40ാം വയസിൽ പ്രസവിക്കാൻ തീരുമാനിച്ചതിന് കാരണം ഇതായിരുന്നു; തുറന്ന് പറഞ്ഞ് നടി ഉർവശി
മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയവും വിവാഹവുമായിരുന്നു നടൻ മനോജ് കെ ജയന്റേയും ഉർവശിയുടേയും. 2000ത്തിലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടില്ല. 2008 ൽ ഇരുവരും വിവാഹമോചനം നേടി. വേർപിരിഞ്ഞതിന് പിന്നാലെ 2013 ലായിരുന്നു ഉർവശി വീണ്ടും വിവാഹതിയായത്. ചെന്നൈയിൽ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന ശിവപ്രസാദിനെയാണ് താരം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ 2014 ൽ താരത്തിന് ഒരു മകൻ പിറന്നു. 40 വയസ് പ്രായമുള്ളപ്പോഴായിരുന്നു ഉർവശി രണ്ടാമത് പ്രസവിച്ചത്. ഇപ്പോഴിതാ ആ പ്രായത്തിൽ ഒരു കുഞ്ഞ് വേണമെന്ന് തീരുമാനിക്കാനുള്ള കാരണം എന്തെന്ന് പറയുകയാണ് ഉർവശി. മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയിലായിരുന്നു നടി മനസ് തുറന്നത്.
'കല ചേച്ചിക്ക് ഒരു മകൻ, മിനി ചേച്ചിക്ക് ഒരു മകൾ, എനിക്കൊരു മകൾ, എന്റെ സഹോദരന് ഒരു മകൻ. അമ്മ അഞ്ചു പ്രസവിച്ചയാളാണ്. ശരിക്കും പറഞ്ഞാൽ ആറ്. ഒരു കുട്ടി എനിക്കു മുൻപേ ജനിച്ചത് മരിച്ചു പോയി. മക്കളേ, നാളെ നിങ്ങളില്ലാത്ത കാലത്ത് കൂട്ടായിട്ട് ഒരു കൂടപ്പിറപ്പ് കൂടി വേണമെന്ന് അമ്മ പറയും. ഇത് എപ്പോഴും എല്ലാവരോടും പറയുന്നത് നമ്മൾ കേൾക്കുകയാണ്, അതൊരു അടിസ്ഥാനപരമായ കാര്യം. പിന്നെ എന്റെ ഭർത്താവിന്റെ അമ്മയും അച്ഛനും നാട്ടിൻപുറത്തുകാരാണ്.കൃഷിയൊക്കെ ചെയ്ത് ജീവിക്കുന്നവരാണ്. ഇന്നല്ലെങ്കിൽ നാളെ എന്റെ മകന്റെ ഒരു കൊച്ചിനെ കാണാൻ ഒത്തില്ലല്ലോ എന്ന് അവർക്ക് തോന്നരുതല്ലോ. ആ ചിന്ത എന്റെ ഉള്ളിലുണ്ടായിരുന്നു.മോളുണ്ടല്ലോ അതു മതി എന്നുള്ള ചിന്തയിൽ കവിഞ്ഞ് ചില കാര്യങ്ങൾ തോന്നി. അവർ എന്നെ നിർബന്ധിച്ചിട്ടില്ല. എന്റെ ഭർത്താവ് പോലും, പക്ഷെ എന്റെ മനസിൽ തോന്നി, കുഞ്ഞ് വേണമെന്ന്.

ഞാൻ എന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് ഒട്ടും ആകുലതപ്പെടാറില്ല. എന്നെ ഇത്രയും കൊല്ലമായിട്ട് അറിയില്ലേ? എന്നെ ഇങ്ങനെ തന്നെ അംഗീകരിക്കാവുന്ന സിനിമകളിൽ അഭിനയിക്കാമെന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. അല്ലാതെ എന്നെ എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഞാൻ തടിച്ചിരിക്കുമ്പോഴും മെലിഞ്ഞിരിക്കുമ്പോഴുമൊന്നും സിനിമയിൽ അഭിനയിപ്പിക്കണമെന്ന് ഞാൻ ഒരുകാലത്തും ആവശ്യപ്പെട്ടിട്ടില്ല.
ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ അഭിനയിക്കാമെന്നാണ് പറഞ്ഞത്. പിന്നെ ഈ സൗന്ദര്യം എന്ന് പറഞ്ഞാൽ എന്താണ് ,. നമ്മുടെ മനസ്സ് അറിയുകയും മനസ്സറിഞ്ഞ് മനസിലാക്കുകയും ചെയ്ത മനുഷ്യരോടുള്ള ഇടപെടലാണ് എന്നെ സംബന്ധിച്ചിടത്തോളം സൗന്ദര്യം. ആളുകൾ അണിഞ്ഞൊരുങ്ങുന്നതൊക്കെ കാണാൻ വലിയ ഇഷ്ടമാണ്. പക്ഷെ ഇതൊക്കെ ചെയ്യുന്നത് എന്നെ സംബന്ധിച്ച് ക്ഷമകേടാണ്. ഞാൻ ഷീലാമ്മയോടൊക്കെ ചോദിക്കാറുണ്ട് എങ്ങനെ ഇങ്ങനെ ക്ഷമ വരുന്നുവെന്ന്. രാവിലെ ഉടുക്കുന്ന സാരിക്ക് അനുസരിച്ചുള്ള നെയിൽ പോളിഷ് ആയിരിക്കും. പിങ്ക് നിറമാണ് ഷീലാമ്മക്ക് ഇഷ്ടം. വൈകീട്ട് മെറൂൺ സാരിയാണെങ്കിൽ ഇതെല്ലാം തൂത്തുതുടച്ച് വീണ്ടും സാരിക്ക് കണക്കായ നെയിൽ പോളിഷ് ഇടും. അങ്ങനെയൊക്കെ ചെയ്യാനുള്ള ക്ഷമയുണ്ട് , കുട്ടികളുടെ മനസാണ് ഷീലാമ്മയ്ക്ക്. മലയാള സിനിമയിൽ ഒരുക്കി കൊണ്ടുവരാൻ കഴിയുന്ന സുന്ദരിയാണവർ.അങ്ങനെയൊന്നും ഒരുങ്ങാൻ ആർക്കും ഒക്കത്തില്ല', താരം പറഞ്ഞു.
.












Click it and Unblock the Notifications