എല്ലാത്തിന്റേയും തുടക്കം ഈസ്റ്ററിന്റെ അന്ന്; ഇടത് കാലിനും കൈക്കും സ്വാധീന കുറവ്: ഉല്ലാസ് പന്തളം പറയുന്നു
സ്ട്രോക്ക് വന്ന് നടക്കാന്‍ ബുദ്ധിമുട്ടുന്ന നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടലോടെയായിരുന്നു മലയാളി പ്രേക്ഷകർ കണ്ടത്. കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയായിരുന്നു അദ്ദേഹം നടന്നത്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. തന്റെ അസുഖത്തെക്കുറിച്ചും ആരോഗ്യം പതിയെ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും താരം തന്നെ വ്യക്തമാക്കി.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരായിരുന്നു താരത്തിന് പിന്തുണയുമായി എത്തിയത്. ഇതിനിടയിലും പതിവ് പോലെ ചിലർ നെഗറ്റീവ് കമന്റുകളുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ അത് ഒന്നും കാര്യമാക്കാതെ അഭിനയ രംഗത്തേക്കും മിമിക്രി വേദികളിലേക്കും ശക്തമായി തന്നെ തിരിച്ച് വരാനുള്ള ശ്രമത്തിലാണ് താനെന്നാണ് ഉല്ലാസ് പന്തളം വ്യക്തമാക്കുന്നത്.

'ഒരു ചെറിയ അസുഖം ബാധിച്ച് ഇരിക്കുകയാണ് ഞാന്‍ കഴിഞ്ഞ ഏപ്രിൽ ഇരുപതായം തീയതി, അതായത് ഈസ്റ്ററിന്റെ അന്ന് വൈകുന്നേരം എനിക്കൊരു സ്ട്രോക്ക് ഉണ്ടായി. അതുമായിട്ട് സംബന്ധിച്ച് ഇടതുകാലിനും ഇടത്തെ കൈക്കും ഇച്ചിരി സ്വാധീനക്കുറവ് ഒക്കെ ആയിട്ട് ഇരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ ചാനലിൽ പ്രോഗ്രാമിന് ഒന്നും പങ്കെടുക്കാൻ പറ്റാത്തതും കാണാത്തതും.' കൌമുദി മൂവീസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
പിന്നെ സോഷ്യൽ മീഡിയയിലൂടെ ഈ വിവരം ആളുകള്‍ അറിഞ്ഞിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഞാൻ ഇത് രഹസ്യമാക്കി വെച്ചിരുന്നതിന്റെ മെയിൻ കാരണം സോഷ്യൽ മീഡിയയിൽ വരുമ്പോഴുണ്ടാകുന്ന അനാവശ്യ കമന്റുകള്‍ ഓർത്താണ്. പിന്നീട് ആലോചിച്ചപ്പോൾ എന്തിനാണ് അതിന്റെ ആവശ്യമില്ലെന്ന് തോന്നി. പിന്നെ ലക്ഷ്മി നക്ഷത്ര ഇടക്ക് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചു. അത് നമ്മുടെ വൈറ്റ് ഗോൾഡ് എന്ന് പറയുന്ന സ്ഥാപനമായിരുന്നു. റോയി സാറിന്റെ ജേഷ്ഠൻ ബാബു സാറിന്റെ സ്ഥാപനമാണ് വൈറ്റ് ഗോള്‍ഡ്.
ബാബു സാറാണ് ഉല്ലാസിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാം എന്ന് പറഞ്ഞത്. എനിക്കും അത് വലിയ സന്തോഷമായി. കഴിഞ്ഞ കുറേ നാളുകളായി പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലാതെ വീട്ടില്‍ ഇരിക്കുകയാണല്ലോ. അങ്ങനെ ഞാന്‍ ഉദ്ഘാടനത്തിന് പോയപ്പോഴുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. സ്നേഹമുള്ളവരൊക്കെ എന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരും വലിയ പിന്തുണ അറിയിക്കുന്നു.
പിന്തുണയോടൊപ്പം തന്നെ ചില നെഗറ്റീവ് കമന്റുകളും വരുന്നുണ്ട്. അത് ഒന്നും ഞാന്‍ നോക്കുന്നില്ല. ഇതുവരെ കലാരംഗത്ത് എനിക്ക് തന്ന പിന്തുണയ്ക്കും, ഈ രോഗാവസ്ഥയിലും കൂടെ നില്‍ക്കുന്നവർക്കും നന്ദി പറയുകയാണ്. കൂടുതല്‍ ശക്തിയോടെ ഞാന്‍ തിരിച്ച് വരും. അതിന്റെ ട്രീറ്റ്മെന്റിലും പരിശീലനത്തിലുമാണ്. അതിന് നിങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications