'മൂളുന്നത് തെറ്റിക്കുമോ എന്നതാണ് ടെൻഷൻ', മോഹൻലാലിനൊപ്പമുളള അഭിനയം, അനുഭവം തുറന്ന് പറഞ്ഞ് ഹണി റോസ്
ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട വിവാദത്തോടെ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുകയാണ് ഹണി റോസ്. ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിനെതിരെ ഹണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ബോബി ജയില്‍ മോചിതനായത്.
വിവാദങ്ങള്‍ക്കിടെ ഹണി റോസ് പാലക്കാട് ഒരു ഷോറൂം ഉദ്ഘാടനത്തിന് എത്തിയിരുന്നു. നിരവധി ആളുകളാണ് പതിവ് പോലെ താരത്തെ കാണാന്‍ തടിച്ച് കൂടിയത്. തന്നെ കാണാന്‍ പുരുഷന്മാരാണ് കൂടുതല്‍ എ്ത്തുന്നത് എന്നുളള വാദം ശരിയല്ലെന്ന് ഹണി പറയുന്നു. സ്ത്രീകളും കുട്ടികളും വയസ്സായ ആളുകളും വരെ തന്നെ കാണാനെത്തുന്നുണ്ടെന്ന് എഫ്ടിക്യു വിത്ത് രേഖാ മേനോന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹണി വ്യക്തമാക്കുന്നു.

ബോബി ചെമ്മണ്ണൂര്‍ വിവാദത്തിനിടെ ഹണിക്ക് നേരെ രാഹുല്‍ ഈശ്വറിനെ പോലുളളവര്‍ ഉയര്‍ത്തിയ വിമര്‍ശനം മോണ്‍സ്റ്റര്‍ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നിരവധി ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നുണ്ടെന്നും അതിലൊന്നും ഹണിക്ക് പ്രശ്‌നമില്ലായിരുന്നു എന്നതുമാണ്. മോണ്‍സ്റ്റര്‍ കൂടാതെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍ അടക്കമുളള സിനിമകളിലും ഹണി മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം എന്താണ് എന്ന ചോദ്യത്തിന് ഹണി റോസിന്റെ മറുപടി ഇങ്ങനെയാണ്: '' മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുളള ടെന്‍ഷന്‍ അദ്ദേഹം ഉണ്ടാക്കുന്നതല്ല. നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ്. അതെപ്പഴും അങ്ങനെയാണ്. എല്ലാ ടെന്‍ഷനും നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ്. കൂടെയുളള അഭിനേതാക്കളെ ഏറ്റവും കംഫര്‍ട്ടബിളാക്കിയിട്ട് അഭിനയിക്കാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കാറുളളത്.
ഇത്രയും വലിയൊരു ലെജന്‍ഡ് ആണല്ലോ മുന്നില്‍ നില്‍ക്കുന്നത്, നമ്മള്‍ തെറ്റിച്ചാല്‍ അദ്ദേഹം വീണ്ടും റീടേക്ക് എടുക്കേണ്ടി വരും എന്നുളള കുറേ കാര്യങ്ങള്‍ നമ്മളുടെ തലയിലൂടെ പോകുന്നത് കൊണ്ടാണ് ടെന്‍ഷന്‍ വരുന്നത്. രണ്ട് മൂന്ന് സിനിമകളില്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ കിട്ടിയിട്ടുളളത് മോണ്‍സ്റ്ററിലാണ്.
മൂന്നാല് പേജുളള സ്‌ക്രിപ്റ്റ് ഒക്കെ വന്നാല്‍ പോലും അദ്ദേഹത് ജസ്റ്റ് ഒന്ന് വായിച്ച് നോക്കി റെഡിയാകും. അദ്ദേഹത്തിനാണ് കൂടുതല്‍ ഡയലോഗുകള്‍ ഉണ്ടാവുക. നമുക്ക് മൂളലൊക്കെ മാത്രമായിരിക്കും. ടേക്ക് പോകാന്‍ അദ്ദേഹം റെഡിയായിരിക്കുമ്പോള്‍ നമ്മുടെ ടെന്‍ഷന്‍ ഈ മൂളുന്നത് തെറ്റിക്കുമോ എന്നുളളതായിരിക്കും. പക്ഷേ അതൊരു മാജിക്കല്‍ അനുഭവം തന്നെയാണ് ഇത്രയും വലിയൊരു നടനൊപ്പം വര്‍ക്ക് ചെയ്യുക എന്നത്.
എന്തൊക്കെ അദ്ദേഹത്തില്‍ നിന്ന് കണ്ട് പഠിക്കാം എന്നൊക്കെ നമ്മള്‍ ശ്രദ്ധിക്കും. പക്ഷേ അദ്ദേഹത്തിന്റേത് ജന്മനാ കിട്ടുന്ന ഒരു കഴിവ് ആണ്. അദ്ദേഹം എങ്ങനെയാണ് പെര്‍ഫോം ചെയ്യുന്നത് എന്ന് നോക്കിക്കാണാം എന്നല്ലാതെ അതില്‍ നിന്ന് പഠിച്ചെടുക്കുക എങ്ങനെയാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല, ഹണി റോസ് പറഞ്ഞു.












Click it and Unblock the Notifications