'ആഘോഷമില്ല,വിട വാങ്ങിയത് പ്രിയപ്പെട്ടവരിലൊരാൾ'; പുരസ്കാര നേട്ടത്തിന് പിന്നാലെ മമ്മൂട്ടി പറഞ്ഞത്
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വീണ്ടും മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിൽ മലയാളിയായ ജെയിംസ് ആയും, തമിഴനായ സുന്ദരം ആയും നടത്തിയ വേഷപ്പകർച്ചയ്ക്കാണ് മമ്മൂട്ടി ആറാം തവണയും മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനയാണ്. പ്രിയ നടന്റെ നേട്ടം ആരാധകർ കൊണ്ടാടുമ്പോൾ പക്ഷേ യാതൊരു ആഘോഷവുമില്ലാതെയാണ് മമ്മൂട്ടി പുരസ്കാരത്തെ വരവേറ്റത്. പ്രിയ സുഹൃത്തായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നാണ് അദ്ദേഹം ആഘോഷങ്ങളെല്ലാം മാറ്റിവെച്ചത്.
പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ നെടുമ്പാശേരി ഗോൾഫ് കോഴ്സിൽ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണ തിരക്കിലായിരുന്നു മമ്മൂട്ടി. ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹം ലൊക്കേഷനിലേക്ക് പോയത്. പുരസ്ക നേട്ടം അറിഞ്ഞതോടെ നിർമ്മാതാവ് ആന്റോ ജോസഫ് ഉടൻ തന്നെ മമ്മൂട്ടിയെ വിളിച്ചു. എന്നാൽ 'പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം', എന്നായിരുന്നത്രേ നടന്റെ മറുപടി. തുടർന്ന് ഷൂട്ടിംഗ് പൂർത്തിയാക്കി അദ്ദേഹം ആലുവയിലെ തന്റെ വീട്ടിലേക്ക് മടങ്ങി.

അതേസമയം വിവരം അറിഞ്ഞ് മമ്മൂട്ടിയുടെ വസതിയിലേക്ക് പ്രിയപ്പെട്ടവർ എത്തിയിരുന്നു. ഇക്കൂട്ടത്തിൽ സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയുമുണ്ടായിരുന്നു. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അവാർഡ് നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നൻപകൽ നേരത്ത് മയക്കത്തിനായിരുന്നു.
'നായകനായ മമ്മൂട്ടിയുടെ അഭിനയം അടക്കമുള്ള ഘടകങ്ങൾ തന്നെയാണ് നൻപകൽ നേരത്തിന് അവാർഡ് ലഭിക്കാൻ കാരണമായത്. അനായാസമായാണ് ജെയിംസായും സുന്ദരമായും മമ്മൂട്ടി അഭിനയിച്ചത്. അനുഭവ സമ്പത്തുള്ള നടനായതുകൊണ്ട് അദ്ദേഹത്തിന് അറിയാമായിരുന്നു എന്ത് ചെയ്യണമെന്ന് അത് തന്നെ സംബന്ധിച്ചും സൗകര്യമായിരുന്നു', ലിജോ ജോസ് പെല്ലിശേരി മാധ്യമങ്ങളോട് പറഞ്ഞു.
1984-ല്‍ അടിയൊഴുക്കുകള്‍ എന്ന സിനിമയിലൂടെയായിരുന്നു ആദ്യമായി മമ്മൂട്ടിയെ തേടി മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. 1985-ല്‍ യാത്ര, നിറക്കൂട്ട് എന്നീ സിനിമകളിലൂടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയന്‍, പൊന്തന്‍ മാട, വാത്സല്യം ( 1993), കാഴ്ച (2004), പാലേരി മാണിക്യം (2009) എന്നിങ്ങനെയാണ് മമ്മൂട്ടിയുടെ പുരസ്കാര നേട്ടങ്ങൾ












Click it and Unblock the Notifications