ജയിലര്‍ തരംഗത്തില്‍ മുഖ്യമന്ത്രിമാര്‍; പിണറായിയ്ക്ക് പിന്നാലെ യോഗിയും ജയിലറിന്, ഒപ്പം രജനിയും
ലഖ്‌നൗ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ജയിലര്‍'. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ചിത്രം നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് സംവിധാനം ചെയ്തത്. ജയിലര്‍ ബോക്‌സോഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ ഏറ്റവും വലിയ പണം വാരി പടം എന്ന നേട്ടം ജയിലര്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.
നാല് ദിവസം കൊണ്ട് 300 കോടി രൂപ ആഗോള മാര്‍ക്കറ്റില്‍ നിന്ന് വാരിയ ചിത്രം രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. രജനീകാന്തിനൊപ്പം വിനായകന്‍, രമ്യ കൃഷ്ണന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവരും നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്.

മാസ് മസാല കാറ്റഗറിയില്‍പ്പെടുന്ന ചിത്രത്തില്‍ സൂപ്പര്‍താരങ്ങളെ ചിത്രീകരിച്ച വിധവും കൈയടി നേടുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം ജയിലര്‍ സിനിമ കാണാനെത്തിയിരുന്നു. ഇപ്പോഴിതാ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജയിലര്‍ കാണാനൊരുങ്ങുകയാണ്. രജനികാന്തിനൊപ്പമാണ് യോഗി ആദിത്യനാഥ് സിനിമ കാണുക.
ശനിയാഴ്ച യോഗി ആദിത്യനാഥിനൊപ്പം സിനിമ കാണുമെന്ന് രജനീകാന്ത് പറഞ്ഞു. ഇതിനായി രജനീകാന്ത് ലഖ്‌നൗവില്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് രജനീകാന്ത് ലഖ്നൗവില്‍ എത്തിയത്. ജയിലര്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് അദ്ദേഹം ദൈവത്തോട് നന്ദി പറയുകയും ചെയ്തു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ് എന്നായിരുന്നു എയര്‍പോര്‍ട്ടില്‍ കാറില്‍ കയറുമ്പോള്‍ അദ്ദേഹം പറഞ്ഞു.
തമന്നയും ജാക്കി ഷ്രോഫും അടക്കമുള്ള താരനിര ഭാഗമായ ചിത്രം ഇതുവരെ ലോകമെമ്പാടുമായി ഏകദേശം 475 കോടി നേടിയതായി സണ്‍ പിക്‌ചേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 450 കോടി രൂപയും ആദ്യ ആഴ്ചയിലാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ജയിലര്‍ ആദ്യ ആഴ്ചയില്‍ 235.65 കോടി രൂപ നേടിയിട്ടുണ്ട്. ജയിലറിന്റെ തമിഴ് പതിപ്പ് ഇതുവരെ 186.05 കോടി രൂപയും തെലുങ്ക് പതിപ്പ് 46.99 കോടി രൂപയും കന്നഡ, ഹിന്ദി പതിപ്പുകള്‍ 1.9 കോടി രൂപ വീതവും നേടിയിട്ടുണ്ട്.












Click it and Unblock the Notifications