'സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് വന്ന ഈ അച്ഛനെ ഓർക്കുന്നോ? അദ്ദേഹം എത്തിയത്'; ടിനി ടോമിന്റെ കുറിപ്പ്
കൊച്ചി: ആശുപത്രിയിൽ വെച്ച് ആക്രമാസക്തനായ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിനെ പിതാവിനെ കുറിച്ച് കുറിപ്പുമായി നടൻ ടിനി ടോം. അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ച ചിത്രവും പങ്കുവെച്ചാണ് കുറിപ്പ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയപ്പോഴാണ് താൻ പരിചയപ്പെട്ടതെന്നും ആരും വന്ദനയുടെ അച്ഛനെ തിരിച്ചറിഞ്ഞില്ലെങ്കിലും അന്ന് അവിടെ എത്തിയവരിൽ മഹനീയ സാന്നിധ്യമായി തനിക്ക് തോന്നിയത് വന്ദനയുടെ അച്ഛന്റായിരുന്നുവെന്നും ടിനി പറയുന്നു. ഒരച്ഛൻ മകളുടെ വിവാഹം നടത്തുന്നത് കൺനിറയെ കാണാനാണ് അദ്ദേഹം ആ ചടങ്ങിന് എത്തിയതെന്നും ടിനി ടോം കുറിപ്പിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോ വന്ദന ദാസ്, ആ കുഞ്ഞിന്റെ അച്ഛനാണ് ഇത് ,ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്ത് നടന്ന വിവാഹ റിസപ്ഷനിൽ വച്ചാണ് ,ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്.

ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല ...ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു ഈ അച്ചൻ , ഞാൻ അഡ്രെസ്സ് മേടിച്ചു ഇപ്പോ വീട്ടില് കാണാനെത്തി .......നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ ....ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ...ഈ അച്ഛന്', പോസ്റ്റിൽ ടിനി ടോം കുറിച്ചു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കഴിഞ്ഞ മേയ് 10 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെയായിരുന്നു വന്ദന കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ പ്രതി കത്രിക കൊണ്ട് വന്ദനയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വന്ദന മരിക്കുകയായിരുന്നു. കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് (43) ആണ് കേസിലെ പ്രതി.












Click it and Unblock the Notifications