ഉപ്പും മുളകിലേക്ക് ബാലു മടങ്ങിയെത്തുന്നു? കേസ് എന്തായി... നീലുവും മുടിയനും തിരിച്ചെത്തുമോ? ചര്‍ച്ച
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിറ്റ് കോം ആണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. 2015 ഡിസംബര്‍ 14 നാണ് ഫ്ളവേഴ്സ് ചാനലില്‍ ഇതിന്റെ സംപ്രേഷണം ആരംഭിച്ചത്. ബാലചന്ദ്രന്‍, നീലിമ, മക്കളായ വിഷ്ണു, ലെച്ചു, കേശു, ശിവാനി, പാറുക്കുട്ടി എന്നിവരുടെ കഥയാണ് ഈ സിറ്റ് കോം പരമ്പരയില്‍ പറയുന്നത്. 1206 എപ്പിസോഡുകള്‍ അടങ്ങുന്ന ഷോയുടെ ആദ്യ സീസണ്‍ 2015 ഡിസംബര്‍ 14 മുതല്‍ 2021 ജനുവരി 15 വരെ സംപ്രേഷണം ചെയ്തു.
പിന്നീട് പലപ്പോഴായി എടുത്ത ചെറിയ ഇടവേളയ്ക്ക് ശേഷം ഓരോ സീസണുകളും സംപ്രേഷണം ചെയ്തു. നിലവില്‍ മൂന്നാം സീസണ്‍ ആണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ നിരവധി വിവാദങ്ങളിലും ഉപ്പും മുളകും എത്തിയിരുന്നു. വിഷ്ണുവായി അഭിനയിച്ചിരുന്നത് റിഷിയാണ്. പെട്ടെന്നൊരുനാള്‍ റിഷിയുടെ കഥാപാത്രത്തെ സീരിയലില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇതിനെതിരെ റിഷി തന്നെ രംഗത്തെത്തിയിരുന്നു.

അതിനിടെയാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിജു സോപാനം, നിഷ സാരംഗ്, എസ് പി ശ്രീകുമാര്‍ എന്നിവരും സീരിയലില്‍ നിന്ന് അപ്രത്യക്ഷരായത്. ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെയാണ് ഇരുവരും സീരിയലില്‍ നിന്ന് മാറിയത്. എന്നാല്‍ നിഷ സാരംഗ് മാറി നില്‍ക്കാനുള്ള കാരണം വ്യക്തമായിരുന്നില്ല.
കഴിഞ്ഞ ഏഴ് മാസത്തോളമായി ഉപ്പും മുളകും മുന്നോട്ട് പോകുന്നത് കേശു, ലെച്ചു, ശിവാനി, പാറുക്കുട്ടി എന്നീ കഥാപാത്രങ്ങളിലൂടെയാണ്. ഇതിനിടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് ഉപ്പും മുളകും എന്ന സീരിയല്‍. കഴിഞ്ഞ ദിവസം ബിജു സോപാനം ഉപ്പും മുളകും സീരിയലിലെ ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. ഇതോടെയാണ് ഉപ്പും മുളകും വീണ്ടും ചര്‍ച്ചയിലേക്ക് വന്നത്.
ലൊക്കേഷന്‍ എന്ന ഹാഷ്ടാഗോടെ കേശു, ശിവാനി, അമ്മൂമ്മ, ലെച്ചുവിന്റെ മകള്‍ കല്ലു എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ബാലു (ബിജു) ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ഇതോടെ ബാലു വീണ്ടും ഉപ്പും മുളകിലേക്കും എത്തുന്നു എന്ന പ്രചരണവും ശക്തമാണ്. ബിജുവിന്റെ ചിത്രത്തിന് താഴെയെല്ലാം അദ്ദേഹത്തെ സ്വാഗതം ചെയ്ത് കൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്. ജൂലൈ 18 ന് പങ്ക് വെച്ച ചിത്രത്തില്‍ ഇതിനോടകം 200 ലേറെ പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
'കാത്തിരിക്കുകയായിരുന്നു ബാലു ചേട്ടാ', 'താങ്കള്‍ തെറ്റ് ഒന്നും ചെയ്തില്ല എങ്കില്‍ തീര്‍ച്ചയായും മടങ്ങി വരണം കാരണം ആ പാവം കേശു അഭിനയിച്ചു അഭിനയിച്ചു ബാലു ആകുന്നുണ്ട്,' എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ബാലുവിനൊപ്പം നീലുവും മുടിയനും തിരിച്ചെത്തണം എന്നും റിഷിക്കും ടാഗ് ചെയ്തത് കൊണ്ട് മുടിയനും തിരിച്ചെത്തുമായിരിക്കും അല്ലേ എന്നൊക്കെയാണ് പലരുടേയും കമന്റ്.
'ബാലുവും നീലുവും മുടിയനും ഇല്ലാത്ത ഉപ്പും മുളകും മധുരമില്ലാത്ത പായസം പോലെയാണ്', ' നീലു വന്നാലെ പൂര്‍ണത ആകൂ' എന്നൊക്കെയാണ് മറ്റ് ചിലരുടെ കമന്റ്. അതേസമയം ബിജു സീരിയലിലേക്ക് തിരിച്ചെത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ബിജു സോപാനം ഉപ്പും മുളകും ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണോ എന്നും പലരും സംശയം ഉന്നയിക്കുന്നുണ്ട്.
അതേസമയം ആദ്യ സീസണിന് ശേഷം ഉപ്പും മുളകും പ്രോഗ്രാമിന്റെ നിലവാരം കുറഞ്ഞു എന്ന് പലരും പറയുന്നുണ്ട്. ആദ്യ സീസണിലെ കഥയും മറ്റും എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നു ഇപ്പോഴത്തെ കഥയും പുതിയ കഥാപാത്രങ്ങളും വര്‍ക്കാകുന്നില്ല എന്ന് പരാതിപ്പെടുന്നവരും ഉണ്ട്.












Click it and Unblock the Notifications