തൃഷ മനസ് തുറക്കുന്നു; വിവാഹം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നില്ല, കമല്‍ഹാസന്റെ മറുപടി വൈറല്‍
ചെന്നൈ: ദളപതി വിജയിയും നടി തൃഷയും പ്രണയത്തിലാണ് എന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ ഇരുവരും ഇക്കാര്യം ശരിവെക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. ഹിറ്റ് സിനിമകളില്‍ ജോഡിയായി അഭിനയിച്ചിട്ടുള്ള ഇരുവരും ഒന്നിച്ച് നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഗോവയില്‍ പോയ വീഡിയോയും വിമാന ടിക്കറ്റും അടുത്തിടെ വൈറലായിരുന്നു.
41കാരിയായ തൃഷ ഇപ്പോഴും നായികാ വേഷങ്ങളില്‍ സിനിമകളില്‍ സജീവമാണ്. മണി രത്‌നത്തിന്റെ തഗ് ലൈഫ് ആണ് തൃഷയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തൃഷ മാധ്യമങ്ങളെ കണ്ടപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും പ്രതികരിച്ചു. കമല്‍ഹാസന്‍, സിലമ്പരസന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

വിവാഹം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് തൃഷ നല്‍കിയ മറുപടി. വിവാഹം നടന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്നും നടി പറഞ്ഞു. എന്നാല്‍ വിജയിയുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം സംബന്ധിച്ച് നടി പ്രതികരിച്ചില്ല. അതേസമയം, കമല്‍ഹാസന്‍ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു.
വിവാഹത്തെ കുറിച്ചുള്ള വീക്ഷണം, രണ്ട് വിവാഹം കഴിച്ചതിനെ പറ്റിയുള്ള പ്രതികരണം എന്നിവയാണ് കമല്‍ഹാസന്‍ പറഞ്ഞത്. പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോണ്‍ ബ്രിട്ടാസ് എംപി വിവാഹത്തെ കുറിച്ചു ചോദിച്ചതും അതിന് താന്‍ നല്‍കിയ മറുപടിയും കമല്‍ഹാസന്‍ വിശദീകരിച്ചു. ബ്രിട്ടാസ് തന്റെ നല്ല സുഹൃത്താണ്. ഒരുകൂട്ടം വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ചാണ് ബ്രിട്ടാസ് തന്നോട് വിവാഹത്തെ കുറിച്ച് ചോദിച്ചത്.
താങ്കള്‍ നല്ല ബ്രാഹ്മിണ്‍ കുടുംബാംഗമാണ്. എങ്ങനെയാണ് താങ്കള്‍ രണ്ട് വിവാഹം ചെയ്തത് എന്നായിരുന്നുവത്രെ ബ്രിട്ടാസിന്റെ ചോദ്യം. തന്റെ കുടുംബ പശ്ചാത്തലവും വിവാഹവും തമ്മിലെന്ത് ബന്ധമെന്ന് താന്‍ തിരിച്ചു ചോദിച്ചു. താങ്കള്‍ രാമനോട് പ്രാര്‍ഥിക്കുന്നു പക്ഷേ, രാമന്‍ ജീവിച്ച പോലെ ജീവിക്കുന്നില്ല എന്നായിരുന്നു ബ്രിട്ടാസ് വീണ്ടും വിശദീകരിച്ചത്.
ദശരഥനെ പിന്തുടരുന്ന കമല്‍ഹാസന്‍
''താന്‍ ഒരു ദൈവത്തെയും ആരാധിക്കുന്നില്ല. രാമന്റെ മാര്‍ഗം ഞാന്‍ പിന്തുടരുന്നില്ല. അദ്ദേഹത്തിന്റെ പിതാവായ ദശരഥന്റെ പാതയാണ് താന്‍ പിന്തുടരുന്നത്''. ദശരഥന്‍ മൂന്ന് വിവാഹം കഴിച്ച കാര്യം സൂചിപ്പിച്ചായിരുന്നു കമല്‍ഹാസന്റെ മറുപടി. ജീവിതത്തെ വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന നടനാണ് കമല്‍ഹാസന്‍.
വിവാഹത്തെ കുറിച്ച് തൃഷ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിജയിയുമായി ബന്ധപ്പെടുത്തിയാണ് പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ഗില്ലി എന്ന സിനിമയിലാണ് വിജയിയും തൃഷയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് തിരുപ്പാച്ചി, ആദി, കുരുവി, ലിയോ എന്നീ സിനിമകളിലും ഇരുവരും മുഖ്യ വേഷങ്ങള്‍ ചെയ്തു.
അതിനിടെയാണ് ഗോവയില്‍ വച്ച് നടന്ന നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് വിജയിയും തൃഷയും ഒരുമിച്ച് എത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും സംബന്ധിച്ച് കഥകള്‍ മെനയുന്നവര്‍ക്ക് ഇതൊരു ആയുധമായി. വിജയുടെ ഭാര്യ സംഗീത സ്വര്‍ണലിങ്കത്തിന്റെ പേര് ചേര്‍ത്തും വിഷയത്തില്‍ വിജയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു.
അതേസമയം, തൃഷയുടെ പുതിയ ചിത്രം തഗ് ലൈഫ് വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ജൂണ്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകള്‍ എത്തുക. ചിരഞ്ജീവി നായകനാകുന്ന വിശ്വംഭര എന്ന തെലുഗു ചിത്രമാണ് തൃഷയുടേതായി അതിന് ശേഷം ഇറങ്ങാനുള്ളത്. അഭിനയിച്ച സിനിമകളിലെല്ലം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് തൃഷ. മാത്രമല്ല, മിക്കതും സൂപ്പര്‍ ഹിറ്റുകളുമായിരുന്നു.












Click it and Unblock the Notifications