'ഹിന്ദുത്വ രാഷ്ട്രീയത്തെ സുഖിപ്പിക്കുന്നു; കട്ടപ്പാരയെടുത്ത് കക്കാൻ പോയിക്കൂടെ'; മറുപടിയുമായി ഉണ്ണി മുകുന്ദൻ
കൊച്ചി: സിനിമ ഹിറ്റ് ആകാൻ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടിപിടിക്കുന്നുവെന്ന വിമർശനത്തിന് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിൽ നടനെ വിമർശിച്ച് കൊണ്ടുള്ള പോസ്റ്റിനാണ് താരത്തിന്റെ മറുപടി. മാളികപ്പുറം അജണ്ട സിനിമയാണെന്ന് കരുതുന്നവർ ജയ് ഗണേഷ് കാണേണ്ടയെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.
മൂവി സ്ട്രീറ്റിൽ വന്ന കുറിപ്പ് ഇങ്ങനെ-' 'മല്ലു സിംഗ് അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യങ് മാൻ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയർ ഗ്രോത് ഉണ്ടാക്കാൻ കണ്ടുപിടിച്ച എളുപ്പ മാർഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്.

പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയൽ ലെവൽ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാൻ കാരണം ഭക്തി എന്ന ലൈനിൽ മാർക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയർ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതാണ്'.
ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം-'നന്ദി മൂവി സ്ട്രീറ്റ്, മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയഗണേഷിനെ ഒഴിവാക്കാം. താഴെയുള്ള പോസ്റ്റിൽ എന്നെ ചിത്രീകരിച്ചിരിക്കുന്നത് പോലെ തീയറ്ററിൽ ഈ സിനിമ കണ്ടവരെല്ലാം വർഗീയവാദികളാക്കും.ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ താത്പര്യത്തോട് യോജിക്കാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ട് ഇത്തരം പൊതു ഇടങ്ങൾ വിദ്വേഷം പടർത്താൻ ഉപയോഗിക്കുകയാണ്.എന്തായാലും, ഒരു സിനിമാഗ്രൂപ്പ് ഇത്തരം ഒരു എഴുത്ത് പോസ്റ്റ് ചെയ്യാൻ അനുവദിച്ചുവെന്നത് കൊണ്ട് മനസിലാകുന്നത് അവർ ഒരു സിനിമ ഗ്രൂപ്പ് അല്ലെന്നതാണ്.
ഏപ്രിൽ 11 ആണ് ജയഗണേഷ് റിലീസ് ചെയ്യുന്നത്. അത് നിങ്ങളെ ആസ്വദിപ്പിക്കും. കുടുംബത്തോടൊപ്പം ചിത്രം ആസ്വദിക്കാം', ഉണ്ണി മുകുന്ദൻ കുറിച്ചു. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. മിത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടതായിരിക്കാം സിനിമ എന്നാണ് വിലയിരുത്തലുകൾ.












Click it and Unblock the Notifications