നസ്ലിൻറെ പ്രേമലുവിനോട് ഏറ്റുമുട്ടി വീണോ ടൊവീനോ ചിത്രം? അന്വേഷിപ്പിൻ കണ്ടെത്തും കളക്ഷൻ റെക്കോഡ് ഇതാ
കൊച്ചി: ടൊവീനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ 'അന്വേഷിപ്പിൻ കണ്ടെത്തും' മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നാടിനെ പിടിച്ചുലച്ച ഒരു കൊലപാതകവും അതിനു പിന്നിലെ രഹസ്യം തേടി ഒരു സബ് ഇന്‍സ്‌പെക്ടര്‍ നടത്തുന്ന ഉദ്വേഗജനകമായ യാത്രയാണ് സിനിമ പറയുന്നത്. മേക്കിങ്ങ് കൊണ്ടും ടൊവീനോ അടക്കമുള്ള താരങ്ങളുടെ പ്രകടനം കൊണ്ടും സിനിമ വലിയ കൈയ്യടിയാണ് നേടുന്നത്.
ചിത്രത്തിൻ ആനന്ദ് നാരായണൻ എന്ന സബ് ഇൻസ്പെക്ടറുടെ കഥാപാത്രത്തെയാണ് ടൊവീനോ തോമസ് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥിരം പോലീസ് വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിൽ പതിഞ്ഞ താളത്തിലുള്ള ശാന്തനായ ഒരു പോലീസുകാരനാണ് ആനന്ദ്. കഥാപാത്രത്തെ കൈയ്യടക്കതോടെ അവതരിപ്പിക്കുന്നതിൽ ടൊവിനോ വിജയിച്ചുവെന്നാണ് പ്രക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.

ആനന്ദിന്റെ ടീമിലെ മൂന്ന് പോലീസുകാരായി എത്തിയ വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, പ്രമോദ് വെളിയനാട് എന്നിവരും ഗംഭീരപ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചത്. ഇവരെ കൂടാതെ കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, ബാബുരാജ്, ഷമ്മി തിലകൻ, സിദ്ദിഖ്, ഇന്ദ്രൻസ്, സാദ്ദിഖ്, വെട്ടുകിളി പ്രകാശ്, ഹരിശ്രീ അശോകൻ, നന്ദു, മധുപാൽ, പ്രേം പ്രകാശ്, അർഥന ബിനു, രമ്യ സുവി, അനഘ മായ രവി, ശരണ്യ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കയൊരുക്കിയത്. ഒരു പരീക്ഷണമാണ് താൻ തിരക്കഥയിൽ നടത്തിയതെന്ന് മുൻപ് ജിനു പറഞ്ഞിട്ടുണ്ട്. എന്നാൽ ആ പരീക്ഷണത്തിൽ വിജയിക്കാൻ ജിനുവെന്ന തിരക്കഥാകൃത്തിന് സാധിച്ചുവെന്ന് നിസംശയം പറയാനാകും. പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കുന്നതിൽ ചിത്രം വിജയിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണം. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ. സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ സന്തോഷ് നാരായണൻ്റെ സംഗീതവും വിജയിച്ചുവെന്ന് പറയാം.
എല്ലാ അർത്ഥത്തിലും പ്രേക്ഷകനെ പിടിച്ചിരുത്തിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഒട്ടും പുറകിലല്ല. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം രണ്ട് ദിവസം പിന്നിടുമ്പോൾ ചിത്രം 2.75 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. ആദ്യ ദിവസം ഒരു കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം പ്രമേലു മൂന്ന് കോടിയലധികം നേടിയെന്നാണ് റിപ്പോർട്ട്. നസ്ലിനാണ് ചിത്രത്തിലെ നായകൻ. മമിതയാണ് നസ്‍ലെന്റെ നായികയായി എത്തിയത്. വമ്പൻ താരങ്ങളില്ലാതിരുന്നിട്ടും റിലീസിന് 90 ലക്ഷത്തിലധികം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.












Click it and Unblock the Notifications