ടിനി ടോം അത്ര വിമർശിക്കപ്പെടേണ്ട താരമാണോ? മമ്മൂട്ടിയെ അപമാനിച്ചെന്ന്, ഭ്രമയുഗം സ്പൂഫും വിമർശനവും
മിമിക്രി വേദികളില്‍ നിന്നും മലയാള സിനിമാ ലോകത്തേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് ടിനി ടോം. സഹനടനും വില്ലനുമൊക്കെയായി അഭിനയിച്ചിട്ടുള്ള താരം ചില സിനിമകളില്‍ നായക വേഷത്തിലും എത്തിയിട്ടുണ്ട്. താരസംഘടനയായ എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാള്‍കൂടിയായ ടിനി സംഘടനയുടെ പ്രവർത്തനങ്ങളിലും സജീവമാണ്.
സിനിമയില്‍ സജീവമായപ്പോഴും മിമിക്രിയെ മറക്കുകയോ കൈവിടുകയോ ചെയ്യാത്ത ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. അവാർഡ് നിശകളിലും മറ്റ് പരിപാടികളിലുമൊക്കെ ടിനി ടോം മിമിക്ര പരിപാടികളുടെ ഭാഗമാകുന്നു. എന്നാല്‍ മിമിക്രിയുടെ പേരില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനത്തിന് വിധേയനാകുന്ന വ്യക്തി കൂടിയാണ് ടിനി ടോം.

തുറന്ന് പറഞ്ഞാല്‍ "എല്ലാവരുടേയും ശബ്ദം സ്വന്തം ശബ്ദത്തില്‍ അനുകരിക്കുന്ന" വ്യക്തി ആരെങ്കിലും നല്ല മിമിക്രി ചെയ്താല്‍ "ആ ടിനി ടോം ഒക്കെ" ഇവനെ കണ്ടുപഠിക്കട്ടെ എന്ന കമന്റുകളാണ് പലപ്പോഴും വിമർശകർ ഒരേ ടെംപ്ലേറ്റില്‍ എന്നത് പോലെ ഉപയോഗിച്ച് വരുന്നത്. എല്ലാം അത്ര മികച്ചതെന്ന അഭിപ്രായം ഇല്ല, ചിലപ്പോഴൊക്കെ മോശം അനുകരണങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത്തരത്തില്‍ പരിഹസിക്കപ്പെടേണ്ട ഒരു കലാകാരനല്ല ടിനി ടോം എന്നതാണ് യാഥാർത്ഥ്യം.
ഏറ്റവും അവസാനമായി ടിനി ടോമിനെ വിമർശിക്കാന്‍ എതിരാളികള്‍ ആയുധമാക്കുന്നത് വനിത ഫിലിം അവാർഡ് പരിപാടിക്കിടെ അദ്ദേഹം ചെയ്ത ഭ്രമയുഗം സിനിമയുടെ സ്പൂഫ് സ്കിറ്റാണ്. ബിജു കുട്ടന്‍, ഹരീഷ് കണാരന്‍ എന്നിവരും സ്കിറ്റിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ പരിപാടിയുടെ ചില ഭാഗങ്ങള്‍ കട്ട് ചെയ്തുകൊണ്ട് ടിനി ടോമിനെതിരായ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്. മമ്മൂട്ടിയെ ടിനി ടോം അപമാനിച്ചു എന്ന തരത്തില്‍ വരെ പോകുന്ന കമന്റുകള്‍.
ടിനി ടോമിന്റെ പ്രകടനത്തെ മമ്മൂട്ടിയടക്കം അസംതൃപ്തിയോടെ നോക്കിക്കാണുന്ന എന്ന തരത്തിലാണ് ട്രോളുകള്‍. അതിന് പ്രത്യേക ബിജിഎമ്മും മറ്റ് സിനിമകളിലെ കോമഡി രംഗങ്ങളും ചേർത്തുവെക്കുന്നു. ഫലത്തില്‍ പരിപാടി ഫ്ലോപ്പായിരുന്നു എന്ന രീതിയിലാണ് പ്രചരണം. എന്നാല്‍ സ്കിറ്റ് കണ്ടുകൊണ്ട് താരങ്ങള്‍ ചിരിക്കുന്നതും പരിപാടിയുടെ മുഴുവന്‍ ഭാഗവും കാണുമ്പോള്‍ കാണാന്‍ സാധിക്കും.
ഒരു വശത്ത് ടിനി ടോമിനെതിരെ വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും പതിവ് പോലെ നടക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിലരെങ്കിലും അദ്ദേഹത്തെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. 'ലോക ചരിത്രത്തിൽ ആദ്യമായല്ല ഒരു സ്കിറ്റ് കളിക്കുന്നതും അത് വേണ്ട രീതിയിൽ വർക്ക് ആകാതെ പോകുന്നതും. സമീപ കാലത്ത് ടിനി ടോമിന് നേരെയുള്ള സൈബർ ബുള്ളിയിങ് അതിരു കടന്നതാണ്. അയാളുടെ വീഡിയോയുടെ ഇന്റർവ്യൂവിന്റെ ഫോട്ടോയുടെ താഴെയൊക്കെ പോയി ഒരു കാര്യവുമില്ലാതെ കളിയാക്കുക എന്നത് ചിലർക്ക് വല്ലാത്തൊരു മാനസിക ഉല്ലാസം നൽകുന്നു എന്നത് പരിതാപകരമാണ്' എന്നാണ് ദില്‍ഷാദ് എന്നയാള്‍ അഭിപ്രായപ്പെടുന്നത്.
കലാകാരന്മാർ എന്ന നിലയിൽ പോരായ്മകളും പരിമിതികളും ഇവർക്കുണ്ട്. അത് മനസ്സിലാക്കി വേണ്ട രീതിയിൽ കാര്യമായി വിമർശിച്ചും ചിലപ്പോഴൊക്കെ ആക്ഷേപ ഹാസ്യവൽക്കരിച്ചും ഇവരെകുറിച്ച് അഭിപ്രായം പറയുന്നതിൽ തെറ്റില്ല.പക്ഷേ അതൊരു നിരന്തരമുള്ള സൈബർ ആക്രമണമാക്കി മാറ്റുന്നവരോട് എതിർപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
'ടിനിയുടെ സ്കിറ്റ്, ഇത്തരം അവാർഡ് ഷോകളിൽ നടത്താറുള്ള പല സ്കിറ്റുകൾ പോലെ ചിരിപ്പിക്കാൻ പാടുപെടുന്നതായിരുന്നു.മുൻപ് മോഹൻലാലും മമ്മൂട്ടിയും ഒക്കെ ചേർന്ന്, നടി ആക്രമിക്കപ്പെട്ട സമയത്ത് നടത്തിയ സ്കിറ്റ് വെച്ച് നോക്കുമ്പോൾ ടിനിയുടെ പ്രകടനം അത്ര സൈബർ ബുള്ളിയിങ് അർഹിക്കുന്ന ഒന്നാണെന്നു തോന്നുന്നില്ല.
ടിനിക്ക് ചില വോയ്‌സുകൾ നന്നായി മിമിക് ചെയ്യാൻ അറിയാം. ചില കഥകൾ ഒക്കെ രസകരമായി പറയും. പറ്റാത്ത സംഭവങ്ങൾ ചെയ്യുമ്പോൾ ആണ് പണി പാളുന്നത്. കഴിഞ്ഞ ദിവസം അയാളുടെ ശശി തരൂർ വോയിസ് കണ്ടിരുന്നു. വാസ്തവത്തിൽ അത് നല്ല രസം ഉണ്ടായിരുന്നു. പക്ഷേ, അതിനു താഴെ പോലും വല്ലാത്ത പരിഹാസം നാട്ടുനടപ്പ് പോലെ ആയി.' എന്നാണ് മറ്റൊരു പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications