സംവിധായകന്റെ അലർച്ച കൂടി കേട്ടതോടെ ഉർവശി ദാ കിടക്കുന്നു തറയിൽ; പാതി ബോധം പോയി: രവി മേനോന്‍
മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉർവശി. 1977 ല്‍ തന്റെ എട്ടാം വയസ്സില്‍ അഭിനയരംഗത്തേക്ക് എത്തിയ ഉർവശി 2024 പുറത്തിറങ്ങിയ ഉള്ളൊഴുക്കിലെ ലീലാമ്മ എന്ന കഥാപാത്രത്തിനുള്‍പ്പെ ആറ് തവണയാണ് മികച്ച നടിക്കുള്ളള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം നേടിയത്. മറ്റൊരു മലയാള നടിക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമായും ഇത് മാറി. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഉർവശിയെ തേടിയെത്തി.
മലയാളത്തില്‍ മാത്രമല്ല തുടക്കം മുതല്‍ തന്നെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഉർവശി ചെയ്തിട്ടുണ്ട്. അമ്മ വേഷങ്ങളിലേക്ക് മാറിയപ്പോഴും തമിഴില്‍ നിന്നും അഭിനയപ്രധാനമുള്ള വേഷങ്ങള്‍ക്കായി ഉർവശിയെ വിളിക്കുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആരെന്ന ചോദ്യത്തിന് സിനിമ മേഖലയില്‍ നിന്നുള്ള പലരും നല്‍കുന്ന ഉത്തരം കൂടിയാണ് ഉർവശി.

ഇപ്പോഴിതാ ഉർവശിയെക്കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമൊക്കെയായ രവി മേനോന്‍ എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ആദ്യമായി ക്യാമറക്ക് മുന്നില്‍ എത്തിയപ്പോള്‍ മോഹാലസ്യപ്പെട്ടുപോയ കഥ ഉർവശി തന്നെ മുമ്പ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇത് അടക്കം ചൂണ്ടിക്കാട്ടിയാണ് രവി മേനോന്റെ എഴുത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു.
ക്യാമറയും ആർക് ലൈറ്റുകളും കണ്ടു ഭയന്ന് ബോധംകെട്ടു വീണുപോയ ഒരു എൽ പി സ്കൂൾ കുട്ടിയുണ്ട് ഉർവശിയുടെ സിനിമാസ്‌മരണകളിൽ. സംസ്ഥാന അവാർഡ് നേടിയ "ഉള്ളൊഴുക്കി"ലെ ലീലാമ്മയെ കണ്ടിരുന്നപ്പോൾ മനസ്സിൽ വന്നു നിറഞ്ഞത് ആ ബാലികയുടെ നിഷ്കളങ്കമുഖമാണ്.
"ഓർത്താൽ അത്ഭുതം തന്നെ." -- ഉർവശി പറയും. "ക്യാമറയെ മാത്രമല്ല സിനിമയെത്തന്നെ സഹിക്കാനാകുമായിരുന്നില്ല ഒരിക്കൽ എനിക്ക്. പക്ഷേ സിനിമ എന്നെ സഹിച്ചു; ഒന്നും രണ്ടും കൊല്ലമല്ല, പതിറ്റാണ്ടുകളോളം." ആ സഹനം മലയാളിയുടെ സൗഭാഗ്യമായി മാറിയെന്നതിന് തെളിവായി വെള്ളിത്തിരയിൽ ഉർവശി പകർന്നാടിയ വൈവിധ്യമാർന്ന കഥാപാത്രങ്ങളുണ്ട് നമുക്ക് മുന്നിൽ. ദേശീയ അവാർഡിനും ആറ് സംസ്ഥാന അവാർഡുകൾക്കും എണ്ണമറ്റ മറ്റു ബഹുമതികൾക്കുമെല്ലാം അപ്പുറത്ത് ഉർവശിയെ മലയാളിയുടെ സ്വകാര്യ അഹങ്കാരമാക്കി നിലനിർത്തുന്ന കഥാപാത്രങ്ങൾ.
നാലരപ്പതിറ്റാണ്ട് പിന്നിടുന്ന ഉർവശിയുടെ ചലച്ചിത്രയാത്രയുടെ തുടക്കം ഒരു "മോഹാലസ്യ"ത്തിൽ നിന്നായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? "കാലിത്തൊഴുത്തിൽ പിറന്നവനേ കരുണ നിറഞ്ഞവനേ" എന്ന മനോഹരമായ സ്തുതിഗീതം ആ വീഴ്ച്ചയുടെ ഓർമ്മ കൂടിയാണ് ഉർവശിക്ക്. "സായൂജ്യ"(1979)ത്തിലെ ആ പാട്ട് കേൾക്കുമ്പോൾ മനസ്സുകൊണ്ട് അച്ഛന്റെ പൊടിമോളായി മാറും ഉർവശി. ആദ്യമായി മൂവീ ക്യാമറയുമായി മുഖാമുഖം നിന്ന നിമിഷങ്ങൾ മനസ്സിൽ തെളിയും. "ഒരിക്കലും സങ്കല്പ്പിക്കുക പോലും ചെയ്യാത്ത വഴികളിലൂടെയാണല്ലോ കാലം എന്നെ കൈപിടിച്ച് കൊണ്ടുപോയത് എന്നോർക്കാറുണ്ട് ഇന്നും ആ പാട്ട് കേൾക്കുമ്പോൾ."
തിരുവനന്തപുരത്തെ ചെട്ടികുളങ്ങര എൽ പി സ്‌കൂളിൽ വിദ്യാർത്ഥിനിയാണ് അന്ന് ഉർവശി. പേര് കവിതാരഞ്ജിനി. മുൻപൊരു സിനിമയിൽ ആൾക്കൂട്ടത്തിൽ മിന്നിമറഞ്ഞിട്ടുണ്ടെങ്കിലും അഭിനയമോഹമൊന്നും ഉള്ളിൽ നാമ്പിട്ടു തുടങ്ങിയിട്ടില്ല. ആ ദിവസങ്ങളിലൊന്നിലാണ് പ്രിയസുഹൃത്തിന്റെ മകൻ സംവിധാനം ചെയ്യുന്ന പുതിയ പടത്തിലെ ഗാനരംഗത്ത് അഭിനയിക്കാൻ കുറെ കുട്ടികളെ വേണമെന്ന് അച്ഛൻ വന്നു പറയുന്നത്. "സായൂജ്യ"ത്തിന്റെ സംവിധായകൻ ജി പ്രേംകുമാറിന്റെ അച്ഛൻ ഗുലാബും ഉർവശിയുടെ അച്ഛൻ ചവറ വി പി നായരും ഉറ്റ സുഹൃത്തുക്കൾ. ഉർവശിയും രണ്ടു കൊച്ചനിയന്മാരും അങ്ങനെ അച്ഛനോടൊപ്പം ഷൂട്ടിംഗിനായി മെരിലാൻഡ് സ്റ്റുഡിയോയിലെത്തുന്നു. സ്‌കൂളിലെ ചില സഹപാഠികളും ഉണ്ട് കൂടെ; ഗായകസംഘത്തിന്റെ ഭാഗമാകാൻ.
സിനിമാ ഷൂട്ടിംഗിന്റെ ഉള്ളുകള്ളികളൊന്നും അന്നറിയില്ല. മെരിലാൻഡിൽ ചെന്നപ്പോൾ അവിടെ ഒരു ക്രിസ്ത്യൻ പള്ളിയുടെ സെറ്റിട്ടിരിക്കുന്നു. നിറയെ ആളുകൾ, ആകെ ശബ്ദകോലാഹലം. ഫ്ലോറിന്റെ ഒരു മൂലയ്ക്ക് പതുങ്ങിനിന്ന് ചുറ്റുമുള്ള കൗതുകക്കാഴ്ചകൾ അമ്പരപ്പോടെ കണ്ടു ഉർവശി. നല്ല വണ്ണമുള്ള ഒരാളാണ് ക്യാമറാമാൻ. മറ്റൊരാൾ കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് കസേരയിലിരിക്കുന്നു. സംവിധായകൻ പ്രേംകുമാർ ആണതെന്ന് അച്ഛൻ പറഞ്ഞറിഞ്ഞു.
ചെന്നയുടൻ പാട്ട് പഠിച്ചെടുക്കാനാണ് കിട്ടിയ നിർദേശം. കുറെ കുട്ടികൾ ചേർന്ന് പാടേണ്ട പാട്ടാണ്. ക്ളോസപ്പ് ഷോട്ടുകളും ഉണ്ടാകുമെന്നതിനാൽ പാട്ട് എല്ലാവരും ഹൃദിസ്ഥമാക്കിയേ പറ്റൂ. പാട്ടു പഠിച്ച് ക്യാമറക്ക് മുന്നിൽ ചെന്നുനിന്നപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. ഷൂട്ടിംഗ് തുടങ്ങാൻ നിമിഷങ്ങളേയുള്ളൂ ഇനി. ക്യാമറാമാന്റെ "ലൈറ്റ്സ് ഓൺ" ഗർജ്ജനം കേട്ടപ്പോഴേ ഉള്ളൊന്നു കാളി. അയ്യായിരം വാട്ട്സിന്റെ തീക്ഷ്ണപ്രകാശം ചൊരിയുന്ന ദീപങ്ങൾ തെളിഞ്ഞതോടെ ആ അമ്പരപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തിയെന്ന് ഉർവശി. കണ്ണിൽ കുത്തിക്കയറുന്ന വെളിച്ചവും അസഹനീയമായ ചൂടും ചേർന്നപ്പോൾ ശരീരമാകെ ഒരു വിറയൽ. സംവിധായകന്റെ "ആക്‌ഷൻ" എന്ന അലർച്ച കൂടി കേട്ടതോടെ പുതുമുഖതാരം ദാ കിടക്കുന്നു തറയിൽ.
"പാതിബോധത്തിലുള്ള ആ കിടപ്പിലും അച്ഛൻ ആരെയൊക്കെയോ ഉറക്കെ ദേഷ്യപ്പെടുന്നത് കേൾക്കാമായിരുന്നു." -- ഉർവശിയുടെ ഓർമ്മ. "എന്റെ കൊച്ചിനെ ആരാണ് പേടിപ്പിച്ചതെന്നൊക്കെ ചോദിക്കുന്നുണ്ട്. സംവിധായകനോടാവണം. നിലത്തുനിന്ന് എന്നെ വാരിയെടുത്ത് തോളിലിട്ട് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങി അച്ഛൻ. ആ യാത്ര ചെന്നവസാനിച്ചത് വെള്ളയമ്പലത്തെ ജവഹർ ബാലഭവന് അടുത്തുള്ള ഒരു ഹോട്ടലിലാണ്. ആ ഹോട്ടൽ ഇപ്പോഴുണ്ടോ എന്നറിയില്ല. എന്നാൽ അന്ന് അവിടെ നിന്ന് കഴിച്ച തൈർശാദത്തിന്റെ സ്വാദ് ഇന്നുമുണ്ട് നാവിൻ തുമ്പത്ത്. ചുവന്ന അരി കൊണ്ടുള്ള ചോറായിരുന്നു. എനിക്ക് നല്ല ഓർമ്മയുണ്ട്. കൂടെ സ്വാദുള്ള മാങ്ങാ അച്ചാറും പപ്പടവും. ക്യാമറയും ലൈറ്റുകളും സമ്മാനിച്ച പേടി അതോടെ പമ്പ കടന്നു..." ഗാനരംഗത്തിൽ ഉർവശിയുടെയും അനിയന്മാരുടെയും ഭാഗം പിറ്റേന്നാണ് ഷൂട്ട് ചെയ്തത്.
1979 ജൂലൈയിൽ സോമനും ജയനും ജയഭാരതിയുമെല്ലാം അഭിനയിച്ച "സായൂജ്യം" റിലീസാകുന്നു. പടം ഹിറ്റായി; പാട്ടുകളും. പക്ഷേ പാട്ടുരംഗത്ത് വന്നുപോയ എൽ പി സ്കൂൾ കുട്ടിയെ ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് സംശയം. മൂന്ന് മാസം കൂടിയേ കാത്തിരിക്കേണ്ടിവന്നുള്ളൂ ആദ്യമായി "അഭിനയിച്ച" പടം വെളിച്ചം കാണാൻ: കെ പി പിള്ള സംവിധാനം ചെയ്ത "കതിർമണ്ഡപ"ത്തിൽ ജയഭാരതിയുടെ കുട്ടിക്കാലമാണ് കൊച്ചു കവിത അവതരിപ്പിച്ചത്. "ജയഭാരതിച്ചേച്ചിയുടെ ഛായ ഉണ്ടായിരുന്നത്രെ അന്നെനിക്ക്." -- ഉർവശി ചിരിക്കുന്നു.
അതായിരുന്നു തുടക്കം. പിന്നീടുള്ളത് ചരിത്രമാണ്; മലയാളസിനിമയിലെ ഉർവശി യുഗത്തിന്റെ ചരിത്രം.
ക്യാമറയുമായുള്ള ആദ്യസമാഗമം സമ്മാനിച്ച വീഴ്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഉർവശി പിന്നീടെത്രയോ അവിസ്മരണീയ ഗാനരംഗങ്ങളിൽ പങ്കാളിയായി. "മുന്താണെ മുടിച്ചി"ലെ "കണ്ണ് തൊറക്കണം സ്വാമി"യിലായിരുന്നു തുടക്കം.
തുടർന്ന് നിമിഷം സുവർണ്ണ നിമിഷം (എന്റെ അമ്മു, നിന്റെ തുളസി, അവരുടെ ചക്കി), തങ്കത്തോണി (മഴവിൽക്കാവടി), മായപ്പൊന്മാനേ (തലയണമന്ത്രം), കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം), സ്വർഗങ്ങൾ സ്വപ്നം കാണും (മാളൂട്ടി), പത്തുവെളുപ്പിന് (വെങ്കലം), ശ്രീരാമനാമം (നാരായം), കൊഞ്ചി കൊഞ്ചി, കളിപ്പാട്ടമായ് (കളിപ്പാട്ടം), യാത്രയായി (ആയിരപ്പറ), അല്ലിമലർക്കാവിൽ, ഞാറ്റുവേലക്കിളിയെ (മിഥുനം), എന്തു പറഞ്ഞാലും (അച്ചുവിന്റെ അമ്മ).... ഉർവശിയുടെ സാന്നിധ്യം കൊണ്ടുകൂടി ഓർക്കപ്പെടുന്ന ഗാനരംഗങ്ങൾ.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications