ഏറ്റവും കൂടുതല്‍ പ്രതിഫലം ഷാരൂഖിന്.. തൊട്ടുപിന്നില്‍ ഈ സൂപ്പര്‍താരം, ആമിറും സല്ലുവും വിജയുമല്ല..!
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോടികളുടെ പിറകെയാണ് ഇന്ത്യന്‍ സിനിമാ വിപണി. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായം ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒന്നാണ്. ഹിന്ദി സിനിമകള്‍ പരമ്പരാഗതമായി പ്രേക്ഷകരുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും അടുത്തിടെയായി ദക്ഷിണ ഭാഷാ സിനിമകള്‍ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലേക്ക് കടന്നുകയറി കൈയടി നേടുന്നുണ്ട്.
സമീപകാലങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ചലനാത്മകമായ വിവരണങ്ങളും ആക്ഷന്‍ പായ്ക്ക് ചെയ്ത പ്ലോട്ടുകളും കൊണ്ട് രാജ്യവ്യാപകമായി പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. അതുപോലെ തന്നെ ബോളിവുഡ് താരങ്ങളോട് കിടപിടിക്കുന്നതാണ് പ്രതിഫലവും. മേക്കിംഗിനും സാങ്കേതിക വിദ്യക്കും എന്ന പോലെ താരങ്ങളുടെ പ്രതിഫലവും ദക്ഷിണേന്ത്യയില്‍ റെക്കോഡ് ഉയരത്തിലാണ്.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആദ്യ 10 ഇന്ത്യന്‍ അഭിനേതാക്കളുടെ പട്ടികയില്‍ തെന്നിന്ത്യന്‍ താരങ്ങള്‍ വന്‍ കുതിപ്പാണ് നത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 നടന്‍മാര്‍ ആരൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
ഷാരൂഖ് ഖാന്‍
ഏകദേശം 6300 കോടി രൂപ ആസ്തിയുള്ള ഷാരൂഖ് ഖാന്‍ തന്നെയാണ് പ്രതിഫലക്കാര്യത്തില്‍ ഒന്നാമന്‍. ഷാരൂഖ് ഖാന്‍ തന്റെ കരിയറില്‍ വലിയ തിരിച്ചടികള്‍ നേരിട്ടുണ്ട്. എന്നിരുന്നാലും, 2023-ല്‍ 'ജവാന്‍', 'പത്താന്‍' എന്നീ തുടര്‍ച്ചയായ രണ്ട് ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കി അദ്ദേഹം തിരിച്ചുവന്നു. രണ്ട് സിനിമകളും ആഗോള കളക്ഷനില്‍ 2000 കോടി കടന്നിരുന്നു. നിലവില്‍ ഒരു സിനിമക്ക് 150 കോടി മുതല്‍ 250 വരെ കോടി വരെയാണ് അദ്ദേഹം ഈടാക്കുന്നത്.
രജനികാന്ത്
ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമുള്ള രജനീകാന്ത് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഏകദേശം 430 കോടി രൂപ ആസ്തിയുള്ള രജനീകാന്ത് ഒരു സിനിമക്കായി ഈടാക്കുന്നത് 150 കോടി മുതല്‍ 210 കോടി വരെയാണ്. ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ എന്ന വിശേഷണവും താരത്തിനൊപ്പമാണ്. രജനികാന്തിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായ 'ജയിലര്‍' തെന്നിന്ത്യയിലെ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചിരുന്നു.
വിജയ്
സൂപ്പര്‍താരം വിജയ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഏകദേശം 474 കോടി രൂപ ആസ്തിയുള്ള വിജയ് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വഴിമാറാന്‍ ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയിലെ ബോക്‌സോഫീസ് മിനിമം ഗാരന്റിയുള്ള നടനാണ് വിജയ്. താരത്തിന്റെ മിക്ക സിനിമകളും പ്രീറീലിസില്‍ തന്നെ വലിയ കളക്ഷന്‍ നേടാറുണ്ട്. 130 കോടി മുതല്‍ 200 കോടി വരെയാണ് വിജയ് ഒരു ചിത്രത്തിന് ഈടാക്കുന്ന പ്രതിഫലം.
പ്രഭാസ്
ഇന്ത്യന്‍ ബോക്‌സോഫീസില്‍ തന്നെ കോടിക്കിലുക്കം ഒരു തരംഗമാക്കി മാറ്റിയതില്‍ പ്രഭാസിന്റെ ബാഹുബലി വഹിച്ച പങ്ക് ചെറുതല്ല. ഇതിന് ശേഷം പ്രഭാസ് താരപദവിയിലേക്ക് ഉയര്‍ന്നു. ഇത് കഴിഞ്ഞ എട്ട് വര്‍ഷമായി നടന്റെ ആസ്തിയില്‍ 94 ശതമാനം വര്‍ധനവിന് കാരണമായി. തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തില്‍ പ്രഭാസിന് നിര്‍ണായക സ്ഥാനമാണ് ഉള്ളത്. 100 കോടി മുതല്‍ 200 കോടി രൂപ വരെയാണ് ഒരു സിനിമക്ക് പ്രഭാസ് ഈടാക്കുന്നത്.
ആമിര്‍ ഖാന്‍
ഷാരൂഖിന് ശേഷം പ്രതിഫലക്കാര്യത്തില്‍ ബോളിവുഡ് താരമായി എത്തുന്നത് ആമിര്‍ ഖാനാണ്. വ്യത്യസ്തമായ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായ ആമിര്‍ ഖാന്റെ 2022-ല്‍ പുറത്തിറങ്ങിയ ലാല്‍ സിംഗ് ഛദ്ദ കാര്യമായ വിജയം നേടിയില്ലെങ്കിലു വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. നിലവില്‍ 1862 കോടി രൂപയാണ് താരത്തിന്റെ ആസ്തി. 100-175 കോടി വരെയാണ് ഒരു സിനിമക്ക് ആമിര്‍ ഈടാക്കുന്നത്.
സല്‍മാന്‍ ഖാന്‍
ഗണ്യമായ അളവില്‍ ആരാധകരുള്ള സല്‍മാന്‍ ഖാന്‍ 1990 കളിലെ റൊമാന്റിക് വേഷങ്ങളില്‍ നിന്ന് സമീപകാലത്തെ പ്രിയപ്പെട്ട 'സല്ലു ഭായ്' ആയി മാറിയിരിക്കുന്നു. ഈ പരിണാമം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടന്മാരില്‍ ഒരാളായി അദ്ദേഹത്തെ മാറ്റി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സല്‍മാന്റെ എല്ലാ ചിത്രങ്ങളും ബോക്‌സോഫീസില്‍ 100 കോടി പിന്നിട്ടിരുന്നു. 2900 കോടി രൂപ ആസ്തിയുള്ള സല്‍മാന്‍ ഒരു സിനിമക്കായി ഈടാക്കുന്നത് 100-150 കോടി രൂപയാണ്.
കമല്‍ ഹാസന്‍
ഒന്നിലധികം ഭാഷകളിലായി 220 ലേറെ സിനിമ ചെയ്ത ഉലകനായകന്‍ കമല്‍ഹാസനാണ് ലിസ്റ്റില്‍ അടുത്തത്. താരത്തിന്റെ ഏറ്റവും ഒടുവിലിറങ്ങിയ വിക്രം എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചിരുന്നു. ഇന്ത്യന്‍-2 ആണ് കമലിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒരു സിനിമക്കായി കമല്‍ ഹാസന്‍ പ്രതിഫലമായി ഈടാക്കുന്നത് 100-150 കോടി രൂപയാണ്.
അല്ലു അര്‍ജുന്‍
അല്ലു അര്‍ജുന്‍ ആണ് ലിസ്റ്റിലെ എട്ടാമന്‍. 2021ല്‍ പുറത്തിറങ്ങിയ പുഷ്പ: ദ റൈസ് എന്ന തെലുങ്ക് ചിത്രത്തിലെ പ്രധാന വേഷത്തിന് അല്ലു അര്‍ജുന്‍ രാജ്യവ്യാപകമായി അംഗീകാരം നേടി. ഏകദേശം 350 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമാണ്. 100 കോടി മുതല്‍ 125 കോടി വരെയാണ് അല്ലുവിന്റെ പ്രതിഫലം.
അക്ഷയ് കുമാര്‍
ഖാന്‍ ത്രയങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ലിസ്റ്റിലെ ഏക ബോളിവുഡ് സാന്നിധ്യമാണ് അക്ഷയ് കുമാര്‍. 2023-ല്‍ വലിയ ഹിറ്റുകളൊന്നും ഉണ്ടായില്ലെങ്കിലും, OMG 2ലെ അദ്ദേഹത്തിന്റെ അതിഥി വേഷം ശ്രദ്ധിക്കപ്പെട്ടു. ഏകദേശം 2500 കോടി രൂപയുടെ ആസ്തിയുള്ള അക്ഷയ് കുമാര്‍ 60 കോടി മുതല്‍ 145 കോടി വരെയാണ് പ്രതിഫലമായി ഈടാക്കുന്നത്.
അജിത് കുമാര്‍
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മറ്റൊരു പ്രമുഖ തെന്നിന്ത്യന്‍ നടന്‍ അജിത് കുമാറാണ്. 2023-ല്‍ പുറത്തിറങ്ങിയ തുനിവ് ആണ് അവസാനമായി ഇറങ്ങിയ താരത്തിന്റെ ചിത്രം. ഇന്ത്യന്‍ വിപണിയില്‍ 130 കോടി രൂപയാണ് ചിത്രം നേടിയത്. ഏകദേശം 196 കോടി രൂപയുടെ ആസ്തിയുള്ള അജിത് ഒരു സിനിമക്കായി വാങ്ങുന്നത് 105 കോടി രൂപയാണ്.












Click it and Unblock the Notifications