റിലീസിന് മുന്നെ കണ്ണൂർ സ്ക്വാഡിനെ വീഴ്ത്തി ലിയോ: ഒരാഴ്ചത്തെ കളക്ഷനിലും മേലെ പ്രീ-ബുക്കിങ്
വിജയ് - ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിലെത്തുന്ന ആക്ഷന്‍ ത്രില്ലർ ചിത്രം 'ലിയോ'യ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒക്ടോബർ 19 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ-ബുക്കിങ് നേരത്തെ തന്നെ ആരംഭിക്കുകയും ചെയ്തിരുന്നു. ബുക്കിങ് ആരംഭിച്ച ആദ്യ ദിനം തന്നെ ചിത്രം പ്രദർശനത്തിന് എത്തുന്ന തിയേറ്ററുകളിലെ എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നു.
തമിഴ്നാട്ടില്‍ മാത്രമല്ല, കേരളത്തിലും യു എ ഇയിലുമെല്ലാം ആദ്യ ദിനങ്ങളിലെ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി ചിത്രം ആദ്യ ആഴ്ചയിലെ ബുക്കിങ്ങിലൂടെ മാത്രം ഇതുവരെ 100 കോടിയിലേറെ നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ട്രാക്കര്‍ സാക്ക്‌നിക്കാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

ഞായാറാഴ്ട രാവിലെ ലിയോയുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ബുക്കിങ് സൈറ്റുകള്‍ ഹാങ് ആവുന്ന അവസ്ഥ പോലുമുണ്ടായി. ആദ്യ ദിനം മാത്രം ഓണ്‍ലൈനിലൂടെ ഏകദേശം വിറ്റത് മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. എണ്‍പതിനായിരം ടിക്കറ്റുകളാണ് ആദ്യ ഒരു മണിക്കൂറില്‍ വിറ്റുപോയത്.
ഞായർ മുതല്‍ വ്യാഴം വരെയുള്ള നാല് ദിനങ്ങളിലായി കേരളത്തില്‍ നിന്ന് പ്രീ ബുക്കിംഗില്‍ നിന്ന് മാത്രം ചിത്രം 13 കോടി നേടിയെന്നാണ് സിനിട്രാക്ക് റിപ്പോർട്ട് ചെയ്യുന്നത്. അതായത് സമീപകാലത്ത് കേരളത്തിലെ തിയേറ്ററുകളില്‍ ആളുകളെ നിറച്ച മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിന്‍റെ കേരളത്തിലെ ആദ്യ വാരാന്ത്യ കളക്ഷന് സമാനമായ തുകയാണിത്. കണ്ണൂർ സ്ക്വാഡിന് ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നും 13 കോടി ലഭിച്ചെന്നായിരുന്നു കളക്ഷന്‍ റിപ്പോർട്ട്.
ലിയോയ്ക്ക് തമിഴ്നാട് കഴിഞ്ഞാല്‍ ഏറ്റവും വലിയ വരവേല്‍പ്പ് ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രീ ബുക്കിങില്‍ കർണാടകയെ അടക്കം കേരളം പിന്നിലാക്കുകയും ചെയ്തിട്ടുണ്ട്. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം 11.5 കോടിയാണ് കര്‍ണാടകത്തില്‍ പ്രീ ബുക്കിങ്ങിലൂടെ ചിത്രം നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നായി ചിത്രം ഇതുവരെ 138 കോടി നേടിക്കഴിഞ്ഞെന്നും സിനിട്രാക്ക് പറയുന്നു.
അതേസമയം, ലിയോയ്ക്ക് പുലർച്ചെ നാല് മണിക്ക് പ്രത്യേക ഷോ വേണമെന്ന നിർമ്മാതക്കളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന് അനുമതി നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ രാവിലെ 9 മുതല്‍ മാത്രമേ തമിഴ്നാട്ടില്‍ ചിത്രം പ്രദർശനം ആരംഭിക്കുകയുള്ളു.
കേരളം ഉള്‍പ്പെടേയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ പുലർച്ചെ നാലുമണിമുതൽ ഷോ ഉണ്ടാകും. രാവിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഷോ ആരംഭിക്കുന്നതിനാല്‍ ആളുകൾ അയൽ സംസ്ഥാനങ്ങളിലേയ്ക്ക് പോകുമെന്നും തമിഴ്നാട്ടിലെ തിയേറ്ററുകളിൽ കളക്ഷൻ കുറയുമെന്നും നിർമാതാക്കൾ പറയുന്നു. റിലീസിന്റെ ആദ്യ ദിനം മുതല്‍ തുടർച്ചയായി ഒരാഴ്ചയെങ്കിലും എഴുമണി മുതലുള്ള ഷോ അനുവദിക്കണമെന്നും നിർമ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും കോടതി അംഗീകരിച്ചില്ല.












Click it and Unblock the Notifications