മമ്മൂട്ടിക്ക് നേടാനാകാത്തത് കേരളത്തില്‍ നേടി വിജയ്?: ഞെട്ടിച്ച് ലിയോയുടെ കളക്ഷന്‍ റിപ്പോർട്ടുകള്‍
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്ത് നിന്നത്. ഒടുവില്‍ ലിയോ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ വന്‍ വരവേല്‍പ്പും ചിത്രത്തിന് ലഭിച്ചു. എന്നാല്‍ ലോകേഷിന്റെ മുന്‍ ചിത്രങ്ങളുടേതിന് സമാനമായ അഭിപ്രായ ലിയോയ്ക്ക് നേടാന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം.
ലോകേഷിന്റെ മറ്റ് ചിത്രങ്ങളായ വിക്രം, കൈതി തുടങ്ങിയവയുടെ മികവ് പുലർത്തിയില്ലെങ്കിലും അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വലിയ പണം വാരി ചിത്രവുമായി ലിയോ മാറി. വിജയ് യുടെ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോർഡുകളും ലിയോ തിരുത്തി. അതേസമയം, തമിഴിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രജനീകാന്തിന്റെ ജയിലറിന്റെ റെക്കോർഡ് തിരുത്താന്‍ ലിയോയ്ക്ക് സാധിച്ചില്ല.

തമിഴ്നാട് കഴിഞ്ഞാല്‍ ലിയോയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടാന്‍ കഴിഞ്ഞത് കേരളത്തില്‍ നിന്നുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്നും ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനും വിജയ് ചിത്രത്തിന് ലഭിച്ചു. പല പ്രമുഖ മലയാള ചിത്രങ്ങള്‍ക്ക് കേരളത്തില്‍ നിന്നും ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ലിയോ നേടിയിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു.
ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടിയിലേറെ രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്നും പ്രമുഖ ട്രാക്കർമാരെ ഉദ്ധരിച്ചുള്ള കണക്കുകള്‍ പറയുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ കണ്ണൂർ സ്ക്വാഡിന് കേരളത്തില്‍ നിന്നും നേടാന്‍ സാധിച്ചത് ഏകേദശം ഇതിന് സമാനമായ തുകയാണ്.
തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ് ചിത്രമിപ്പോള്‍. തമിഴിനൊപ്പം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഒടിടിയിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ മൂന്നിലും ലിയോയുടെ സാന്നിധ്യമാണുള്ളത്. ഒന്നാം സ്ഥാനത്ത് ലിയോ ഹിന്ദി പതിപ്പും മൂന്നാം സ്ഥാനത്ത് ലിയോ തമിഴ് പതിപ്പും നാലാം സ്ഥാനത്ത് ലിയോ തെലുങ്ക് പതിപ്പുമാണുള്ളത്.
ബോളിവുഡ് കോമഡി ഡ്രാമ ചിത്രം സുഖീ ആണ് നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. ശില്‍പ ഷെട്ടി ടൈറ്റില്‍ കഥപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജിനെ നായകനാക്കി എ കെ സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുലിമടയാണ് ടെന്‍ഡ്രിങ് ലിസ്റ്റില്‍ ഇടം പിടിച്ച ഏക മലയാള ചിത്രം.












Click it and Unblock the Notifications