അതിന് ഞാന്‍ സമ്മതിച്ചില്ല; വിവാഹ മോചനത്തെക്കുറിച്ച് വൈക്കം വിജയ ലക്ഷ്മി, എനിക്കും വാശിയായിരുന്നു
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഗായികമാരില്‍ ഒരാളാണ് വൈക്കം വിജയ ലക്ഷ്മി. തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ശക്തി അച്ഛനും അമ്മയുമാണെന്നാണ് അനുഗൃഹീത ഗായിക വ്യക്തമാക്കുന്നത്. കാഴ്ചപരിമിതിയുള്ള തനിക്ക് കാഴ്ച കിട്ടണം എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹമെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിജയ ലക്ഷ്മി പറയുന്നു.
അഭിമുഖത്തില്‍ താന്‍ വിവാഹ ബന്ധം വേർപെടുത്തിയതിനെക്കുറിച്ചും വിജയ ലക്ഷ്മി ചെറിയ തോതില്‍ പറയുന്നുണ്ട്. അദ്ദേഹം ഇപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണ്. അതുകൊണ്ട് തന്നെ നമ്മളായിട്ട് എന്തിനാണ്. അദ്ദേഹം ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നുള്ളത് നമ്മള്‍ നോക്കേണ്ടതില്ല. അത് വിട്ടു.

നമ്മുടെ ജീവിതത്തിലേക്ക് വന്ന ഒരു വ്യക്തി നമ്മളെ മനസ്സിലാക്കിയില്ലെന്ന ദുഃഖം വലിയ തോതിലുണ്ട്. നമ്മുടെ ബുദ്ധിമുട്ടികള്‍ മനസ്സിലാക്കാതെ പെരുമാറി. അച്ഛനും അമ്മയും പാടില്ല, അവരെയൊക്കെ അകറ്റാന്‍ നോക്കി. അച്ഛനെ അമ്മയേയും മാത്രമല്ല, മറ്റുള്ളവരൊന്നും വേണ്ടെന്നായിരുന്നു. അത് നമ്മള്‍ സമ്മതിച്ചില്ലെന്നും വിജയ ലക്ഷ്മി പറയുന്നു.
ആ ബന്ധത്തില്‍ നിന്നും പുറത്ത് വരാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നു. പണ്ട് മുതല്‍ അങ്ങനെ തന്നെയാണ്. ഒരു വാശിയുണ്ട്. എന്തൊക്കെ നിർബന്ധിച്ചാലും നമുക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യില്ല. ആ വാശി ഞാന്‍ അവിടേയും കാണിച്ചു. അത്ര തന്നെ. മാതാപിതാക്കളെ അകറ്റുന്നത് എന്റെ സംഗീതത്തേയും ബാധിക്കുമല്ലോ.
പുള്ളിക്ക് മിണ്ടിയാല്‍ ദേഷ്യമാണ്. പാട്ടുകേള്‍ക്കുമ്പോള്‍ കൈ കൊട്ടുന്നതിനും താളം പിടിക്കുന്നതിനുമൊക്കെ ദേഷ്യമായിരുന്നു. എല്ലാത്തിനും ദേഷ്യം. ആ ദേഷ്യവും കൊണ്ട് എവിടേലും പോയിരുന്നോ, എന്റെ അടുത്ത് വരേണ്ടതില്ലെന്ന് ഞാന്‍ പറയും. അങ്ങനെ നമ്മള്‍ എല്ലാ സഹിച്ച് കീഴടങ്ങേണ്ട ആവശ്യമില്ലെന്നും വിജയ ലക്ഷ്മി വ്യക്തമാക്കുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം എന്ന് പറയുന്നത് അച്ഛനും അമ്മയും നല്‍കുന്ന പ്രോല്‍സാഹനമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്തത് സ്വന്തം തീരുമാനമാണ്. ഇന്നത് ചെയ്യ് എന്നൊന്നും ആരും പറഞ്ഞിട്ടില്ല. നിന്റെ ജീവിതമാണ് നീ തീരുമാനിക്കൂ എന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. മറ്റുള്ളവർ പറഞ്ഞിട്ടാണ് ഞാന്‍ ഇങ്ങനെ തീരുമാനമെടുത്തിട്ടുള്ളതെന്ന് ചിലർ വിചാരിക്കുന്നുണ്ട്. എന്നാല്‍ അത് അങ്ങനെയല്ല.
സിനിമയില്‍ പാടിയതോടെ കൂടുതല്‍ ആരാധകരായി. എ ആർ എമ്മിലെ പാട്ടുകൂടെ ആയപ്പോള്‍ അത് സൂപ്പറായി. സംഗീത സംവിധായകന്മാരില്‍ ഒരുപാട് പേരുമായി വളരെ അടുത്ത ബന്ധമാണ്. എ ആർ എമ്മിലെ ഈ പാട്ട് ഇത്രത്തോളം ഹിറ്റ് ആകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
പാരഡി പാട്ടുകളും ഇഷ്ടമാണ്. കേശവന്‍ മാമന്റേയും നാദിഷക്കായുടേയുമൊക്കെ ഫാനാണ്. വിഡി രാജപ്പന്‍ സർ, പ്രദീപ് പള്ളുരുത്തി, സാജന്‍ പള്ളുരുത്തി എല്ലാവരുമൊക്കെ അങ്ങനെ തന്നെ. സാജന്‍ ചേട്ടന്റെ പ്രാസം ഒപ്പിച്ചുള്ള സംസാരം ഒരു രക്ഷയുമില്ലെന്ന് പറയുന്ന വൈക്കം വിജയലക്ഷ്മി അഭിമുഖത്തിനിടയില്‍ താന്‍ തന്നെ രചിച്ച ഒരു പാരഡി പാട്ട് പാടുകയും ചെയ്യുന്നു.












Click it and Unblock the Notifications