രാജകുമാരിയുടെ വിവാഹച്ചടങ്ങിലേക്ക് മല്ലികയ്ക്ക് ക്ഷണം ലഭിക്കുകയും അവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ക്ഷണിക്കപ്പെട്ട ഒരേയൊരു ബോളിവുഡ് സെലിബ്രിറ്റിയായിരുന്നു മല്ലിക. അതിനു ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം വളര്‍ന്നു. ഈ സൗഹൃദത്തിന്റെ പുറത്ത് 2010 ല്‍ ഫ്രാന്‍സിലെ കാന്‍സില്‍ നടന്ന ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങിലും മല്ലിക പങ്കെടുത്തു.
2005 ല്‍ അമേരിക്കയിലെ ഡ്യൂക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും സാഹിത്യത്തിലും ഷെയ്ഖ അല്‍ മയസ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് ബിരുദം നേടിയിട്ടുണ്ട്.
ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക. 2002-ല്‍ പുറത്തിറങ്ങിയ ജീന സിര്‍ഫ് മേരെ ലിയെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2003 ലെ 'ഖ്വായിഷ്' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് മല്ലിക ഷെരാവത്ത് പ്രേക്ഷക ശ്രദ്ധ നേടിയത്. 2004 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിലെ പ്രകടനം നടിക്ക് പ്രശസ്തിയും വിവാദങ്ങളും നേടിക്കൊടുത്തു. ഹോളിവുഡിലും ശ്രദ്ധ നേടിയിട്ടുള്ള ചുരുക്കം ബോളിവുഡ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മല്ലിക. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് താരം എക്കാലവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications