ടോളിവുഡില്‍ സീനിയേഴ്‌സിന്റെ കാലം.. ഹിറ്റടിച്ച് ബാലകൃഷ്ണയും വെങ്കിടേഷും; പിന്നാലെ പ്രതിഫലം കൂട്ടി
ഹൈദരാബാദ്: ടോളിവുഡില്‍ അടുത്ത കാലത്തായി ഇറങ്ങുന്ന സിനിമകളെല്ലാം ഭേദപ്പെട്ട വിജയം സ്വന്തമാക്കുന്നുണ്ട്. യുവതാരങ്ങള്‍ക്കൊപ്പം സീനിയര്‍ താരങ്ങളും തങ്ങളുടെ വിന്നിംഗ് സ്ട്രീക്ക് തുടരുകയാണ്. സൂപ്പര്‍താരങ്ങളായ നന്ദമുരി ബാലകൃഷ്ണയും വെങ്കിടേഷും തങ്ങളുടെ അവസാന ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയിപ്പിച്ച് ഈ ബാറ്റണ്‍ കൈയിലേന്തിയിരിക്കുകയാണ്.
എന്നാല്‍ വിജയത്തില്‍ മാത്രം ഒതുങ്ങുന്നില്ല വെറ്ററന്‍ താരങ്ങളുടെ 'ആഘോഷം'. ബോക്‌സോഫീസില്‍ തങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ വിജയക്കൊടി പാറിയതോടെ പ്രതിഫലം കുത്തനെ കൂട്ടിയിരിക്കുകയാണ് ഇരുവരും. നന്ദമുരി ബാലകൃഷ്ണയുടെഡാകു മഹാരാജ് ആണ് തിയേറ്ററില്‍ പണം വാരിയതെങ്കില്‍ ഇടവേളയ്ക്ക് ശേഷം സംക്രാന്തിക്കി വാസ്തുനം എന്നീ ചിത്രത്തിലൂടെ വെങ്കടേഷും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

64 കാരനായ നന്ദമുരി ബാലകൃഷ്ണയ്ക്ക് അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചത്. നിലവില്‍ തന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ അഖണ്ഡയുടെ രണ്ടാം ഭാഗത്തിലാണ് താരം അഭിനയിക്കുന്നത്. അഖണ്ഡ 2 വന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഈ സിനിമയ്ക്ക് വേണ്ടി കുംഭമേളയിലെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പ്രഗ്യ ജയ്സ്വാളിന് സംയുക്തയാണ് ചിത്രത്തില്‍ നായികയാകുന്നത്.
അഖണ്ഡ 2 വിനായി 40 മുതല്‍ 45 കോടി വരെയാണ് ബാലകൃഷ്ണ വാങ്ങുന്നത്. 175 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന് ബോയപതി ശ്രീനുവിന് 30 കോടിയാണ് പ്രതിഫലം. മറുവശത്ത് സൈന്ധവയുടെ പരാജയത്തിന് ശേഷം, സംക്രാന്തിക്കി വാസ്തുന്നം എന്ന ചിത്രത്തിലൂടെ വെങ്കിടേഷ് ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഏകദേശം 300 കോടി രൂപയോളം ഇതിനോടകം ചിത്രം കളക്ട് ചെയ്തു.
കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതോടെ ടോളിവുഡിലെ ഏറ്റവും ലാഭകരമായ സിനിമകളിലൊന്നായി ഇത് മാറി. 10-12 കോടി രൂപയാണ് സാധാരണ വെങ്കടേഷ് പ്രതിഫലമായി ഒരു സിനിമയ്ക്ക് കൈപ്പറ്റുന്നത്. എന്നാല്‍ ഈ സിനിമയുടെ വിജയത്തിന് ശേഷം 25 കോടിയായി വെങ്കടേഷ് പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. ബാലകൃഷ്ണ മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ തിളങ്ങുമ്പോള്‍ വെങ്കിടേഷ് ഫാമിലി ഡ്രാമ സിനിമകള്‍ ആണ് സമീപകാലത്തായി തിരഞ്ഞെടുക്കുന്നത്.
ഏതായാലും ടോളിവുഡിലെ വിജയത്തിന് പ്രായം തടയില്ലെന്ന് തെളിയിക്കുകയാണ് ഇരുവരും. ചിരഞ്ജീവിക്കൊപ്പം ബോക്‌സോഫീസ് കളക്ഷനിലും തങ്ങളുടെ പേര് എഴുതി ചേര്‍ക്കുകയാണ് വെറ്ററന്‍ താരങ്ങള്‍.












Click it and Unblock the Notifications