വിജയ് ഒന്നാമതുള്ള പട്ടികയില്‍ മലയാളത്തിന് അഭിമാനമായി മമ്മൂട്ടി: മോഹന്‍ലാലിന് വന്‍ നഷ്ടവും
ആരൊക്കെ വരികയും പോകുകയും ചെയ്തെങ്കിലും പതിറ്റാണ്ടുകളായി മലയാള സിനിമയുടെ സൂപ്പർ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. നിരവധി വീഴ്ചകളും തുടർ പരാജയങ്ങളും പല കാലഘട്ടങ്ങളിലായി ഉണ്ടായിട്ടുണ്ടെങ്കിലും ഇരുവരോടും മലയാളികള്‍ക്കുള്ള സ്നേഹത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല. അഞ്ചോ പത്തോ തുടർ പരാജയങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇരുവരുടേയും ഒരു നല്ല സിനിമ പുറത്ത് ഇറങ്ങിയാല്‍ തിയേറ്ററില്‍ എത്തുന്ന ജനക്കൂട്ടം തന്നെയാണ് ഇതിന് ഉദാഹരണം.
തെന്നിന്ത്യയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ മേഖലയിലും ഇരുവർക്കും പ്രത്യേക സ്ഥാനമുണ്ട്. അതേസമയം ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു പട്ടികയില്‍ മമ്മൂട്ടി മലയാളത്തിന്റെ അഭിമാനം ആയപ്പോള്‍ മോഹന്‍ലാലിന് ആ പട്ടികയില്‍ ഇടം പിടിച്ചില്ലെന്നതാണ് ശ്രദ്ധേയം. അതായത്, ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെൻഡായവരില്‍ മുൻനിരയിലുള്ള തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയാണ് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ തെന്നിന്ത്യയില്‍ ട്രെൻഡായവരില്‍ ഒന്നാമതുള്ളത് ദളപതി വിജയ് ആണ്. ദ ഗോട്ടാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്ന വിജയിയുടെ അവസാന ചിത്രം കൂടിയാണ് ഗോട്ട്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് തിരുവനന്തപുരത്ത് അടക്കമാണ് ചിത്രീകരിച്ചിരിക്കുന്നത്.
വിജയ്ക്ക് പിന്നില്‍ രണ്ടാമതായിട്ടുള്ളത് മഹേഷ് ബാബു. താരത്തിന്റേതായി വമ്പന്‍ പ്രതീക്ഷകളോടെ എത്തിയ ചിത്രമായിരുന്നു ഗുണ്ടൂർ കാരം. എന്നാല്‍ തിയേറ്ററില്‍ അത്ര വലിയ മുന്നേറ്റമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. പ്രഭാസാണ് തെന്നിന്ത്യൻ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്. കല്‍ക്കി 2898 എഡി എന്ന ചിത്രമാണ് താരത്തിന്റേതായി അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം.
അഞ്ചാമത് അല്ലു അർജ്ജുന്‍, ആറാമത് ധനുഷ്, ഏഴാമത് സൂര്യ എന്നിവർ കഴിഞ്ഞാല്‍ എട്ടാമതായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയാണ് പട്ടികയില്‍ ഇടം പിടിച്ചത്. കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഇക്കാലയളവില്‍ കേരളത്തിന് പുറത്ത് അടക്കം മികച്ച അഭിപ്രായം നേടിയെടുക്കാന്‍ സാധിച്ചിരുന്നു. മമ്മൂട്ടിക്ക് പിന്നിലായി ഒമ്പതാമത് ചിരഞ്ജീവിയും പത്താമത് രാംചരണുമാണ് ഉള്ളത്.
തമിഴ്നാട്ടിലെ മാത്രം കണക്ക് എടുക്കുമ്പോള്‍ വിജയ്, സൂര്യ, രജനീകാന്ത്, ധനുഷ് കമല്‍ ഹാസന്‍ എന്നിവരാണ് പട്ടികയിലുള്ളത്. മഹേഷ് ബാബു, പ്രഭാസ്, അല്ലു അർജ്ജുന്‍, ചിരഞ്ജീവി, രാംചരണ്‍ എന്നിവർ ടോളിവുഡിലെ ട്രെന്‍ഡിങ് ആർട്ടിസ്റ്റുകളായി മാറി. മലയാളത്തില്‍ നിന്നും മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖർ സല്‍മാന്‍ എന്നിവരും പട്ടികയിലും ഇടംപിടിച്ചു.












Click it and Unblock the Notifications