ഉണ്ണി ചേട്ടനെ ഫോണിൽ വിളിച്ചിരുന്നു, അദ്ദേഹം പറഞ്ഞത്...'; ഷെയിൻ നിഗം പറയുന്നു
ഒരു അഭിമുഖത്തിനിടെ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് ഷെയിൻ നിഗം നടത്തിയൊരു പരാമർശം വലിയ വിവാദത്തിനാണ് കാരണമായത്. താരത്തിനെതിരെ കടുത്ത സൈബർ ആക്രമണമാണ് ഇതിനെ തുടർന്ന് ഉണ്ടായത്. സംഘപരിവാർ സൈബർ പ്രൊഫൈലുകളായിരുന്നു ഷെയിനിനെതിരെ രംഗത്തെത്തിയത്. ഇതോടെ ഇവർക്കുള്ള മറുപടിയെന്ന നിലയിൽ കഴിഞ്ഞ ദിവസം കഫിയ ധരിച്ചൊരു ചിത്രവും കുറിപ്പും ഷെയിൻ പങ്കിട്ടിരുന്നു. 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന വരികളോടെയാണ് ഫോട്ടോ പങ്കുവെച്ചത്.
ഇപ്പോഴിതാ ഫോട്ടോ പങ്കിട്ടതിനെ കുറിച്ചും ഉണ്ണി മുകുന്ദൻ വിവാദത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം. താൻ ഇതിനെയൊക്കെ തമാശയായിട്ട് മാത്രമേ കണ്ടിട്ടുള്ളൂവെന്നും താരം പറയുന്നു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്

'കഫിയ കെട്ടിയ ഒരു ഫോട്ടോ പങ്കുവെച്ചാൽ എന്റെ ഫോട്ടോയ്ക്ക് താഴെ വരാൻ പോകുന്നൊരു കമന്റാണ് ഞാൻ ഇട്ടത്. കാരണം ഇൻസ്റ്റഗ്രാമിൽ എനിക്ക് ഇത്തരത്തിലുള്ള ആക്രമണമാണ് മെസേജ് ആയി വരുന്നത്. വിമർശിക്കുന്നവരോട് ദേഷ്യമുണ്ടെന്നല്ല. ഞാൻ ഇതിനെയൊക്കെ തമാശയായിട്ടാണ് കാണുന്നത്. നിങ്ങളെന്നെ ഇങ്ങനെയല്ലേ പറയാൻ പോകുന്നത്. എന്നാൽ ഞാൻ ഇത് തന്നെയാണ് എന്നതാണ് ഞാൻ തമാശാ രൂപേണ പറയാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിനെയൊക്കെ ആളുകൾ സീരിയസ് ആയി കാണുകയാണ്.
ഉണ്ണി ചേട്ടനെ ഞാൻ വിളിച്ചിരുന്നു. കിട്ടിയില്ല. അദ്ദേഹം മെസേജ് അയച്ചിരുന്നു. പ്രശ്നമൊന്നും ഇല്ല എന്ന നിലയ്ക്കാണ് സംസാരിച്ചത്. എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്താണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയിൽ കുറെ തമാശകൾ പറയുമ്പോൽ പറഞ്ഞ കാര്യമാണ്. അത് ആ അഭിമുഖത്തിന്റെ വൈബിൽ ഇരുന്ന് കണ്ടാൽ മാത്രമേ മനസിലാകൂ. അതൊരു തമാശ മാത്രമായിരുന്നു. എന്നാൽ ഈ ഭാഗം മാത്രം എടുത്ത് മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചു. അപ്പോൾ വിഷമം തോന്നി. കാരണം ആ രീതിക്കൊന്നും ഞാൻ ചിന്തിച്ചിട്ടേ ഇല്ല.
ഉണ്ണി ചേട്ടനെ ഒക്കെ സ്ക്രീനിൽ കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തോടൊക്കെ ബഹുമാനമില്ലാതെ ഞാൻ പെരുമാറില്ല. ഞാൻ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ ഉണ്ണിച്ചേട്ടനോട് സംസാരിച്ചിട്ടുണ്ട്. ഉണ്ണി ചേട്ടന്റെ ഫാൻസിനെ ഇത് ബുദ്ധിമുട്ടിച്ചെങ്കിൽ ഞാൻ അവരോടും ക്ഷമ ചോദിക്കുന്നു', താരം പറഞ്ഞു.
ലിറ്റില്‍ ഹാര്‍ട്‍സ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു ഉണ്ണി മുകുന്ദനെ ഷെയിൻ സംസാരിച്ചത്. മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍-ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അഭിമുഖത്തിനിടെ അവതാരക പറഞ്ഞു. എന്നാൽ തനിക്ക് മഹി-ഉംഫി കോമ്പോയാണ് ഇഷ്ടം എന്ന് ഷെയിൻ പറയുകയായിരുന്നു. ഉണ്ണി മുകന്ദൻ ഫാൻസ് ഓഫ് ഇന്ത്യ എന്നാണ് ഞാൻ ഉദ്ദേശിച്ചതെന്ന് തമാശയോടെ ഷെയിൻ വിശദീകരിച്ചു. ഇതാണ് ചിലർ വിവാദമാക്കിയത്. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി ഷെയിൻ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications