മുൻ ഭർത്താവ് ആർജെ അമന്റെ ഇപ്പോഴത്തെ പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞ് വീണ നായർ; ഞങ്ങൾക്കിടയിൽ സംഭവിച്ചത്..
കൊച്ചി: അടുത്തിടെയാണ് നടിയും ബിഗ് ബോസ് താരവുമായ വീണ നായർ വിവാഹമോചിതയായത്. ആർജെയായ സ്വാതി സുരേഷാണ് വീണയുടെ മുൻ ഭർത്താവ്. ബിഗ് ബോസ് മലയാളത്തിന് ശേഷമാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. ഇതോടെ ബിഗ് ബോസ് ആണോ ഇരുവരുടേയും വേർപിരിയലിന് കാരണമെന്ന നിലയിൽ ചർച്ചകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ തങ്ങൾക്കിടയിൽ സംഭവിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് വീണ. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. നടിയുടെ വാക്കുകളിലേക്ക്
' കോളിളക്കം സൃഷ്ടിച്ച പ്രണയ വിവാഹം കഴിച്ചവരായിരുന്നു എന്റെ മാതാപിതാക്കൾ. അവർ പറയുമായിരുന്നു ഞങ്ങൾ ഒരുമിച്ചേ മരിക്കുകയുള്ളൂവെന്നായിരുന്നു. അങ്ങനെ തന്നെയാണ് അവർ മരിച്ചതും. അമ്മ മരിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛനെ പോലൊരാൾ എന്റെ ഭർത്താവാകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്റെ ആദ്യ വിവാഹബന്ധം നല്ല ലൈഫായിരുന്നു. പിന്നീട് കുറച്ചുകുറച്ച് താഴപിഴകൾ വന്നപ്പോൾ അത് കൃത്യമായി കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല. എന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷെ ഇങ്ങനെയൊന്നും ആയിരിക്കില്ല സംഭവിക്കുക. സഹോദരൻ പറഞ്ഞത് നിന്റെ തീരുമാനമാണ് എന്നാണ്. മാതാപിതാക്കളായിരുന്നെങ്കിൽ ചിലപ്പോൾ അതായിരിക്കില്ല പറയുക.

കണ്ണന്റെ വീട്ടിൽ എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ഞങ്ങൾക്ക് ഒരുാപാട് നല്ല ഓർമ്മകൾ ഉണ്ട്. ഉള്ള മോശം ഓർമകൾ അത്ര നല്ലതല്ല അത്രയേ ഉള്ളൂ. ഇപ്പോൾ അദ്ദേഹത്തോട് ദേഷ്യമോ വെറുപ്പോ എനിക്ക് ഇല്ല. മാത്രമല്ല എന്റെ മോന്റെ അച്ഛൻ എന്ന നിലയ്ക്ക് എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടവുമാണ്. ഞങ്ങൾ പിരിഞ്ഞെന്ന് കരുതി പരസ്പരം കരിവേരി തേക്കാൻ സാധിക്കില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. ഞങ്ങളുടേതായിട്ടുള്ല വ്യക്തിപരമായ പ്രശ്നങ്ങളാണ് ഞങ്ങളെ ബാധിച്ചത്. എന്നാൽ ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മകനെ ബാധിച്ചിട്ടില്ല.
ശരിക്കും ഞാൻ ഇപ്പോൾ പഴയ ആളല്ല, എന്തിനേയും നേരിടാൻ പഠിച്ചു. പണ്ട് എനിക്ക് കുലസ്ത്രീ പരിവേഷമായിരുന്നു. കുലസ്ത്രീയായി ഇരിക്കുന്നതല്ല ലൈഫ്. അദ്ദേഹത്തിന് ചേർന്നാളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൂടെയുള്ളത്. അവർ നല്ല സ്ത്രീയാണ്, നമ്മൾ എന്തായാലും അന്വേഷിക്കുമല്ലോ, ചേരേണ്ടവർ തന്നെയാണ് ചേർന്നിരിക്കുന്നത്. വിഷമം ഉണ്ടോ ചോദിച്ചാൽ മനുഷ്യനല്ലേ പുള്ളേ.
ഇപ്പോഴും ഞങ്ങൾ രണ്ടും ഒരുമിച്ച് കേട്ടിരുന്ന പാട്ടുകൾ ആലോചിക്കുമ്പോൾ ഇപ്പോഴും പുള്ളിയെ ഓർമ വരും. അമ്പാടിയുടെ പഴയ വീഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ നോട്ടിഫിക്കേഷൻ വരും. ഞങ്ങൾ ഒരുമിച്ച് ഉള്ളതല്ലേ അതൊക്കെ, ഇത് അദ്ദേഹത്തിനും കാണാം. അദ്ദേഹത്തിലും ഇതൊക്കെ റിഫ്ലക്ട് ആകാം. മനുഷ്യരല്ലേ. പക്ഷെ വൈരാഗ്യമൊന്നും മനസിൽ വെക്കുന്ന ആളല്ല അദ്ദേഹം. ഞാനും അല്ല. മകന്റെ കസ്റ്റഡി എനിക്കാണെന്നേ ഉള്ളൂ. ഞങ്ങൾ രണ്ടാളും ചേർന്നാണ് മകനെ നോക്കുന്നത്.
ഈ സമയത്തായിരുന്നു ഒരുപക്ഷെ എന്റെ വിവാഹം നടക്കുന്നതെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഞങ്ങൾ നേരിടില്ല. അന്ന് എടുത്ത് ചാടി പലതും ചെയ്തു. മുന്നും പിന്നും ആലോചിക്കാതെ പലതും ചെയ്തു. ഇപ്പോൾ അങ്ങനെ അല്ല . നമ്മൾ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായ ധാരണയുണ്ട് ഇപ്പോൾ. 30 വയസാകുമ്പോഴേ പെൺകുട്ടികൾ വിവാഹം കഴിക്കാവുള്ളൂവെന്നാണ് പറയാനുള്ളത്. കാരണം ആ പ്രായമെങ്കിലും ആയാലേ പക്വത വരുകയുള്ളൂ. ചില കാര്യങ്ങളിൽ പക്വത വരാൻ സമയം എടുക്കും. എന്തായാലും ഇപ്പോൾ ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്', വീണ നായർ വ്യക്തമാക്കി.












Click it and Unblock the Notifications