ജയിലർ റെക്കോർഡ് തിരുത്തിയിട്ടും രജനി നാലാമത്: വിജയ് വല്ലാത്ത സംഭവം തന്നെ, ജനപ്രീതി കൂടുതല്‍ ആർക്ക്
ചെന്നൈ: മറ്റേത് ഭാഷകളിലേതിനേക്കാളും സിനിമ താരങ്ങളുടെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നാടാണ് തമിഴ്നാട്. അതുകൊണ്ട് തന്നെയാണ് എംജിആറും കരുണാനിധിയും ജയലളിതയും മുതല്‍ കമല്‍ഹാസനും വിജയകാന്തുമെല്ലാം രാഷ്ട്രീയത്തിലും തിളങ്ങിയത്. വിജയ് ഏത് സമയവും രാഷ്ട്രീയത്തില്‍ ഇങ്ങാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളും ശക്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വിജയ് ആരാധക സംഘം നിർത്തുന്ന സ്ഥാനാർത്ഥികള്‍ ഇതിനോടകം തന്നെ വിജയിച്ച് കയറിയിട്ടുമുണ്ട്.
എംജിആറും ജയലളിതയുമെല്ലാം വെള്ളിത്തിരയിലെ ജനപ്രീതി രാഷ്ട്രീയത്തിലും അതുപോലെ കൊണ്ടുപോയവരാണെങ്കില്‍ പിന്നീട് വന്നവർക്ക് അത്രത്തോളം വിജയം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം. അതായത് സിനിമയിലെ ജനപ്രീതി രാഷ്ട്രീയത്തില്‍ എല്ലാവർക്കും ലഭിക്കണമെന്നില്ല.

സിനിമയിലേത് പോലെ രാഷ്ട്രീയത്തിലേയും ജനപ്രീതി ഓരോ കാലയളവിലും ഏറിയും കുറഞ്ഞും വരും. സിനിമയിലാണെങ്കില്‍ ഒരു സിനിമ ഹിറ്റായാല്‍ നഷ്ടപ്പെട്ട ജനപ്രീതി ഒരു നിമിഷം കൊണ്ട് തിരിച്ച് പിടിക്കാന്‍ സാധിക്കും. അത്തരത്തില്‍ ഒരു താരമാണ് സണ്ണി ഡിയോള്‍. ഗദ്ദർ 2 എന്ന ചിത്രം ഹിറ്റായതോടെ വർഷങ്ങള്‍ക്ക് ശേഷം സണ്ണി ഡിയോളിന്റെ താരമൂല്യം വർധിച്ചു.
തമിഴ്നാട്ടിലേക്ക് വരികയാണെങ്കില്‍ തമിഴ് സിനിമയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡുകളും തിരുത്തിക്കുറിച്ചാണ് രജനീകാന്തിന്റെ ജയിലർ തിയേറ്ററിലെ പ്രദർശനം അവസാനിപ്പിച്ചത്. എന്നാല്‍ രജനീകാന്തിന്റെ ജനപ്രീതിയില്‍ ഇത് അത്ര കാര്യമായി ഗുണം ചെയ്തില്ലെന്നാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നത്.
അതായത് ജയിലറിലൂടെ അതിഗംഭീര തിരിച്ച് വരവ് നടത്തിയെങ്കിലും ജനശ്രദ്ധയില്‍ രജനീകാന്ത് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ദളപതി വിജയ് ആണ്. രണ്ടാം സ്ഥാനത്തും അജിത്തും മൂന്നാം സ്ഥാനത്ത് സൂര്യയുമാണ്. ഈ വർഷം ജനുവരിയിലെ ലിസ്റ്റ് പ്രകാരം കമൽ ഹാസൻ അഞ്ചാം സ്ഥാനത്തായിരുന്നെങ്കില്‍ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് ധനുഷ് എത്തിയതോടെ കമൽഹാസന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏഴാം സ്ഥാനത്തായിരുന്ന ശിവകാർത്തികേയൻ ഇത്തവണ ഒൻപതാം സ്ഥാനത്തായപ്പോള്‍ വിക്രം ഏഴാമത് എത്തി. ഒന്‍പതാം സ്ഥാനത്ത് നിന്നും വിജയ് സേതുപതി എട്ടാമത് എത്തിയപ്പോള്‍ കാർത്തിയാണ് പത്താം സ്ഥാനത്ത്. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് യുടെ ലിയോയാണ് തമിഴില്‍ റിലീസിന് ഒരുങ്ങുന്ന ഏറ്റവും വലിയ സിനിമ. ചിത്രം ഒക്ടോബർ 19 ന് തിയേറ്ററുകളിലെത്തും.












Click it and Unblock the Notifications