അജയന്റെ രണ്ടാം മോഷണം ടൊവിനോയുടെ കരിയര്‍ ബെസ്റ്റോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ, 'കിടു മേക്കിംഗ്'
ഓണം റിലീസായി എത്തിയ ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളില്‍. ടൊവിനോയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ അജയന്റെ രണ്ടാം മോഷണം 3ഡിയായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ 2ഡി പതിപ്പ് രാവിലെ ഒമ്പത് മണിക്ക് തന്നെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ഷോയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ എല്ലാം അജയന്റെ രണ്ടാം മോഷണം ട്രെന്‍ഡിംഗാണ്. 2024 ലെ മികച്ച സിനിമ എന്ന് വരെ പലരും ട്വിറ്ററില്‍ എആര്‍എമ്മിനെ വിശേഷിപ്പിക്കുന്നുണ്ട്. ടൊവിനോയുടെ പ്രകടനത്തിനൊപ്പം ജിതിന്‍ ലാലിന്റെ സംവിധാന മികവിനും പ്രേക്ഷകര്‍ കൈയടിക്കുന്നുണ്ട്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ടൊവിനോ തോമസ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

'2024 ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ ടൊവിനോ തോമസിന്റെ മികച്ച പ്രകടനം. ജിതിന്‍ ലാലിന്റെ ഡയറക്ഷന്‍. ആര്‍ട്ട്, ബിജിഎം, എഡിറ്റിംഗ്, ഡിഒപി എല്ലാം പെര്‍ഫെക്ട്. ലാലേട്ടന്റെ ഇന്‍ട്രോ വോയ്‌സ് തകര്‍ത്തു, തീയേറ്ററില്‍ കാണേണ്ട പടം,' എന്നാണ് ട്വിറ്ററില്‍ മാധ്യമപ്രവര്‍ത്തകനായ രാജേഷ് സുന്ദരന്‍ എക്‌സില്‍ കുറിച്ചത്. ഒരു പ്രേക്ഷകയുടെ പ്രതികരണവും ഇതിനോടൊപ്പാ രാജേഷ് പങ്ക് വെച്ചിട്ടുണ്ട്.
നല്ല ആക്ഷനും മികച്ച ദൃശ്യങ്ങളും ഉള്ള ചിത്രം. അജയന്റെ രണ്ടാം മോഷണം ഒരു ദൃശ്യവിരുന്നാണെന്ന് ട്രേഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു എന്നാണ് മറ്റൊരു എക്‌സ് യൂസര്‍ അഭിപ്രായപ്പെട്ടത്. ഫേസ്ബുക്കിലെ സിനിമാ സംബന്ധിയായ ഗ്രൂപ്പുകളിലും അജയന്റെ രണ്ടാം മോഷണം തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. ചിത്രത്തിന്റെ മേക്കിംഗ് ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം.
പ്രശസ്ത മോഷ്ടാവ് മണിയന്‍, ശക്തനായ പോരാളി കുഞ്ഞി കേളു, മുത്തച്ഛന്റെ മോശം പ്രശസ്തി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന അജയന്‍ എന്നിവരെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ലക്ഷ്മിയായി കൃതി ഷെട്ടി, ചോതിയായി ഐശ്വര്യ രാജേഷ്, മാണിക്യമായി സുരഭി ലക്ഷ്മി എന്നിവരും അഭിനയിക്കുന്നു. ജഗദീഷും ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുജിത്ത് നമ്പ്യാര്‍ ആണ്. മാജിക് ഫ്രെയിംസും യുജിഎം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'അജയന്റെ രണ്ടാം മോഷണം' നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യം 2ഡിയില്‍ ചിത്രീകരിച്ച ചിത്രം പിന്നീട് 3ഡിയിലേക്ക് മാറ്റുകയായിരുന്നു. 30 കോടിയോളം രൂപ ചെലവിലാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications