'മലയാളത്തോടുള്ള കരുതലിന് നന്ദി'; തരുണ്‍ മൂര്‍ത്തിയെ ക്ഷണിച്ചുവരുത്തി സൂര്യയും കാര്‍ത്തിയും പറഞ്ഞത്
തിയറ്ററുകള്‍ക്ക് പുതിയ ഊര്‍ജവും ഉണര്‍വും നല്‍കിയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ചരിത്ര വിജയവുമായി മുന്നേറുന്നത്. കുടുംബ ചിത്രം എന്ന ലേബലില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം പുതു തലമുറയെയും പഴയ തലമുറയെയും ഒരു പോലെ തൃപ്തിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് തിയേറ്ററുകളില്‍ നിന്ന് വരുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 100 കോടി കളക്ഷനും നേടിയെടുത്തു.
മലയാളത്തിനു പുറമേ തെലുങ്കിലും തമിഴിലുമൊക്കെ ചിത്രം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. നിരൂപകരില്‍ നിന്നും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.

ഇപ്പോഴിതാ കോളിവുഡിലെ സൂപ്പര്‍ താരങ്ങളും 'തുടരും' കണ്ട് ഇഷ്ടപ്പെട്ട് സംവിധായകനെ അഭിനന്ദിച്ചിരിക്കുകയാണ്. അഭിനന്ദിക്കുക മാത്രമല്ല, വീട്ടിലേക്കും ക്ഷണിച്ചു വരുത്തി. തമിഴ് സിനിമാ ലോകത്തെ താര സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയുമാണ് തരുണ്‍ മൂര്‍ത്തിയെ വീട്ടിലേക്ക് ക്ഷണിച്ചത്. രണ്ടു മക്കള്‍ക്കും ഭാര്യക്കും ഒപ്പമാണ് തരുണ്‍ മൂര്‍ത്തി താരസഹോദരങ്ങളെ കാണാന്‍ എത്തിയത്.
സൂര്യയും ഭാര്യ ജ്യോതിയും ഒരുമിച്ചാണ് തരുണിനെയും കുടുംബത്തെയും സ്വീകരിച്ചത്. തരുണിനെ അഭിനന്ദിക്കാന്‍ സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ മോഹന്‍ലാലിനോടുള്ള സ്‌നേഹവും ആരാധനയും താര സഹോദരങ്ങള്‍ പങ്കുവെച്ചു.
ചെന്നൈയില്‍ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിശേഷങ്ങളും തരുണ്‍ മൂര്‍ത്തി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കോളിവുഡിലും തുടരും തരംഗം എന്ന തലക്കെട്ടാണ് കാര്‍ത്തിക്കൊപ്പമുള്ള ചിത്രത്തിന് തരുണ്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
ചിത്രത്തിനൊപ്പം തരുണ്‍ മൂര്‍ത്തി കുറിച്ചത് ഇങ്ങനെയാണ് - 'എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാല്‍ സാറിനോടുമുള്ള നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിര്‍വചനങ്ങള്‍. ആ വികാരത്തിന്റെ പേരാണ് മോഹന്‍ലാല്‍'.
എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഫാന്‍ ബോയ്‌സിനെ കണക്റ്റ് ചെയ്യുന്നുവെന്നും തരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ടാണ് തുടരും സിനിമയുടെ പ്രദര്‍ശനം തുടരുന്നത്. ഒരു സാധാരണ കുടുംബ ചിത്രം എന്ന എന്ന ലേബലിന് അപ്പുറത്തേക്കുള്ള പ്രശസ്തി ചിത്രം നേടിക്കഴിഞ്ഞു. തരുണ്‍ മൂര്‍ത്തിയും കെആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ശോഭനയാണ് നായിക. പഴയ മോഹന്‍ലാല്‍-ശോഭന ഹിറ്റ് കോമ്പോ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പ്രേക്ഷകര്‍ പങ്കുവെച്ചിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, പ്രകാശ് വര്‍മ, ബിനു പപ്പു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, തോമസ് മാത്യു, ആര്‍ഷ ചാന്ദ്നി, അമൃതവര്‍ഷിണി, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ശ്രദ്ധേയമായ സിനിമകള്‍ക്ക് ശേഷം തുടരും എന്ന സിനിമയിലൂടെ തരുണ്‍ മൂര്‍ത്തി തന്റെ സംവിധാന മികവ് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. ഏറെ നിരൂപക പ്രശംസയും അവാര്‍ഡുകളും സ്വന്തമാക്കിയ ചിത്രമായിരുന്നു 2020 ല്‍ പുറത്തിറങ്ങിയ സൗദി വെള്ളക്ക. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ വിജയം തരുണ്‍ മൂര്‍ത്തിയെ തെന്നിന്ത്യയിലും ശ്രദ്ധേയനാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications